കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടു തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെരുമ്പാവൂരിനു സമീപം പാലക്കാട്ട് താഴം മില്ലുംപടിയിലാണ് സംഭവം നടന്നത്. മണിയും സുഹൃത്തുക്കളും തഞ്ചാവൂര്‍ സ്വദേശികളുമായ രാജയും, ഭരതും ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇന്നലെ രാത്രി മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കമുണ്ടായി.
ഇതേ തുടര്‍ന്ന് രാജയും ഭരതും ചേര്‍ന്ന് പണിയായുധമായ തൂമ്പയുടെ പിടി ഉപയോഗിച്ച് മണിയുടെ ദേഹത്തും തലക്കും പല തവണ അടിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ മണി സംഭവ സ്ഥലത്തുവച്ച് ത്ന്നെ മരിച്ചു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലിസ് സ്ഥലത്തെത്തി രാജയെയും ഭരതിനെയും കസ്റ്റഡിയിലെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചു. ഇവര്‍ തമ്മില്‍ മറ്റ് വൈരാഗ്യങ്ങള്‍ ഒന്നും ഇല്ലെന്നും മദ്യപിച്ചുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.