മാധ്യമ ധാർമ്മികത, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും, വാഗ്വാദങ്ങളും, ഹിത പരിശോധനകളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നീക്കവുമായെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉൾപ്പെടെ ഡിജിറ്റൽ ഉള്ളടക്കം ഉപയോഗിക്കുന്ന എല്ലാ പ്ലാറ്റ് ഫോമുകളുടെയും കടിഞ്ഞാണ്‍ ഇനി വാര്‍ത്താവിതരണ മന്ത്രാലയം അക കേന്ദ്ര ഭരണകൂടത്തിന്‍റെ കയ്യിലായിരിക്കും. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ഇതു ബാധകമായിരിക്കും എന്നതു കൂടിയാകുമ്പോള്‍ തൃപ്തിയായി. കോവിഡ് കാലം സൃഷ്ടിച്ചെടുത്ത ഓണ്‍ലൈന്‍ അധിഷ്ടിത ജീവിത രീതി രസം പിടിച്ച് വരുമ്പോഴാണ് സര്‍ക്കാര്‍ ഇടപെടലെന്നത് മറ്റൊരു വസ്തുത.
ക്യാബിനറ്റ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ട, വിജ്ഞാപനമനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും അനുസരിക്കേണ്ടി വരും. ഇതുവരെ വിലക്കുകളെ പേടിക്കാതെ മദിച്ചു നടന്ന പശുവിനെ തൊഴുത്തില്‍ കെട്ടി മെരുക്കാനുള്ള നടപടിയുടെ ആദ്യ പടിയെന്നു വേണമെങ്കില്‍ ഇതിനെ കാണാം. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ നല്‍കുന്ന വാർത്ത, സമകാലിക വിവരങ്ങൾ, സിനിമ, ഓഡിയോ- വിഷ്വല്‍ പ്രോഗ്രാമുകള്‍ അങ്ങനെ എന്തുമാകട്ടെ ഇനി കേന്ദ്ര നിയമങ്ങൾക്കു വിധേയമായി മാത്രമെ പ്രചരിക്കുകയുള്ളൂ.
ഓൺലൈൻ വിഡിയോ സ്ട്രീമിങ് പോർട്ടലുകളായ നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, ജിയോ സിനിമ എന്നിങ്ങനെ ഇന്ത്യന്‍ മണ്ണില്‍ വേരുപിടിച്ചു തുടങ്ങിയ ഒടിടി സ്ട്രീമിങ് പ്ലാറ്റ് ഫോമുകള്‍ ഇനി ടിവി ചാനലുകളെന്ന പോലെ സെന്‍സര്‍ഷിപ്പിന് വിധേയമാവുകയും ചെയ്യും. സെൻസർ ബോർഡിന്റെ ചട്ടങ്ങൾക്കു പുറത്തായിരുന്നതിനാൽ സെൻസർഷിപ്പ് നിബന്ധനകൾക്ക് അടിമപ്പെടാതെ വിഹരിക്കുകയായിരുന്നു ഒടിടി പ്ലാറ്റ് ഫോമുകൾ ഇതുവരെ. 15ൽ പരം വിഡിയോ സ്ട്രീമിങ് പ്ലാറ്റ് ഫോമുകൾ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ) യുടെ കീഴിൽ ‘കോഡ് ഓഫ് സെൽഫ് റെഗുലേഷൻ’ നടപ്പിൽ വരുത്താൻ ഒപ്പിട്ടിരുന്നു. എന്നാല്‍, സ്വയം തയാറാക്കിയ നിയന്ത്രണങ്ങൾ ഉപയോഗിക്കാനുള്ള ഈ നിലപാട് പിന്തുണയ്ക്കുന്നതില്‍ വാർത്താ വിതരണ മന്ത്രാലയം നേരത്തെ തന്നെ വൈമുഖ്യം കാട്ടിയിരുന്നു.
വെബ്സീരീസുകളുടെയും സിനിമകളുടെയും ഉൾപ്പെടെ സെൻസർഷിപ്പ് എപ്രകാരമായിരിക്കുമെന്നതു സംബന്ധിച്ച് കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. തിയറ്റർ സിനിമകളിൽ നിന്നു വ്യത്യസ്തമായി വൻതോതിലാണ് ഇപ്പോൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ സിനിമകളും വെബ് സീരീസുകളും റിലീസ് ചെയ്യുന്നത്. ഇവയിൽ എങ്ങനെ നിയന്ത്രണം കൊണ്ടുവരുമെന്നത് ബഹുഭൂരിപക്ഷം വരുന്ന ആസ്വാദകര്‍ ഉറ്റുനോക്കുകയാണ്.
ഒടിടി പ്ലാറ്റ് ഫോമുകളെയും ഓൺലൈൻ പോർട്ടലുകളെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യൻ എന്നിവരടങ്ങിയ ബഞ്ച് കേന്ദ്രത്തിനും വാർത്താ വിതരണ മന്ത്രാലയത്തിനും ഐഎഎംഎഐക്കും നോട്ടിസുകളയക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പുത്തന്‍ പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്.
കേന്ദ്രസർക്കാരിന്റെ 1961ലെ (അലൊക്കേഷൻ ഓഫ് ബിസിനസ്) റൂൾസ് ഭേദഗതി ചെയ്താണു പുതിയ വിജ്ഞാപനം. ഇതുപ്രകാരം ഇന്ത്യയിലെ വാർത്ത, സിനിമ, മറ്റ് ഓഡിയോ– വിഷ്വൽ പ്രോഗ്രാമുകൾ, ചിത്രങ്ങൾ തുടങ്ങിയ ഡിജിറ്റൽ ഉള്ളടക്കം കേന്ദ്രത്തിനു പരിശോധിക്കാം. ആവശ്യമെങ്കിൽ സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്യാം. നിലവിൽ ഡിജിറ്റൽ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനായി നിയമമോ സ്വയം ഭരണ സ്ഥാപനമോ രാജ്യത്തില്ല. പത്ര മാധ്യമങ്ങളെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ)യും വാർത്ത ചാനലുകളെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും (എന്‍ബിഎ) പരസ്യങ്ങള്‍ അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്സിഐ)യും ചലച്ചിത്രങ്ങള്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു(സിബിഎഫ്സി)മാണ് നിയന്ത്രിക്കുന്നത്.
ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്‍ററി സമിതി നേരത്തെ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. മാധ്യമങ്ങളുടെ ധാർമികതയും, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളും ഇന്ത്യൻ പാർലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച ചെയ്യുന്നത്. ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ- സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘർഷത്തിന് വഴി വെക്കുന്ന പരാമർശങ്ങൾ തുടങ്ങി 21 വിഷയങ്ങളാണ് നിയമനിർമാണത്തിനായി ശശി തരൂര്‍ അദ്ധ്യക്ഷനായ സമിതി പരിഗണിച്ചത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങ്
രാജ്യത്തെ ഓരോ മാധ്യമ പ്രസ്ഥാനവും ഒരു വ്യവസായ സാമ്രാജ്യം തന്നെ പടുത്തുയർത്തിയിരിക്കുകയാണ്. ആദർശ ധീരതയോടെ, സംയമനത്തോടെ പ്രവർത്തിക്കുന്ന എത്ര മാധ്യമ പ്രവർത്തകരുണ്ടെന്നത് വലിയ ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്നു. നിലനിൽപിന്റെ പ്രശ്നമാണ് ഇവിടെ മുഴച്ചു നില്‍ക്കുന്നത്. തമസ്കരിക്കപ്പെടുന്ന വാര്‍ത്തകള്‍ ഏറെ. അപ്രഖ്യാപിത അജണ്ടകള്‍ പ്രകാരം വാര്‍ത്തകളെ വില്‍പ്പനോപാദി മാത്രമാക്കുമ്പോള്‍, നിയന്ത്രണങ്ങള്‍ക്കതീതമായ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളാണ് സമൂഹത്തില്‍ വ്യക്തമായ നിലപാടുകളുമായി നിലകൊള്ളുന്നത്. യാതൊരുവിധ ബാഹ്യ ഇടപെടലുകളും ഇവിടെ സംജാതമാകുന്നില്ലെന്നതാണ് അതിനു കാരണം. നവമാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ച് യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച ഇത്തരം മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും നിഷ്കരുണം ആക്രമിക്കപ്പെട്ടതും ഇതിന്‍റെ തെളിവാണ്.
ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ കാരവാന്‍റെ ജോര്‍ണലിസ്റ്റുകളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതും വനിതാ മാധ്യമ പ്രവര്‍ത്തകയെ അടക്കം അപമാനിച്ചതും നാം കണ്ടതാണ്. 50 ഓളം പേര്‍ ചേര്‍ന്നാണ് ഫോട്ടോ എഡിറ്ററായ ഷാഹിദ് താന്ത്രെയും ഫ്രീലാൻസ് കോൺട്രിബ്യൂട്ടറായ പ്രഭിത് സിംഗും വനിത റിപ്പോര്‍ട്ടറും ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ അക്രമത്തിനിരയാക്കിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഗോണ്ട ജില്ലയിലെ ഒരു മുസ്ലീം പള്ളിയില്‍ ഹിന്ദുത്വ ദേശീയവാദികള്‍ കാവിക്കൊടി സ്ഥാപിച്ചതായിരുന്നു അവര്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം. പ്രദേശത്തെ ബിജെപി നേതൃത്വം നേരിട്ട് പങ്കെടുത്ത ആക്രമണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് വൃത്തങ്ങള്‍ വിമുഖത കാട്ടിയിരുന്നു. ഡല്‍ഹി കലാപം സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ പൊതു സമൂഹത്തിലെത്തിച്ച പല മാധ്യമ പ്രവര്‍ത്തകരും പിന്നീട് ആക്രമിക്കപ്പെട്ടു.
സ്ക്രോള്‍ ന്യൂസിന്‍റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ സുപ്രിയ ശര്‍മ്മയ്ക്കെതിരെ കഴിഞ്ഞ ജൂണ്‍ 13ന് ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. വെബ്സൈറ്റില്‍ ജൂണ്‍ എട്ടിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ സ്വന്തം വരാണസിയില്‍ ലോക്ക് ഡൗണ്‍ വേളയില്‍ ജനം അനുഭവിച്ച ദുരന്തകഥയായിരുന്നു സുപ്രിയയുടെ റിപ്പോര്‍ട്ട്. താന്‍ പറഞ്ഞ കാര്യങ്ങളല്ല സുപ്രിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മാല എന്ന പ്രദേശവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിനാധാരമായ ശബ്ദരേഖകള്‍ സഹിതം സുപ്രിയ സമര്‍പ്പിച്ചതിനാല്‍ പ്രസ്തുത വാര്‍ത്ത പിന്‍വലിക്കാനാവില്ലെന്നാണ് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചത്. എഡിറ്റേഴ്സ് ഗിൽഡ്, പത്രപ്രവർത്തകരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് അടക്കം സ്ക്രോള്‍ ന്യൂസിനും സുപ്രിയയ്ക്കും ഒപ്പം അന്ന് നിലകൊണ്ടിരുന്നു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വാര്‍ത്ത നല്‍കിയെന്നു ചൂണ്ടിക്കാട്ടി യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ നിയമ നടപടികള്‍ നേരിട്ടതാണ് മറ്റൊരു ഉദാഹരണം. ‘മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെയുള്ള ദിവസങ്ങളില്‍ രാമനവമി ഉത്സവം നടത്തുന്നതിനെപ്പറ്റിയുള്ള ആലോചനയിലായിരുന്നു യോഗി ആദിത്യനാഥ്. അന്നാണ് തബ്ലീഗി ജമാഅത്ത് സമ്മേളനം നടന്നതും. കൊറോണ വൈറസില്‍ നിന്ന് ശ്രീരാമൻ രക്ഷിച്ചു കൊള്ളും എന്നാണ് അദ്ദേഹം പറയുന്നത്,’- ഇതായിരുന്നു സിദ്ധാര്‍ത്ഥ് വരദരാജന്‍റെ വിവാദ ട്വീറ്റ്.
എന്നാല്‍ ഇക്കാര്യം പറഞ്ഞത് യോഗി ആദിത്യനാഥല്ലെന്നും അയോധ്യ ട്രസ്റ്റ് തലവനായ ആചാര്യ പരമഹംസാണെന്നും ചൂണ്ടിക്കാട്ടി വരദരാജന്‍ തന്നെ രംഗത്തെത്തിയതുമാണ്. തന്‍റെ ട്വീറ്റ് അടിസ്ഥാനമാക്കി വെബ്സൈറ്റ് നല്‍കിയ വാര്‍ത്തയില്‍ അത് വ്യക്തമാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞതാണ്. പക്ഷെ, യോഗി ആദിത്യനാഥ് പറയാത്ത കാര്യം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ കേസെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സിദ്ധാര്‍ത്ഥ് വരദരാജൻ അന്ന് പ്രതികരിക്കുകയും ചെയ്തു.
ഇന്‍റര്‍നെറ്റ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ബദല്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ മുഖം നോക്കാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന രീതിയോട്, വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയെന്നത് മുഖ്യ അജണ്ടയായി കൊണ്ടു നടക്കുന്ന ഭരണകൂടത്തിന് എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികം. അങ്ങനെയാണ് അവ നിയന്ത്രിക്കപ്പെടണമെന്ന ഉത്തരവുകള്‍ പിറക്കുന്നത്. നിയന്ത്രണങ്ങളുടെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് കേന്ദ്രം വിശദീകരിക്കാനിരിക്കുന്നതേ ഉള്ളൂ. എന്നാല്‍ പരിധികളൊന്നുമില്ലാതെ മാധ്യമ സ്വാതന്ത്ര്യം വിനിയോഗിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇനി വായടക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ച.
അതേസമയം, ഓണ്‍ലൈന്‍ മാധ്യമ സംരംഭം ആരംഭിക്കുന്നതിന് ഇന്‍ര്‍നെറ്റും കമ്പ്യൂട്ടറും മാത്രമെ ആവശ്യമായുള്ളൂ എന്നതിനാലും ചെറിയ മുതല്‍ മുടക്കില്‍ നിലപാടുകള്‍ (അവ ശരിയായാലും തെറ്റായാലും) പ്രചരിപ്പിക്കാന്‍ സാധിക്കുമെന്നതിനാലും രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ട്. വിശാല സാധ്യതകള്‍ തുറന്നിടുന്ന ഇന്‍റര്‍നെറ്റിലൂടെ ഇത്തരം പോര്‍ട്ടലുകള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വസ്തുനിഷ്ടമല്ലാത്ത സാഹചര്യങ്ങളും സംജാതമാകും. പോര്‍ട്ടലുകളുടെ രജിസ്ട്രേഷനും മറ്റ് നിയമപരമായ നടപടികളും കൃത്യമായി പിന്തുടരുകയാണ് ഇതിന് പരിഹാരം. പകരം, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ കൈകടത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നിലപാട് തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് കൊട്ടിഘോഷിച്ചാലും ആത്യന്തികമായ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഭരണകൂട താല്‍പ്പര്യങ്ങളിലധിഷ്ടിതമായ മാധ്യമവേഴ്ച തന്നെ.
സെന്‍സര്‍ ചെയ്യപ്പെടുന്ന സര്‍ഗാത്മകത
തികച്ചും അസാധാരണമായ ജീവിതമഹൂര്‍ത്തങ്ങളായിരുന്നു 2020 ലോകത്ത് അങ്ങോളമിങ്ങോളമുള്ള മനുഷ്യര്‍ക്ക് നല്‍കിയത്. രോഗം, ആശങ്ക, ലോക്ക് ഡൗണ്‍, സാമൂഹിക അകലം തുടങ്ങി തീര്‍ത്തും അസ്വീകാര്യമായ സംഭവവികാസങ്ങള്‍. എന്നാല്‍ 2020ന്‍റെ അവസാന നാളുകളിലെത്തുമ്പോഴേക്കും പുതിയ ജീവിത സാഹചര്യങ്ങളോട് നാം മനുഷ്യര്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. കോവിഡ് കാലത്ത് വിരസതയ്ക്ക് വിലങ്ങിടാന്‍ ഭൂരിഭാഗം പേരും ആശ്രയിച്ചത് ഒടിടി പ്ലാറ്റ് ഫോമുകളെയായിരുന്നു. മാർക്കറ്റ് റിസർച്ച് ആൻഡ് അനാലിസിസ് സ്ഥാപനമായ വെലോസിറ്റി എംആർ നടത്തിയ സർവ്വെ പ്രകാരം 73 ശതമാനം ആളുകളും ലോക്ക് ഡൗണ്‍ സമയത്ത് വെബ് സീരിസുകളും മറ്റും ആസ്വദിക്കാനായി ഒരു പ്ലാറ്റ് ഫോം സബ്സ്ക്രിപ്ഷനെങ്കിലും നേടിയെന്നാണ് തെളിയുന്നത്.
സെന്‍സര്‍ഷിപ്പ് പരിധികള്‍ക്ക് അപ്പുറം ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും സര്‍ഗ്ഗാത്മകതയുടെയും വിവിധമാനങ്ങളില്‍ സ്വൈര്യ വിഹാരം നടത്തിയ ഒടിടി എന്ന അനുഭവം ഇനി നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്നു എന്ന കാര്യം വിശാലമായ ഉള്ളടക്കങ്ങളെ ബാധിക്കുമെന്നത് തീര്‍ച്ചയാണ്. സെന്‍സര്‍ഷിപ്പ് നടപടികള്‍ കടയ്ക്കല്‍ കത്തി വച്ച നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും വിഹരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
സാധാരണഗതിയില്‍ മുറിച്ചുമാറ്റുകയോ മുന്നറിയിപ്പുകള്‍ നല്‍കി പ്രദര്‍ശിപ്പിക്കുകയോ ചെയ്യേണ്ട ദൃശ്യങ്ങള്‍ ഒരുവിധത്തിലുള്ള സെന്‍സറിങ്ങിനും വിധേയമാക്കാതെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്ര വിജ്ഞാപനത്തിന് കാരണഭൂതനായ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പരാമര്‍ശിച്ചത്. നിരീക്ഷണ സംവിധാനങ്ങളൊന്നും ഇല്ലാത്തതുമൂലം ഉള്ളടക്കങ്ങളില്‍ മോശപ്പെട്ട ഭാഷയാണ് ഉപയോഗിക്കപ്പെടുന്നത്. ക്രൂരവും അപരിഷ്‌കൃതവുമായ ദൃശ്യങ്ങളും സംഭാഷണങ്ങളും ഇവയിലുണ്ട് തുടങ്ങി ഭരണഘടനാ അനുച്ഛേദം-19 നല്‍കുന്ന അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം ചൂഷണം ചെയ്യപ്പെടുന്നതായും പരമാര്‍ശമുണ്ടായിരുന്നു. എന്നാല്‍ ഒടിടി പ്ലാറ്റ് ഫോമുകളില്‍ സ്ട്രീം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും?
അടുത്തിടെ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത ‘ബാഡ് ബോയ് ബില്യണേഴ്സ്’ എന്ന ഡോക്യുമെന്ററി സീരീസിനെതിരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോടതികളിൽ ഹർജി നൽകപ്പെട്ടിരുന്നു. വലിയ തുകകളുടെ വായ്പ എടുത്ത് രാജ്യം വിടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്ത ശതകോടീശ്വരന്മാരെപ്പറ്റിയുള്ള ഡോക്യുമെൻ്ററിയായിരുന്നു ഇത്. എന്നാല്‍, വിജയ് മല്യ, നീരവ് മോദി, സുബ്രത റോയ് തുടങ്ങിയവർ വിവിധ കോടതികളിൽ ഇതിനെതിരെ ഹർജി നൽകി. ഇതേ തുടർന്ന് ഡോക്യുമെൻ്ററി സ്ട്രീമിങ് നീട്ടിവച്ചിരുന്നു. പിന്നീട് ഒരു എപ്പിസോഡ് ഒഴികെ ബാക്കിയെല്ലാ എപ്പിസോഡുകളും റീലീസ് ചെയ്യാൻ അനുമതി ലഭിച്ചു. സെന്‍ഷര്‍ഷിപ്പ് നടപടികള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ അനാവശ്യമായി കൈകടത്തിയാല്‍ ഇതുപോലെ അസ്വീകാര്യമായ മാറ്റങ്ങള്‍ക്ക് കലാസൃഷ്ടികള്‍ വിധേയപ്പെടേണ്ടിവരും.
അക്ഷയ് കുമാർ ചിത്രം ‘ലക്ഷ്മി ബോംബ്’ സംബന്ധിച്ച വിവാദമാണ് മറ്റൊന്ന്. സിനിമയുടെ പേരിലുള്ള ലക്ഷ്മിയായിരുന്നു കാരണം. ലക്ഷ്മിക്ക് പിന്നാലെ ബോംബ് എന്ന് ചേര്‍ത്തതായിരുന്നു വിവാദമായത്. ഇത് ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് കാട്ടി ഹിന്ദു ജനജാഗ്രതി സമിതിയായിരുന്നു രംഗത്ത് വന്നത്. ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഒടുക്കം ദീപാവലി റിലീസ് ആയി ഒടിടി പ്ലാറ്റ് ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തിയത് പേര് ‘ലക്ഷ്മി’ എന്ന് മാറ്റിക്കൊണ്ടായിരുന്നു. ചിത്രത്തിലെ നായികാ നായകന്മാരുടെ പേരുകള്‍ ഉയര്‍ത്തി ചിത്രം ‘ലവ് ജിഹാദി’നെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപണമുണ്ടായി. ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന മറ്റൊരു ആരോപണവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.
വിദേശരാജ്യങ്ങളില്‍ സിനിമകളുടെ ഉള്ളടക്കത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഇന്ത്യയില്‍ പലചിത്രങ്ങളും നിരോധിക്കുന്ന സ്ഥിതിവിശേഷമാണ് സെന്‍സര്‍ഷിപ്പ് വഴി ഉണ്ടായതെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇത്തരത്തില്‍ സെന്‍സര്‍ഷിപ്പ് സ്വതന്ത്ര ചിന്തയ്ക്ക് പൂര്‍ണ്ണ തടസ്സമാകുന്നു. കലാസൃഷ്ടികളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ പല ഭരണകൂടങ്ങളും അവ പ്രൊപ്പഗണ്ട ഉപകരണമായി ഉപയോഗിച്ചിട്ടുമുണ്ട്. നാസികളും സോവിയേറ്റ് റഷ്യയും നിരോധിച്ച എണ്ണമില്ലാത്ത സിനിമകളും കലാസൃഷ്ടികളും ചരിത്രമാണ്. ഈ പട്ടികയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ പുതിയ വിജ്ഞാപനത്തിന് സാധിക്കൂ.
വരും ദിവസങ്ങളില്‍ പ്രസ്തുത വിജ്ഞാപനം സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരും. വിപുലമായ വാദങ്ങളും പ്രതിവാദങ്ങളും അത് കഴിഞ്ഞ് പ്രതീക്ഷിക്കാം. പക്ഷെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും ഉള്ളടക്കങ്ങളും നിയന്ത്രിച്ച് ഒരു ശുദ്ധികലശത്തിന് മുതിരുമ്പോള്‍ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടുന്ന സര്‍ഗസൃഷ്ടികളെയും സത്യാവസ്ഥകളെയും നാം മുഖവിലയ്‌ക്കെടുക്കാതെ പോകരുത്. രാഷ്ട്രീയ അജണ്ടകളില്‍ ചാലിച്ച് തല്‍പ്പര ബുദ്ധികള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ ക്ഷതമേല്‍ക്കുന്നത് ജനാധിപത്യത്തിനാണെന്ന് ഓര്‍ക്കണം. (ജനാധിപത്യം എന്നേ മരിച്ചു എന്ന വസ്തുത വിശ്വസിക്കാന്‍ പ്രയാസമാണ്. ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനാണ് ഈ പ്രസ്താവന).