ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒന്നാം ലോക മഹായുദ്ധ അനുസ്മരണ ചടങ്ങില്‍ സ്ഫോടനം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.
ബുധനാഴ്ച രാവിലെ ജിദ്ദയിലെ ശ്മശാനത്തില്‍ ഫ്രഞ്ച് പൗരന്മാരടക്കമുള്ള ഇതര മതസ്ഥര്‍ക്ക് വേണ്ടി നടന്ന ചടങ്ങിനിടെയാണ് സംഭവം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഫ്രഞ്ച്, അമേരിക്കന്‍, ബ്രിട്ടീഷ്, ഇറ്റാലിയന്‍, ഗ്രീക്ക് സപ്രതിനിധികള് ചടങ്ങില്‍ പങ്കെടുത്തിരുന്നു. അപകടസ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയ സൗദി ഉദ്യോഗസ്ഥരെ ഫ്രാന്‍സ് അഭിനന്ദിച്ചു. ജാഗ്രത പാലിക്കണമെന്ന് ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്ക്ക് നിര്‍ദേശം നല്കി.
ആക്രമണം നടന്ന സ്മശാനം സൗദി സുരക്ഷാസേന അടച്ചിട്ടുണ്ട്. ശ്മശാനത്തിന് ചുറ്റുമുള്ള സ്ഥലം ഇപ്പോള്‍ സുരക്ഷാവലയത്തിലാണ്.
ആക്രമണത്തെ ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം അപലപിച്ചു.