നവമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാംപെയിനുകളുടെ വിശാലമായ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു മീടൂ (#Mee Too) വൈറലായത്. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച തുറന്നുപറച്ചിലുകളുമായി ഒന്നിനു പിറകെ ഒന്നായി ഹോളിവുഡ് സുന്ദരിമാര്‍ അണിനിരന്നപ്പോള്‍ അതിന്റെ അലയൊലികള്‍ ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ ചെന്ന് പതിച്ച് ഇതുവരെ ഇല്ലാത്ത തരംഗമായി പ്രതിഫലിച്ചു. സിനിമ താരങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങി ഇംഗ്ലീഷ് സംസാരിക്കാനും സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാനുമറിയുന്ന സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. നീതിക്ക് വേണ്ടി മുറവിളി കൂട്ടി. സ്വന്തം തൊഴിലിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി.
എന്നാല്‍ ഇന്ത്യയില്‍ ആകെ സ്ത്രീകളില്‍ 95 ശതമാനം പേരും സമൂഹത്തിന്റെ താഴേക്കിടയില്‍ തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്നവരാണ്. അവര്‍ മീടൂവിന്റെ ഭാഗമല്ല. മീടൂ എന്ന ക്യാംപെയ്ന് പോലും അവര്‍ അറിഞ്ഞു കാണില്ല. അല്ലെങ്കില്‍ തങ്ങള്‍ക്ക് കൂടിയുള്ള ഇടമാണതെന്ന് അവര്‍ക്ക് തോന്നിക്കാണില്ല. ഇതിനര്‍ത്ഥം അവരുടെ തൊഴിലിടങ്ങള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും പരിഗണനയും സുരക്ഷയും നല്കുന്നുവെന്നാണോ… ? അങ്ങനെ ധരിച്ചുവെങ്കില്‍ തെറ്റി. മീടൂ തുറന്നുകാട്ടിയ പരമാര്‍ത്ഥങ്ങളെ കവച്ചുവയ്ക്കുന്ന ചൂഷണങ്ങളുടെയും അതിക്രമങ്ങളുടെയും കഥകളാണ് അവര്‍ക്ക് വെളിപ്പെടുത്താനുള്ളത്. എന്നാല്‍ പറയാന്‍ അവരും ചെവികൊടുക്കാന്‍ സമൂഹവും വുമുഖത കാട്ടുന്നു എന്നതാണ് വാസ്തവം.
ലൈംഗിക പീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ തള്ളുന്ന ഇന്ത്യയില്‍, അനൗദ്യോഗിക മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ വന്‍ തോതില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചൂഷണങ്ങൾക്കെതിരെ പരാതിപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭയം, ദുരനുഭവങ്ങള്‍ മറച്ചുപിടിച്ച് ജോലിയില്‍ തുടരാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. തമിഴ്നാട്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിൽ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് നടത്തിയ പഠനവും നിഗമനങ്ങളുമാണ് ഈ കുറിപ്പിന് ആധാരം.
ഞങ്ങള്‍ക്കെന്ത് മീടൂ…?
മീടൂ പ്രസ്ഥാനത്തിന്റെ ഭാഗമായ, സമൂഹത്തിന്റെ മുഖ്യധാരയിലുള്ള സ്ത്രീകള്‍ പോലും തങ്ങളുടെ തുറന്നു പറച്ചിലുകള്‍ക്ക് ശേഷം ഭീഷണി, പ്രതികാരം, മാനനഷ്ട കേസടക്കമുള്ള നിയമ നടപടികള്‍ എന്നിവ അഭിമുഖീകരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള, സാമ്പത്തിക ഭദ്രതയോ, പിടിപാടുകളോ, എന്തിന്, നിയമ സംരക്ഷണം പോലും ഉറപ്പില്ലാത്ത ഒരു വിഭാഗം സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കും. അവര്‍ മിണ്ടാതിരിക്കുന്നത് കൊണ്ട് സിനിമയിലും ബിസിനസിലും മാധ്യമ സ്ഥാപനങ്ങളിലും മാത്രമാണ് സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതെന്ന് പറയാന്‍ ഒരിക്കലും സാധിക്കില്ല.
ഇന്ത്യയില്‍ 95 ശതമാനം സ്ത്രീകള്‍, അതായത് 195 ദശലക്ഷം പേര് അനൗദ്യോഗിക തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. കച്ചവടം, വീട്ടുജോലി, കൃഷി, കെട്ടിട നിർമ്മാണം, നെയ്ത്ത് പോലുള്ള ജോലികൾ ഇതിൽ ഉൾപ്പെടുന്നു. മുതലാളിമാർ, സഹപ്രവർത്തകർ, എന്നിവരില്‍ നിന്ന് വ്യാപകമായ ചൂഷണത്തിന് ഇവര്‍ വിധേയരാകുന്നുണ്ടെങ്കിലും ദാരിദ്ര്യവും, മുന്നോട്ടുള്ള ജീവിതവും, സമൂഹത്തെക്കുറിച്ചുള്ള പൊതുബോധങ്ങളും ഇവരെ നിശബ്ദരാക്കുകയാണ്. ഞങ്ങള്‍ക്കൊക്കെ എന്ത് മീ ടൂ? എന്ന മറുചോദ്യത്തില്‍ അവസാനിപ്പിക്കുകയാണ് അവര്‍ എല്ലാം.
ഇതിനു പുറമെ, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കാൻ ദശലക്ഷക്കണക്കിന് സ്ത്രീകളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയോഗിച്ചിട്ടുണ്ട്. കുറഞ്ഞ വേതനം പറ്റുന്ന ഇവരെ സന്നദ്ധപ്രവര്‍ത്തകരായാണ് പൊതുവെ കണക്കാക്കുന്നത്. 2.6 മില്യണ്‍ സ്ത്രീകളാണ് ശിശുക്ഷേമ പദ്ധതികളുടെ ഭാഗമായി അംഗനവാടികളിലും മറ്റും പ്രവര്‍ത്തിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനു കീഴിൽ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരായി പ്രവർത്തിക്കുന്ന ഒരു മില്യണിലധികം അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകളും (ആശ വര്‍ക്കര്‍മാര്‍) ഇന്ത്യയിലുണ്ട്. കൂടാതെ സർക്കാർ സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം തയ്യാറാക്കുന്ന 2.5 മില്യണ്‍ സ്ത്രീകള്‍ വേറെയും. വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന ഇവരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സര്‍ക്കാരുകള്‍ പൂര്‍ണ്ണ പരാജയമാണെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ സേവനങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും എത്തിക്കുക എന്നതിലുപരി തൊഴിലിടങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടാല്‍ ആരെ സമീപിക്കണം, എങ്ങനെ സമീപിക്കണം, തുടങ്ങിയ കാര്യങ്ങളില്‍ അവബോധമോ പരിശീലനമോ ഇവര്‍ക്ക് നല്‍കുന്നില്ല. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമ സാധുതകള്‍ പോലും അവര്‍ക്ക് വിദൂരമാണ്.
“ഫാക്ടറി തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, നിർമാണത്തൊഴിലാളികള്‍ തുടങ്ങി നിരവധി പേര് ജോലിസ്ഥലങ്ങളില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ഇത്തരം ലൈംഗികാതിക്രമങ്ങളെ ചെറുക്കാന്‍ ഇന്ത്യയില്‍ കൃത്യമായ നിയമ സംഹിതകളുമുണ്ട്. എന്നാല്‍ ഈ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന നടപടികൾ സ്വീകരിക്കുന്നതിൽ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്,” ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ സൗത്ത് ഏഷ്യ ഡയറക്ടർ മീനാക്ഷി ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ നാഷണൽ ബാർ അസോസിയേഷൻ 2017ല്‍ നടത്തിയ സര്‍വ്വെയില്‍ വിവിധ തൊഴിൽ മേഖലകളിൽ ലൈംഗിക പീഡനം വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ലൈംഗികച്ചുവയുള്ള കമന്റുകള്‍ മുതല്‍ ലൈംഗിക താൽപ്പര്യങ്ങൾക്കായുള്ള അതിക്രമങ്ങള്‍ വരെ ഉള്‍പ്പെടുന്നു. എന്നാല്‍ നിയമ സാധ്യതകളെപ്പറ്റിയുള്ള അറിവില്ലായ്മ, നിയമ സംവിധാനത്തിലുള്ള വിശ്വാസക്കുറവ് എന്നിവയും സ്ത്രീകളെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നതില്‍ നിന്ന് പിന്നോട്ടു വലിക്കുന്ന ഘടകങ്ങളാണ്. സ്ത്രീകളുടെ ഈ ദൗര്‍ബല്യം ഒരു ലൈസന്‍സായി കണക്കിലെടുത്ത് ഇത്തരം സംഭവങ്ങള്‍ തൊഴിലിടങ്ങളില്‍ സാധാരണമാവുകയും ചെയ്യുന്നു. നിലവിലുള്ള നിയമ സാധുതകളെ സംബന്ധിച്ച അവബോധം നല്‍കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ രാജ്യത്ത് ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് നേരെയുള്ള നിയമപാലകരുടെ സമീപനമെന്തെന്ന് ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇത് ആശങ്കകള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു.
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാനിയമം
തൊഴിലിടങ്ങളില്‍ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു കൊണ്ടും കേന്ദ്രസർക്കാർ പാസാക്കിയ നിയമമാണ് ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം 2013 (Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act). ഇന്ത്യന്‍ ഭരണഘടനയുടെ 14,15,16 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമായും 1989ല്‍ യുഎന്‍ പാസാക്കിയ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചന ഉന്മൂലന ഉടമ്പടി 1993 ജൂണ്‍ 25ന് ഇന്ത്യ സ്ഥിരീകരിച്ച പ്രകാരവും 1997ലെ ‘വിശാഖ Vs സ്റ്റേറ്റ് ഓഫ് രാജസ്ഥാന്’ കേസിലെ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരവുമാണ് പ്രസ്തുത നിയമം നിലവില്‍ വന്നത്. 2013 ഏപ്രില്‍ 22ന് രാഷ്ട്രപതി ഒപ്പുവച്ച നിയമം 2013 ഡിസംബര്‍ ഒമ്പതിനാണ് പ്രാബല്യത്തില്‍ വരുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്വകാര്യ മേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, കളിസ്ഥലങ്ങള്‍, സംഘടനകള്‍, സംരംഭങ്ങള്‍, മറ്റ് ജോലിസ്ഥലങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ജോലി ചെയ്യുന്നതും ജോലിക്കായി എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ശാരീരികമായി ആക്രമിക്കുക, ലൈംഗികബന്ധത്തിന് നിർബന്ധിക്കുക, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക, പോണോഗ്രഫി പ്രദര്‍ശിപ്പിക്കുക, മറ്റ് സ്വാഗതാര്‍ഹമല്ലാത്ത ശരീര ഭാഷയോ, സംഭാഷണങ്ങളോ, ചിഹ്നങ്ങളോ പുറപ്പെടുവിപ്പിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ലൈംഗിക പീഢനം എന്ന കൃത്യത്തില്‍ ഉള്‍പ്പെടുമെന്ന് ഈ നിയമം അനുശാനിക്കുന്നു. ഇത് കൂടാതെ ജോലി കഴിഞ്ഞ് വീട്ടിലായിരിക്കുമ്പോള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയോ അശ്ലീലസന്ദേശങ്ങള്‍ അയക്കുകയോ ചെയ്യുന്നതും പരിഗണിക്കുന്നതാണ്.
തൊഴിലിടങ്ങളിൽ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് തൊഴിൽദാതാവിന്റെ ബാധ്യതയാണ്. സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും പ്രസിദ്ധീകരിക്കുക, എല്ലാവരിലേക്കും എത്തിക്കുക, പരാതികളിൽ സമയബന്ധിതമായി നടപടിയെടുക്കുക തുടങ്ങിയവ തൊഴിലുടമയുടെ ഭാഗത്ത് നിന്നുണ്ടാകണം. കൂടാതെ, 10 പേരിലധികമുള്ള ഏതൊരു സ്ഥാപനത്തിലും അതിന്റെ അനുബന്ധ ശാഖയിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസി) രൂപവത്കരിച്ചിരിക്കണം. സ്ഥാപനത്തിനകത്തുള്ള പരാതി പരിഹാര സെല്ലിന്റെ തലപ്പത്ത് വനിതയായിരിക്കണം. സെല്ലിന്റെ അംഗങ്ങളിൽ പകുതിപേര് വനിതകളായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മൂന്നാമതൊരു എന്‍ജിഒയുടേയോ ലൈംഗിക അതിക്രമ പ്രശ്നങ്ങളെക്കുറിച്ച് അറിവുള്ള മറ്റേതെങ്കിലും സംഘടനകളുടേയോ പങ്കാളിത്തം കമ്മിറ്റി ഉറപ്പാക്കണം. ഇന്റേര്‍ണല്‍ പരാതി പരിഹാര സെല്ലിന്റെ എല്ലാ നടപടികളും എഴുതി രേഖപ്പെടുത്തുന്ന രീതിയിലായിരിക്കണം. പരാതിയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടാല്‍ സാക്ഷികളുണ്ടെങ്കില്‍ അവരേയും ഹാജരാക്കേണ്ടതാണ്. ‘തൊഴിലിടത്തില്‍’ ഉണ്ടായിട്ടുള്ള പീഡനങ്ങള്‍ക്ക് പരിഹാരം കാണുക മാത്രമാണ് ഈ കമ്മിറ്റിയുടെ ബാധ്യത.
അതേസമയം, പത്തിൽ താഴെ ജീവനക്കാരുള്ള നേരത്തെ സൂചിപ്പിച്ച 95 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ ജോലിചെയ്യുന്ന അനൗദ്യോഗിക തൊഴില്‍ മേഖലയില്‍ നിന്ന് തൊഴിലുടമയ്ക്കെതിരെ പരാതിയുണ്ടാവുകയാണെങ്കില് അവ പരിഹരിക്കാന്‍ സംസ്ഥാന സർക്കാരിനു കീഴിലുള്ള ജില്ലാ ഉദ്യോഗസ്ഥനോ കളക്ടറോ ഒരു പ്രാദേശിക കമ്മിറ്റി (ലോക്കല്‍ കമ്മിറ്റി) രൂപീകരിക്കേണ്ടതുണ്ട് . ഇത് ഓരോ ജില്ലയിലും ആവശ്യമെങ്കിൽ ബ്ലോക്ക് തലത്തിലും അനിവാര്യമാണ്. നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കുക, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, ജോലിസ്ഥലത്ത് ഫയൽ ചെയ്യുകയും പരിഹരിക്കുകയും ചെയ്യുന്ന ലൈംഗിക പീഡന കേസുകളുടെ കണക്കുകള്‍ സൂക്ഷിക്കുക തുടങ്ങിയ നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
എന്നാല്‍, 2013ല്‍ പ്രസ്തുത നിയമം നടപ്പില്‍ വന്നിട്ട് ഏഴു വർഷം പിന്നിട്ടിട്ടും അനൗദ്യോഗിക തൊഴില്‍ മേഖലയിലെ ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനായുള്ള ലോക്കല്‍ കമ്മിറ്റികളുടെ പ്രവർത്തനത്തെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ സര്‍ക്കാര്‍ രേഖകളൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ പഠനത്തില്‍ തെളിഞ്ഞത്. വിവരാവകാശ അഭ്യർത്ഥനകളെ മാനിച്ച് 2018ല്‍ മാർത്ത ഫാരെൽ ഫൗണ്ടേഷനും സൊസൈറ്റി ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി റിസേര്‍ച്ചും ചേര്‍ന്ന് രാജ്യത്തെ 655 ജില്ലകളെ ആധാരമാക്കി നടത്തിയ പഠനത്തില്‍ 29 ശതമാനം ജില്ലകള്‍ ലോക്കല്‍ കമ്മിറ്റികള്‍ സ്ഥാപിക്കുകയും നിയമപരമായ വ്യവസ്ഥകൾക്കനുസൃതമായി അവ ഏകോപിപ്പിക്കുകയും ചെയ്തപ്പോള്‍ 15 ശതമാനം ഇക്കാര്യത്തില്‍ പൂര്‍ണ്ണ പരാജയമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, 56 ശതമാനം ജില്ലകളിലെ അധികാരികള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.
2020 മെയ് മാസത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടത്തിയ സര്‍വ്വെയില്‍ പതിനൊന്ന് ജില്ലകളില്‍ എട്ടിടങ്ങളില്‍ മാത്രമാണ് ലോക്കല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കമ്മിറ്റികള്‍ക്ക് ആകെ അഞ്ച് പരാതികള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് മുംബൈ സിറ്റി, ജില്ലാ ലോക്കൽ കമ്മിറ്റി ചെയർപേഴ്സണ്‍ അനഘ സർപോട്ദാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ അനിവാര്യമാണെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
അത്യാവശ്യ നിയമ നടപടികള്‍
ഇന്ത്യയില്‍ ലൈംഗിക പീഡനം ചെറുക്കുന്ന നിയമ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട ചില അടിയന്തര നടപടികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, മനുഷ്യാവകാശ പ്രവർത്തകർ, ട്രേഡ് യൂണിയനുകൾ, സ്ത്രീകൾക്കുള്ള ദേശീയ- സംസ്ഥാന കമ്മീഷനുകൾ എന്നിവയുമായി സഹകരിച്ച് ജോലിസ്ഥലങ്ങളിലെ ലൈംഗിക ചൂഷണത്തെ അഭിസംബോധന ചെയ്യുന്ന നിയമങ്ങളെയും നയങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നതാണ് ഇതില്‍ പ്രധാനം.
ജോലിസ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന 2013 ലെ നിയമം ഫലപ്രദമായി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. ഇതോടൊപ്പം ഇന്റേണല്‍- ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെയും, നിരീക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഹ്യൂമന്‍ റൈറ്റ്സ് വാച്ച് മുന്നോട്ടുവയ്ക്കുന്നു. ഇരകൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ, പരാതി സംവിധാനങ്ങൾ, നഷ്ടപരിഹാരം എന്നിവയും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇന്റേര്‍ണല്‍- ലോക്കല്‍ കമ്മിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികളുടെയും പരിഹാരങ്ങളുടെയും വ്യക്തമായ അവലോകനം വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുകയും വേണം. ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പ്രതി രാജ്യാന്തര ഓഡിറ്റുകള്‍ നടത്തി പ്രസിദ്ധീകരിക്കേണ്ടതും അനിവാര്യമാണ്. എത്ര ലോക്കല്‍ കമ്മിറ്റികൾ രൂപീകരിച്ചു, അവയുടെ ഘടന, ലഭിച്ച പരാതികളുടെ സ്വഭാവം, പുറപ്പെടുവിച്ച ഉത്തരവുകൾ, അവ പുറപ്പെടുവിക്കാൻ എടുത്ത സമയം, ഏതുതരം പരിശീലനവും അവബോധവും വളർത്തുന്ന പരിപാടികൾ- ക്യാംപെയ്നുകള്‍- വർക്ക് ഷോപ്പുകൾ തുടങ്ങിയവ
നടന്നുവെന്നതും പരിശോധിക്കപ്പെടണം.
2019 ജൂണില്‍ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) തൊഴിൽ മേഖലകളില്‍ അക്രമവും ഉപദ്രവവും തടയുന്നതിനുള്ള പുതിയ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ഒരു സുപ്രധാന ഉടമ്പടി അംഗീകരിച്ചിരുന്നു. ഇന്ത്യയിലെ തൊഴിലാളി ഗ്രൂപ്പുകളുടെ പ്രതിനിധികളും തൊഴിലുടമകളുടെ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളുമടക്കം കൺവെൻഷന് അനുകൂലമായി വോട്ട് ചെയ്തുവെങ്കിലും രാജ്യം ഇതുവരെ ഈ കരാർ അംഗീകരിച്ചിട്ടില്ല. ഈ ഉടമ്പടി എത്രയും പെട്ടെന്ന് അംഗീകരിച്ച് നടപ്പിലാക്കേണ്ടതും പ്രധാനമാണ്. ഗാർഹിക ജോലികളുള്‍പ്പെടെ അക്രമത്തിനും ഉപദ്രവത്തിനും സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഉടമ്പടി മുന്നോട്ടുവയ്ക്കുന്നത്.
അടുക്കളവിട്ട് അരങ്ങിലെത്തിയെങ്കിലും ഒടുങ്ങാത്ത പ്രതിസന്ധികള്‍ക്ക് മുന്നില്‍ ഇന്നും പകച്ച് നില്‍ക്കുകയാണ് സ്ത്രീകള്‍. ദൃഢമായ ആൺകോയ്മയെ നേരിട്ട് ഓരോ ദിനവും പോരാട്ടമാക്കിയാണ് ദശലക്ഷക്കണക്കിന് സ്ത്രീ ജനങ്ങള്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നത്. അതേസമയം, തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീ പങ്കാളിത്തം സുപ്രധാനമായ ഒരു സാമൂഹ്യ വിഷയമാണ്. സാമ്പത്തിക സ്വാശ്രയത്വം മാത്രമല്ല അവരുടെ സാമൂഹ്യവൽക്കരണം കൂടിയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അപ്പോള്‍, എഴുതി വച്ചിരിക്കുന്ന നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പാക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയെങ്കിലും അധികാരികൾ കാട്ടണം.