മുംബൈ: മധ്യപ്രദേശിലെ ദെവാസില്‍ മുസ്ലിം വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വപ്രവര്‍ത്തകരുടെ ഭീഷണി. ദീപാവലിക്ക് ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കങ്ങള്‍ വില്ക്കുന്നതിനെതിരായാണ് ഭീഷണി.
ഹിന്ദുമതവികാരം വൃണപ്പെട്ടതായി ആരോപിച്ചാണ് ഹിന്ദുത്വപ്രവര്‍ത്തകര്‍ മുസ്ലിം വ്യാപാരികളെ ആക്രമിച്ചത്. കാവി ഷാള്‍ കഴുത്തില്‍ ചുറ്റിയ ഒരുകൂട്ടം ഹിന്ദുത്വപ്രവര്‍ത്തകര്‍ കടയിലേക്ക് ഇടിച്ചുകയറി കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
‘ ഈ കടയില്‍ നിന്നും ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ വിറ്റാല്‍, നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ‘ ഒരു മുസ്ലിം കടയുടമയോട് സംഘം പറയുന്നത് വീഡിയോയില്‍ കാണാം.
സംഘത്തിന്റെ ഭീഷണിയില്‍ ഭയപ്പെട്ട കടയുടമ അങ്ങനെയൊന്നും ചെയ്യില്ലെന്ന് കൈകൂപ്പി അപേക്ഷിക്കുന്നുമുണ്ട്. ഇതിനിടെ സംഘം പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഫ്രഞ്ച് പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട വിവാദവും പരാമര്‍ശിക്കുന്നുണ്ട്. ‘ നിങ്ങള്‍ രാജ്യത്തിനെതിരാണെങ്കില്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ് ‘ എന്നും സംഘം ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ കടയുടമ അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ക്ഷമയോടെ മറുപടി പറയുന്നു.