ഇടുക്കി: ഭക്ഷണം നല്കാന് താമസിച്ചതിന്റെ പേരില്‍ പൊലീസ് കാന്റീൻ ഉദ്യോഗസ്ഥര്‍ക്ക് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. ഇടുക്കി നെടുങ്കണ്ടത്ത് വച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കാന്റീന് ജീവനക്കാര്‍ക്കും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നെടുങ്കണ്ടം തൂക്കുപാലം വെട്ടത്ത് തോമസ്, പ്രകാശ് ഗ്രാം സ്വദേശികളായ പാറയില്‍ ആന്റണി, കന്നയില്‍ ബിജു എന്നിവര്‍ അറസ്റ്റിലായി. മദ്യത്തിന്റെ ലഹരിയിലായിരുന്നു അക്രമമെന്നാണ് റിപ്പോര്‍ട്ട്.
നെടുങ്കണ്ടം പൊലീസ് കാന്റീനില്‍ ഇന്നലെ ഉച്ചയോടെയാണ് സമീപത്തെ തടിമില്ലില്‍ ജോലി ചെയ്യുകയായിരുന്ന ആറുപേര്‍ ഭക്ഷണം കഴിയ്ക്കാന്‍ എത്തിയത്. ജീവനക്കാര്‍ കുറവായതിനാല്‍ വിളമ്പുന്നതും താമസിച്ചു. അരമണിക്കൂറോളം ഇരുന്നിട്ടും ഭക്ഷണം ലഭിയ്ക്കാതെ വന്നതോടെ പ്രകോപിതരായ മൂന്നുപേര്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.
കാന്റീനില്‍ ഭക്ഷണം കഴിക്കുവാന്‍ എത്തിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പ്രദീപ്കുമാറിനും മര്‍ദ്ദനമേറ്റു. ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ധിച്ചതിനും കാന്റീനില്‍ കയറി അക്രമണം അഴിച്ചുവിട്ടതിനും പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും