വാളയാര്‍: തമിഴ്നാട്ടില്‍നിന്നും ഓട്ടോറിക്ഷയില്‍ കടത്തിയ അറുപത്തിമൂന്നു കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വാളയാര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് വാളയാര്‍ അതിര്‍ത്തിയില്‍നിന്നും ഇവര്‍ പിടിയിലായത്.
തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഇ റോഡ് സ്വദേശി കേശവൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്.
മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പാക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്. തമിഴ്നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്. തൃശ്ശുർ, എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലെ വിവിധയിടങ്ങളിലേക്ക് വിൽപ്പനയ്ക്കുളളവയാണിതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വാളയാര്‍ അതിര്‍ത്തിയില്‍ ഇടപാടുകാര്‍ക്കു കൈമാറാന്‍ നില്ക്കുന്ന സമയത്തു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓട്ടോറിക്ഷയും കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിനു ചില്ലറവിപണിയില് 63 ലക്ഷം രൂപ വിലവരും.