“ലോകം മുഴുവന്‍ വേദനകളാണെങ്കിലും, അതിനെ അതിജീവിക്കാനുള്ള ശക്തിയും ലോകംതന്നെ തരും”- ഇത് ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മൂര്‍ത്തീഭാവമായ ഹെലന്‍ കെല്ലറുടെ വാക്കുകള്‍. കാഴ്ചയും കേള്‍വിയും നിഷേധിക്കപ്പെട്ട ഹെലന്‍ കെല്ലര്‍ തന്‍റെ വൈകല്യങ്ങളെപ്പോലും അമ്പരപ്പിച്ച് കൊണ്ട് വേദന നിറഞ്ഞ ബാല്യത്തെയും കൗമാരത്തെയും ധീരതയോടെ അതിജീവിച്ചു. ലോകത്തെ ഹൃദയം കൊണ്ട് കാണാന്‍ പഠിപ്പിച്ചു. കണ്ണും കാതും ഉള്ളവരെക്കാള്‍ സാര്‍ത്ഥകമായ ജീവിതം കൊണ്ട് ചരിത്രമായി. ജീവിതയാത്രയില്‍ അപ്രതീക്ഷിതമായി എത്തുന്ന പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ട് മുന്നേറുന്ന ഹെലന്‍ കെല്ലര്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്. പ്രചോദനമായി ഉയിര്‍ത്തെഴുന്നേറ്റ് തനിക്ക് പിറകെ വരുന്നവര്‍ക്കും പ്രചോദനമാകുന്ന വ്യക്തിത്വങ്ങള്‍. പ്രതിസന്ധികള്‍ സഹജമായ ജീവിതം പോലും ഇവര്‍ക്ക് നേരെ നോക്കി മനസ്സറിഞ്ഞ് സല്യൂട്ട് ചെയ്യും.
ശരീരം തളര്‍ന്നെങ്കിലും തന്‍റെ ജീവിതത്തിന് കവിതകളിലൂടെ പുതിയ മാനം നല്‍കിയ ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയും തിരുവനന്തപുരം, അമ്പലമുക്ക് നിവാസിയുമായ സോണി സോമരാജന്‍ ഇങ്ങനെയൊരു സല്യൂട്ടിന് അര്‍ഹനാണ്. ഭാവനയുടെ ലോകത്ത് വ്യാപൃതനായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ സധൈര്യം നേരിടുന്ന സോണി, തന്‍റെ ആത്മകഥാംശമാണ് ‘ഫസ്റ്റ് കോണ്‍ടാക്ട്’ (First Contact) എന്ന കവിതാസമാഹാരത്തിലൂടെ ആവിഷ്കരിക്കുന്നത്. ഗദ്യരൂപത്തില്‍ ആത്മകഥകള്‍ നിരവധിയുണ്ടെങ്കിലും ജീവിത മഹൂര്‍ത്തങ്ങളെ കവിതയുടെ ചട്ടക്കൂടില്‍ മെനഞ്ഞെടുത്ത് ആസ്വാദക ശ്രദ്ധ നേടാന്‍ ആരും ഇതുവരെ ധൈര്യപ്പെട്ടുകാണില്ല. ഇവിടെയാണ് സോണി നിറഞ്ഞ ഹര്‍ഷാരവത്തിന് പാത്രമാകുന്നത്.
ജീവിത ഗന്ധിയായ കവിത
‘ലിംബ്-ഗേര്‍ഡില്‍ മസ്കുലാര്‍ ഡിസ്ട്രോഫി’ (LGMD) എന്ന ന്യൂറോ മസ്കുലാര്‍ ഡിസോഡറിന്‍റെ ഭാഗമായി ശരീരം തളര്‍ന്ന 47 കാരനായ സോണി സോമരാജന് കവിതയെന്നാല്‍ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കുന്ന യാത്രയാണ്. ചിലപ്പോള്‍ അത് ഭാവിയിലേക്കുള്ള എത്തിനോട്ടവുമാകുന്നു. അപ്രതീക്ഷിതമായി ജീവിതം വഴിമാറിയപ്പോള്‍ സോണി നേരിട്ട യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹത്തിന്‍റെ ‘ഫസ്റ്റ് കോണ്‍ടാക്ട്’ എന്ന ആദ്യ കവിതാസമാഹാരത്തില്‍ പ്രതിധ്വനിക്കുന്നത്.
ഒരു സൈനിക കുടുംബത്തില്‍ ജനിച്ച് നാടിന് കാവലാളാകാനുള്ള ആഗ്രഹവുമായി കഴക്കൂട്ടം സൈനിക സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വരെ പൂര്‍ത്തിയാക്കിയ സോണി പതിനേഴാം വയസ്സിലായിരുന്നു തന്നെ ബാധിച്ച അസുഖത്തെക്കുറിച്ചറിയുന്നത്. എല്ലുകള്‍ക്കുണ്ടായ ബലക്ഷയം കാലക്രമേണ സോണിയെ തളര്‍ത്തുകയും വീല്‍ചെയറിലാക്കുകയും ചെയ്തു. കാലങ്ങളോളമുള്ള പ്രയത്നത്തിന്‍റെ ഭാഗമായി പ്രതിസന്ധികള്‍ മനസ്സുറപ്പോടെ തുഴഞ്ഞു കയറിയ സന്തോഷത്തില്‍ സോണി അന്വേഷണം.കോമിനോട് മനസ്സു തുറന്നു.
“വൈകല്യത്തിന് മുമ്പും പിമ്പുമായി രണ്ടു ജീവിത സാഹചര്യങ്ങളെ ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്. വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും അതിപ്രസരത്തില്‍ ജീവിതത്തിലെ നല്ല ഓര്‍മ്മകള്‍ വിസ്മരിക്കപ്പെടുമോ എന്ന് പേടിയായിരുന്നു. ആ ഓര്‍മ്മകള്‍ എന്നെ വിട്ടു പോകുന്നത് പോലെ തോന്നിയപ്പോള്‍ അവ തിരിച്ചു പിടിക്കണമെന്ന നിശ്ചയ ദാര്‍ഢ്യമാണ് കവിതയായി ഭവിക്കുന്നത്. ഓര്‍മ്മകള്‍ കാലാനുസൃതമായി ചേര്‍ത്തു വച്ചപ്പോള്‍ അതിന് ഒരു ആത്മകഥയുടെ സ്വഭാവവും കൈവന്നു. അല്ലാത്ത പക്ഷം ഒരു ആത്മ കഥ എഴുതാം എന്ന ചിന്തയോടെ തുടങ്ങിയതല്ല,” സോണി സോമരാജന്‍ പറയുന്നു.
നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ‘ഫസ്റ്റ് കോണ്‍ടാക്ട്’ ല്‍ കവി തന്‍റെ ജീവിതത്തിന്‍റെ നാല് പ്രധാനപ്പെട്ട ഘട്ടങ്ങളെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് കോണ്‍ടാക്ട് (First Contact), ലിംഗ്വ ഫ്രാങ്ക (Lingua Franca), അറൈവല്‍ (Arrival), ഡിഗ്രീസ് ഓഫ് സെപറേഷന്‍ (Degrees of Separation) എന്നിവയാണവ. കവി കടന്നു പോയ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തിലാണ് ഇവയുടെ രചന. ആകെ 64 കവിതകളാണ് പ്രസ്തുത സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞായി പിറന്നു വീണതു മുതല്‍ തീര്‍ത്തും അപരിചിതമായ പുറം ലോകവുമായി സമ്പര്‍ക്കത്തില്‍ വന്ന കാര്യങ്ങളാണ് ‘ഫസ്റ്റ് കോണ്‍ടാക്ട്’ എന്ന ഘട്ടത്തില്‍ കവി ആവിഷ്കരിച്ചിരിക്കുന്നത്. മാതൃഭാഷയും ഭാഷയോടുള്ള ബന്ധവുമാണ് ‘ലിംഗ്വ ഫ്രാങ്ക’ എന്ന ഭാഗത്തെ പരാമര്‍ശം. ‘ആ’ എന്ന അക്ഷരത്തെ ആനയോടുപമിച്ച് മനസ്സിലാക്കിയതു പോലുള്ള ത്രസിപ്പിക്കുന്ന അനുഭവങ്ങളാണ് ഇവിടെ പറയുന്നത്. എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാലഘട്ടമാണ് ‘അറൈവല്‍’ എന്ന ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ജീവിതാനുഭവങ്ങള്‍ ആര്‍ജിച്ച് കഴിഞ്ഞതിന് ശേഷമുള്ള കാലം ‘ഡിഗ്രീസ് ഓഫ് സെപറേഷന്‍’ എന്ന ഘട്ടത്തില്‍ പറയുന്നു. ജീവിതത്തില്‍ നിന്ന് നാം ഉള്‍ക്കൊള്ളുന്ന പാഠങ്ങള്‍, നിരാശകള്‍, പ്രതിസന്ധികള്‍ എന്നിങ്ങനെ പലതും ഈ ഘട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
2016-2017 കാലയളവിലാണ് സോണി തന്‍റെ ഓര്‍മ്മകള്‍ കവിതകളായി ആവിഷ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. വര്‍ഷങ്ങള്‍ സഹിതം, അടുക്കും ചിട്ടയോടും കൂടിയാണ് കവിതകള്‍ കോര്‍ത്തിണക്കിയതെന്നത് ‘ഫസ്റ്റ് കോണ്‍ടാക്ട്’ എന്ന കവിതാസമാഹാരത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഓരോ കവിതയെയും സമീപിച്ചിരിക്കുന്ന രീതിയും വ്യത്യസ്തമാണ്. ഓര്‍മ്മകള്‍ എല്ലാം ഒരു പോലെയല്ല. അവ ചിലപ്പോള്‍ മധുരിക്കും ചിലപ്പോള്‍ കയ്ക്കും. ‘ഫസ്റ്റ് കോണ്‍ടാക്ടി’ലെ ഒരു കവിതയില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ ഇതേ അനുഭവങ്ങള്‍ വായനക്കാരനും കിട്ടുന്നു. സ്വന്തം ജീവിതസാഹചര്യങ്ങളുമായി അവ ബന്ധിപ്പിക്കാനും അതുവഴി വരികള്‍ ആഴത്തില്‍ ഗ്രഹിക്കാനും സാധിക്കുന്നു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റെഡ് റിവര്‍’ എന്ന പബ്ലിഷിങ് ഹൗസാണ് സോണി സോമരാജന്‍റെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 സെപ്തംബര്‍ 17ാം തീയതിയായിരുന്നു പുസ്തകം പുറത്തിറങ്ങിയത്. ആമസോണില്‍ ലഭ്യമായ പുസ്തകത്തിന്‍റെ 400 കോപ്പികളോളം ഇതിനോടകം തന്നെ വിറ്റഴിച്ചു കഴിഞ്ഞു. ആവശ്യക്കാരെ കണക്കിലെടുത്ത് വീണ്ടും കോപ്പികള്‍ അച്ചടിക്കാനുള്ള ശ്രമങ്ങളാണ് റെഡ് റിവറിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
കവിതയും സോണിയും
പട്ടാളത്തില്‍ ചേരുക എന്ന മോഹവുമായി സൈനിക സ്കൂള്‍ വിദ്യാഭ്യാസം നേടിയ ഒരു വ്യക്തി ജീവിതത്തിന്‍റെ നിര്‍ണ്ണായകമായ ഘട്ടത്തില്‍ തന്‍റെ അസുഖത്തെക്കുറിച്ച് തിരിച്ചറിയുന്നു. ഇവിടം മുതല്‍ കണക്കു കൂട്ടി വച്ച കാര്യങ്ങളൊക്കെ വഴിമാറിപ്പോവുകയാണ്. ശരീരം തളര്‍ന്ന ഒരു വ്യക്തിക്ക് പിന്നീടൊരിക്കലും പട്ടാളത്തില്‍ സേവനമനുഷ്ടിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് അയാളെ എത്രത്തോളം ബാധിച്ചിരിക്കും? “അപ്രതീക്ഷിതമായ ഈ മാറ്റത്തോട് പൊരുതാന്‍ മാനസികമായി തയ്യാറെടുത്തേ പറ്റൂ. പക്ഷേ, സ്വപ്നങ്ങള്‍ നടക്കില്ലെന്ന് കാണുമ്പോള്‍ സ്വാഭാവികമായി തളര്‍ന്നു പോകും. സൈനിക സ്കൂള്‍ വിട്ട ഞാന്‍ സാഹിത്യത്തോടുള്ള അഭിനിവേശം കൊണ്ട് കായംകുളം എംഎസ്എം കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. എന്നാല്‍ ഒരു വര്‍ഷം മാത്രമേ കോഴ്സ് തുടരാന്‍ സാധിച്ചുള്ളൂ. പോരാട്ടത്തിന്‍റെ നാളുകള്‍ അപ്പോഴും തുടര്‍ന്നുകൊണ്ടേയിരുന്നു. എങ്ങനെ പുതിയ മാറ്റത്തോട് ഒത്തിണങ്ങി പോകും എന്നതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി,”സോണി പറഞ്ഞു.
ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചു നില്‍ക്കാനും പൊരുത്തപ്പെടാനും കഴിഞ്ഞതിന് കാരണം സൈനിക സ്കൂളില്‍ നിന്ന് താന്‍ ആര്‍ജിച്ച മൂല്യങ്ങളാണെന്നാണ് സോണി ഇന്നും വിശ്വസിക്കുന്നത്. ഒപ്പം സഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും പ്രോത്സാഹനം അദ്ദേഹം ഓര്‍ക്കുന്നു. “ഒരു ദിവസം അച്ഛന്‍ എന്നെ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചിലേക്ക് കൊണ്ടുപോയി. ആ കടല്‍ക്കരയില്‍ വച്ച് എന്താണ് എനിക്ക് സംഭവിച്ചതെന്ന് അറിയില്ല. പക്ഷെ തിരിച്ച് വീട്ടില്‍ വന്ന ഞാന്‍ എഴുതിത്തുടങ്ങിയത് കവിതയാണെന്നു മാത്രമറിയാം,” എന്തുകൊണ്ട് കവിത എന്ന ചോദ്യത്തിന് സോണിയുടെ ഉത്തരമിതാണ്.
“എന്‍റെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കാനുള്ള ഉത്തമ മാധ്യമം കവിതയാണെന്നാണ് എന്‍റെ വിശ്വാസം. എന്‍റെ അനുഭവങ്ങള്‍ പറയുന്നതിനൊപ്പം തന്നെ ചിലത് വരികള്‍ക്കിടയില്‍ ഒളിച്ചു വയ്ക്കുവാന്‍ കവിത എന്നെ അനുവദിക്കാറുണ്ട്. പൊതുവെ അന്തര്‍മുഖനായ എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്,” ഗദ്യ രൂപത്തോട് യാതൊരു വൈരാഗ്യവുമില്ലെന്നത് വ്യക്തമാക്കിക്കൊണ്ട് സോണി കൂട്ടിച്ചേര്‍ത്തു. 2010 തൊട്ട് കവിതയുമായും കവികളുള്‍പ്പെടുന്ന കൂട്ടായ്മയുമായും സോണി സോമരാജന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ആ വഴിക്ക് നിരവധി സുഹൃത്തുക്കളുമുണ്ടായി. ‘ഫസ്റ്റ് കോണ്‍ടാക്ട്’ന്‍റെ പ്രസിദ്ധീകരണം, എഡിറ്റിങ് തുടങ്ങി വിവിധ തലങ്ങളില്‍ ഈ സുഹൃത്തുക്കള്‍ സോണിയെ സഹായിക്കുകയും ചെയ്തു.
സാഹിത്യ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന സോണി, കോവളത്ത് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കുകയും അതുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം അതുപേക്ഷിച്ചു. ഇപ്പോള്‍ സ്വന്തമായി കണ്ടന്‍റ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ച് പ്രവര്‍ത്തിക്കുന്നു. ഒപ്പം എഡിറ്റര്‍, കോപ്പിറൈറ്റര്‍ തുടങ്ങിയ ജോലികളില്‍ വ്യാപൃതനാണ് സോണി. മ്യൂസ് ഇന്ത്യ, നോർത്ത് ഈസ്റ്റ് റിവ്യൂ, കിതാബ്, ബാംഗ്ലൂർ റിവ്യൂ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, മാരി ക്ലെയർ, ദി ഫോർ ക്വാർട്ടേഴ്സ് മാഗസിൻ, ദി അലിപൂർ പോസ്റ്റ്, ബംഗളൂരു റിവ്യൂ എന്നിങ്ങനെ ആന്തോളജികൾ, മാസികകൾ, പത്രങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്റെ കവിതകളും രചനകളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കൂടാതെ 2013 ല്‍ അയോവ സര്‍വ്വകലാശാലയുടെ ഐഡബ്ല്യൂപി പോയട്രി സെമിനാര്‍ കോഴ്സിന്‍റെ ഭാഗമാവുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ പ്രതിസന്ധികളിലൂടെ മനുഷ്യനെ പരീക്ഷിക്കുന്ന ജീവിതത്തോടുള്ള മധുര പ്രതികാരമാണ് സോണിയുടെ കവിതാസമാഹാരം. സ്വപ്നങ്ങള്‍ ശിഥിലമാകുമ്പോള്‍ തളര്‍ന്നു പോകുന്നവര്‍ക്കായുള്ള വലിയ പാഠം. “അപ്രതീക്ഷിതമായി ഒരു ദുരന്തം ജീവിതത്തിലുണ്ടാകുമ്പോള്‍ അതിനകത്ത് തന്നെ പുതിയ സാഹചര്യത്തോട് പൊരുതാനുള്ള പാഠവുമുണ്ട്. വീണ്ടും ഉയര്‍ന്നുവരാനുള്ള അവസരമുണ്ട്. പിന്നോട്ടു പോകാതിരിക്കുക, മുന്നോട്ട് തന്നെ യാത്ര തുടരുക. ഒരു വഴി അടഞ്ഞതുകൊണ്ട് മറ്റ് വഴികള്‍ ഇല്ലെന്നല്ല അര്‍ത്ഥം. എന്നും ഒരു പ്ലാന്‍ ‘ബി’ ഉണ്ടാകും,” ഇത് ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഭയക്കുന്നവര്‍ക്ക് സോണി നല്‍കുന്ന പ്രചോദനം തുളുമ്പുന്ന വാക്കുകള്‍.