ന്യൂ ഡല്‍ഹി: യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പിയ്ക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ തയ്യാറാണെന്ന് ബിഎസ്പി നേതാവ് മായാവതി.
സമാജ് വാദി പാര്‍ട്ടിയുടെ ദളിത് വിരുദ്ധ നിലാപാടിന് ചുട്ടമറുപടിയെന്നോണം ബിജെപിക്കുള്‍പ്പെടെ ഏത് സ്ഥാനാര്‍ത്ഥികള്‍ക്കും വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിഎസ്പി വോട്ടുചെയ്യുമെന്ന ഉറച്ച നിലപാടിലാണ് മായാവതി – എഎന്‍ഐ റിപ്പോര്‍ട്ട്.
സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പരാജയമുറപ്പിയ്ക്കാന് ഏതറ്റംവരെയും പോകും. സമാജ് വാദി പാര്‍ട്ടിയുടെ ദളിത് വിരുദ്ധ നിലപാടുകളെ തുറന്നു കാണിക്കുമ്പോഴതിനെ ബിഎസ്പിയുടെ മുസ്ലീം വിരുദ്ധ നിലപാടെന്ന് വക്രീകരിക്കുകയാണ് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും. ബിഎസ്പിയില് നിന്ന് മുസ്ലീം സമുദായത്തെ അകറ്റുവാനുള്ള അത്തരം കുത്സിത ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് മായാവതി അസനിഗ്ദ്ധമായ പറഞ്ഞു. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ഏഴു ഒഴിവുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
ഉപതെരഞ്ഞെടുപ്പുകളിലെവിടെയും ബിജെപിക്ക് വോട്ടു ചെയ്യാന്‍ ബഎസ്പി അണികളെ ആഹ്വാനം ചെയ്തുവെന്ന പ്രചരണത്തില്‍ കഴമ്പില്ലെന്നും മായാവതി വ്യക്തമാക്കി.