ജനീവ: ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ക്വാറന്റൈനില്‍. കോവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയാണെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
“കോവിഡ് പോസിറ്റീവായ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങളും കാണിച്ചിട്ടില്ല. പക്ഷെ വരും ദിവസങ്ങളില്‍ ഞാന്‍ ക്വാറന്റീനിലായിരിക്കും. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യും”- ടെഡ്രോസ് ട്വീറ്റ് ചെയ്തു.
നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള് കോവിഡ് വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 11നാണ് കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.