ഭോപാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പെരുമാറ്റചട്ടം ലംഘിച്ചതിന് കമൽ നാഥിന്റെ സ്റ്റാർ ക്യാമ്പയിനർ പദവി കമ്മീഷൻ റദ്ദാക്കി. ഇനി കമൽ നാഥ് പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചിലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി വഹിക്കണം.
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനെ മാഫിയ എന്നു വിശേഷിപ്പിച്ചതാണ് നടപടിക്ക് കാരണമായത്. ബിജെപി സ്ഥാനാർത്ഥി ഇമർത്തി ദേവിയെ ഐറ്റം എന്ന് വിളിച്ചതും വിവാദമായിരുന്നു. ഐറ്റം പരാമർശത്തിനെതിരായ ബിജെപി പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് കമൽ നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു.
അതേസമയം, കമൽ നാഥിന്റെ സ്റ്റാർ കാമ്പെയ്നർ പദവി റദ്ദാക്കിയതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജ അറിയിച്ചു.