കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെ കൈലാഷ് വിജയവര്‍ഗിയയെ മാറ്റി കേന്ദ്രനേതൃത്വം. മധ്യപ്രദേശിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിജയവര്‍ഗിയയോട് നേതൃത്വം ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പ്രചാരകനായ അമിതാവ ചക്രവര്‍ത്തിയെ സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ നടപടി. വിജയവര്‍ഗിയയ്ക്ക് പകരം ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാന്‍ വേണ്ടിയാണ് നേതൃത്വം ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കോയ്മ നഷ്ടപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് പോര് ഒരു വിധത്തിലും അംഗീകരിക്കില്ല. ദിലീപ് ഘോഷ് വിഭാഗവും മുകുള്‍ റോയ് വിഭാഗവും തമ്മിലുള്ള ഭിന്നത 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും- പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ബിജെപി നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
2017 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുകുള്‍ റോയ് ബിജെപിയിലെത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപം പൊട്ടിപുറപ്പെട്ടത്. പാര്‍ട്ടിയ്ക്കുള്ളിലെ പഴയ നേതാക്കള്‍ ദിലീപ് ഘോഷിനൊപ്പവും പുതിയ നേതാക്കള്‍ മുകുള്‍ റോയ്ക്കൊപ്പവും നിലകൊണ്ടു. മുകുള്‍ റോയിയ്ക്ക് അനുകൂല നിലപാടായിരുന്നു വിജയവര്‍ഗിയയും സ്വീകരിച്ചിരുന്നത്.
സെപ്തംബറിലെ പാര്‍ട്ടി പുനസംഘടനയോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. മുകുള്‍ റോയിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയ നേതൃത്വം പുതിയ നേതാക്കള്‍ക്ക് പ്രധാനസ്ഥാനവും നല്കി.
മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹയെ മാറ്റിയാണ് മുകുള്‍ റോയിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയത്. ഇതിന് പിന്നാലെ യുവമോര്‍ച്ചയുടെ എല്ലാ ജില്ലാകമ്മിറ്റികളും പിരിച്ചുവിട്ട ദിലീപ് ഘോഷ് പ്രസിഡണ്ടുമാരെ പുറത്താക്കുകയും ചെയ്തു.
ഇതോടെയാണ് അടിയന്തരമായി ഇടപെടാന്‍ കേന്ദ്രനേതൃത്വം തയ്യാറായത്. സുബ്രതോ ചത്തോപധ്യായയ്ക്ക് പകരമാണ് അമിതാവ ചക്രവര്‍ത്തിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. ദിലീപ് ഘോഷിന്റെ അടുത്ത അനുയായിയായിരുന്നു സുബ്രതോ. ഇതിനെതിരെ സംസ്ഥാന നേതൃത്വം എതിര്‍പ്പറിയിച്ചിട്ടുണ്ട്.