വാഷിങ്ടൺ: യുഎൻ സുരക്ഷാ കൗൺസിൽ അസ്ഥിരാംഗത്വം ഏറ്റെടുക്കുവാൻ ഒരുങ്ങുന്ന ഇന്ത്യ യുഎസുമായി കൂടിയാലോചനകൾ നടത്തി. സുരക്ഷാ കൗൺസിലിൽ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുവാനുള്ള സാധ്യതകളിലൂന്നി ഒക്ടോബർ 28-29നാണ് വിശദമായ ചർച്ചകൾ നടന്നത്- എഎൻഐ റിപ്പോർട്ട്.
2021-22 വേളയിലാണ് ഇന്ത്യ സുരക്ഷാ കൗൺസിൽ അസ്ഥിരാംഗമാകുക. സുരക്ഷാ കൗൺസിലിലെ അജണ്ടകൾ, സമകാലിക ആഗോള വിഷയങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്യപ്പെട്ടു. സുരക്ഷാ കൗൺസിലിൽ ഇരു രാഷ്ട്രങ്ങളും യോജിച്ച് പ്രവർത്തിക്കും- വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം പറഞ്ഞു.
ഇരു രാഷ്ട്രങ്ങളും പിന്തുടരുന്ന ജനാധിപത്യ മൂല്യങ്ങളുടെ പിൻബലത്തിലായിരിക്കും കൂട്ടായി പ്രവർത്തിക്കുക. ബഹുസ്വരതയും ഭരണാധിഷ്ഠിത രാജ്യാന്തര ക്രമവും ഉയർത്തിപ്പിടിക്കും.
വിദേശകാര്യമന്ത്രാലയ അഡീഷ്ണൽ സെക്രട്ടറി (രാജ്യാന്തര സംഘടന – ഉന്നതതല സമ്മേളനം) വിനയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘവും യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് പ്രതിനിധികളുമാണ് ചർച്ചകളിലേർപ്പെട്ടത്. വാഷിങ്ടണിലായിരുന്നു ചർച്ചകൾ.