വാഷിങ്ടണ്‍: അമേരിക്കൻ ‘വിഖ്യാത’ വ്യക്തിത്വ വികസന പരിശീലകൻ കീത്ത് റാനിയേറിന് 120 വർഷം തടവ്. അനുയായികളെ ലൈംഗിക അടിമകളാക്കിയെന്ന വ്യവഹാരത്തിൽ ഒക്ടോബർ 27നാണ് റാനിയേറിനെതിരെ ശിക്ഷ വിധിച്ചത് – അൽ ജസീറ റിപ്പോർട്ട്.
ലൈംഗിക ചൂഷണത്തിന് ഇരയായവരുടെയടക്കം വിശദമായ വാദം കേട്ടതിനു ശേഷം ബ്രൂക്ലിൻ ഫെഡറൽ കോടതി ജഡ്ജി നിക്കോളാസ് ഗരൗഫിസാണ് കീത്ത് റാനിയേറിന് 120 വർഷ ശിക്ഷ വിധിച്ചത്.
കോടീശ്വരന്മാരും ഹോളിവുഡ് അഭിനേതാക്കളുമുൾപ്പെട്ട എൻഎസ്ഐവിഎം (നെക്സിയം) എന്ന വ്യക്തിത്വ വികസന ഉപാസന ക്രമത്തിൻ്റെ ആചാര്യനായാണ് കീത്ത് റാനിയേർ അറിയപ്പെടുന്നത്.
1998 മുതൽ ന്യൂയോർക്കിലെ ക്ലിഫ്ടൺ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയെന്നവകാശപ്പെടുന്ന എൻഎസ്ഐവിഎം. എക്സിക്യൂട്ടീവ് “സക്സസ് പ്രോഗ്രാമുകൾ” എന്ന പേരിൽ വ്യക്തിത്വ – പ്രൊഫഷണൽ വികസന സെമിനാറുകളിലൂടെയാണ് എൻഎസ്ഐവിഎമ്മിൻ്റെ റാനിയേർ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഒരു പ്രത്യേകതരം ഉപാസന രീതി അവലംബിക്കുന്നവരാണ് കീത്ത് റാനിയേറും സംഘവും. മെക്സിക്കോവിലും കാനഡയിലും നെക്സിയത്തിന് ശാഖകളുണ്ട്.
കീത്ത് റാനിയേർ ക്രിമിനിൽ സംഘത്തിൻ്റെ പ്രായോക്താവായിരുന്നുവെന്നാണ് കോടതിയിൽ വാദിക്കപ്പെട്ടത്. റാനിയേറിനായി ലൈംഗിക പങ്കാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സഹായിക്കുന്നവരാണ് സംഘാംഗങ്ങൾ. കവർച്ച, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തി പണാപഹരണം, നീതി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് റാനിയേർ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ടിരുന്നു.
2005 ൽ 15 വയസുക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും മറ്റൊരു കൗമാരക്കാരിയെ രണ്ട് വർഷത്തോളം തടങ്കലിൽ വച്ചുവെന്നുമുള്ള കുറ്റവും റാനിയേറിനെതിരെയുണ്ട്.