ജെറുസലേം: മധ്യപൂർവ്വേഷ്യൻ അമൂല്യ പുരാവസ്തു ശേഖരം ലേലത്തിൽ വിറ്റഴിക്കുവാനുള്ള ഇസ്രായേലി മ്യൂസിയത്തിൻ്റെ നീക്കത്തിനെതിരെ പ്രതിഷേധമെന്ന് അൽ- ജസീറ റിപ്പോർട്ട് ചെയ്യുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പരവതാനികൾ, ആയുധങ്ങൾ, സെറാമിക്സ് എന്നിവയുൾപ്പെടെ നിരവധി അപൂർവ്വ ഇസ്ലാമിക പുരാവസ്തുക്കളാണ് ലേലത്തിൽ വിൽക്കുവാൻ തീരുമാനിച്ചത്. എന്നാൽ ലേല വിജ്ഞാപനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ഇസ്രായേലി മ്യൂസിയം ലേലം നീട്ടിവെച്ചു.
ജറുസലേം എൽഎ മേയർ മ്യൂസിയം ഫോർ ഇസ്ലാമിക് ആർട്ട് ഒക്ടോബർ 27 ന് ബ്രിട്ടീഷ് ലേലശാല സോഥെബിയുടെ ബ്ലോക്കിൽ 190 പുരാവസ്തുക്കൾ പ്രദർശനത്തിന് വയ്ക്കുവാനും ഈ ആഴ്ച അവസാനം 60 ലധികം അതിപുരാതന വാച്ചുകൾ – ടൈംപീസുകൾ എന്നിവ ലേലം ചെയ്യാനും പദ്ധതിയിട്ടിരുന്നു.
ലേലത്തിലൂടെ അത്യപൂർവ പുരാവസ്തുക്കൾക്ക് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കുമെന്നാണു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷേ ഒക്ടോബർ 26 ന് മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ ലേല നടപടികൾ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചതായി അറിയിച്ചു.
ഇസ്രായേൽ സാംസ്കാരിക മന്ത്രാലയവുമായുള്ള ചർച്ചയുടെയും ഇസ്രായേൽ പ്രസിഡന്റ് റുവെൻ റിവ്ലിൻ്റെ വ്യക്തിപരമായ അഭ്യർത്ഥനയുടെയും പശ്ചാത്തലത്തിലാണ് ലേലം നിർത്തിവയ്ക്കുന്നതെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു.
പുരാവസ്തു ശേഖരം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും നിയമപ്രകാരം വില്പന അനുവദനീയമാണെന്നുമാണ് സ്ഥാപനത്തിന്റെ മുഖ്യ ദാതാക്കളായ ഹെർമൻ ഡി സ്റ്റേൻ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടത്. ലേലം നീട്ടിവയ്ക്കപ്പെട്ടതിലൂടെ വരും ആഴ്ചകളിൽ സാംസ്കാരിക മന്ത്രാലയത്തിന് സ്വീകാര്യമായ കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൗണ്ടേഷൻ മാനേജ്മെന്റ് പറയുന്നു.
ഇസ്രായേൽ മന്ത്രാലയം ലേല വില്പനയെ അപലപിക്കുകയും അത് തടയാൻ ആവുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞിരുന്നു. അപൂർവ്വ പുരാവസ്തുക്കളുടെ വില്പനയെ ആശങ്കയോടെയാണ് കാണുന്നത്. അത്തരം അമൂല്യമായ സാംസ്കാരിക സ്വത്തുക്കൾ വിൽക്കുന്നത് തടയാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് – ഇസ്രായേലി പ്രസിഡൻ്റ് റുവെൻ റിവ്ലിൻ പറഞ്ഞു. അമൂല്യമായ പുരാവസ്തു ശേഖരത്തിന് സാമ്പത്തിക മൂല്യത്തേക്കാൾ മഹത്തായ മൂല്യവും പ്രാധാന്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യകാല ഖുറാൻ, ഓട്ടോമൻ തുണിത്തരങ്ങൾ, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള മൺപാത്രങ്ങൾ, 15ാം നൂറ്റാണ്ടിൽ രൂപകല്പന ചെയ്ത തലപ്പാവ് , പേർഷ്യൻ രാജകുമാരനെ ചിത്രീകരിച്ചിട്ടുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ പാത്രം, വെള്ളി പൊതിഞ്ഞ ലോഹപ്പണി, ഇസ്ലാമിക ആയുധങ്ങൾ- പടച്ചട്ടകൾ തുടങ്ങിയവയാണ് അമൂല്യ പുരാവസ്തു ശേഖരത്തിലുള്ളതെന്ന് സോഥെബി വെബ്സൈറ്റ് പറയുന്നു.