ബീജിങ്: തായ്വാനെ ആയുധവൽക്കരിക്കുവാനുള്ള ട്രംപ് ഭരണകൂട നീക്കം ചൈനീസ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നു. 1.8 ബില്യൺ ഡോളർ മൂല്യമുള്ള അതിനൂതന ആയുധങ്ങൾ തായ്വാന് വിൽക്കുവാൻ അമേരിക്ക അംഗീകാരം നൽകിയതിനെതിരെ യുക്തിസഹവും ഉചിതവുമായ പ്രതികരണങ്ങളുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകുന്നതായി അൽ- ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 21നാണ് ആയുധ വിൽപ്പനയ്ക്ക് അമേരിക്കൻ ഭരണകൂടം അംഗീകാരം നൽകിയത്. തായ്വാനുള്ള ആയുധ വില്പനയിലൂടെ യുഎസ് 1970 കളിൽ ഒപ്പുവച്ച കരാറുകൾ ലംഘിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. യുഎസ് നീക്കം തായ്വാൻ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന വിഘടനവാദ ശക്തികൾക്ക് തെറ്റായ സൂചനയാണ് നൽകുന്നത്. ഇത് ചൈന – യുഎസ് ബന്ധത്തെ സാരമായി ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പതിവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാഹചര്യം എങ്ങനെ വികസിക്കുന്നുവെന്നതിനെ ആശ്രയിച്ച് ചൈന ഉചിതമായ പ്രതികരണം നൽകുമെന്ന് ഷാവോ പറഞ്ഞു.
Also Read: “തായ് വാന് 1.8 ബില്യണിന്റെ യുഎസ് ആയുധക്കച്ചവടം”
‘ഒരൊറ്റ ചൈന’ നയത്തിന്റെ ഭാഗമല്ല ദ്വീപ്. സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് റിപ്പബ്ലിക് ഓഫ് ചൈനയെന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന തായ്വാൻ. സായ് ഇംഗ്-വെൻ 2016 ൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് തായ്വാൻ പരമാധികാര രാഷ്ട്രമെന്ന വാദമുയർത്തികൊണ്ടുവന്നത്. സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന തായ് വാൻ നിലപാടിനെ ചൈനീസ് ഭരണകൂടം പക്ഷേ വിഘടനവാദമായാണ് കാണുന്നത്.
ചൈനീസ് ഭരണകൂടത്തിന് പക്ഷേ തായ്വാൻ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അധീന മേഖലയാണ്. തങ്ങളുടെ ആധിപത്യ സംസ്ഥാപനത്തെ മുൻനിറുത്തി തയ്വാനിനുമേൽ നയതന്ത്ര- സൈനിക സമ്മർദ്ദം ബീജിങ് ശക്തമാക്കികൊണ്ടേയിരിക്കുന്നുണ്ടുതാനും.
Also Read: “പ്രകോപനം തുടര്ന്ന് ചൈന; തായ്വാൻ സമ്മര്ദ്ദത്തില്”
ചൈനീസ് യുദ്ധ വിമാനങ്ങളും ബോംബറുകളും ഇക്കഴിഞ്ഞ മാസങ്ങളിൽ തായ്വാൻ്റെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പല ആവൃത്തി കടന്നുകയറി. തായ്വാൻ്റെ ഔദ്യോഗിക സഖ്യകക്ഷികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് നയതന്ത്രവും സജീവമാണ്. തയ്പേയ്ക്ക് ഇപ്പോൾ ആഗോളതലത്തിൽ 15 ദേശീയ സർക്കാരുകളുമായി നയതന്ത്രബന്ധമുണ്ട്. ഇതിനെ ദുർബ്ബലപ്പെടുത്തുന്ന നയ തന്ത്രങ്ങളിലാണ് ബിജിങ്.
തായ്വാൻ പ്രതിരോധ മന്ത്രി യെൻ ഡി-ഫാ യുഎസിന്റെ പുതിയ ആയുധ വില്പനയെ സ്വാഗതം ചെയ്തു. ചൈനയുമായി ആയുധ പന്തയത്തിലേർപ്പെടാൻ തായ്വാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും തായ്വാന് ഒരു തനത് സൈന്യം ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ശത്രുവിൻ്റെ ഭീഷണിയും പുതിയ സാഹചര്യവും നേരിടേണ്ടതുണ്ട്. ഇതിന് പ്രതിരോധ ശേഷി മെച്ചപ്പെടുത്തണം. ഇതിനായാണ് തായ്വാൻ ആയുധങ്ങൾ വാങ്ങുന്നതെന്ന് മാധ്യമപ്രവർത്തകരോട് യെൻ പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ദൃഢ നിശ്ചയം ശക്തിപ്പെടുത്തുന്നതിനായി ശ്രദ്ധേയമായ പോരാട്ട- അസമമായ യുദ്ധ ശേഷി തായ്വാന് ആവശ്യമാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്തോ-പസഫിക്കിലെയും തായ്വാൻ കടലിടുക്കിലെയും സുരക്ഷയ്ക്ക് അമേരിക്ക പ്രാധാന്യം നൽകുന്നുണ്ട്. ഇതിൻ്റെ പ്രകടമായ തെളിവാണ് തായ്വാനുമായുള്ള യുഎസ് ആയുധ ഇടപ്പാട്. അമേരിക്കയുമായുള്ള തങ്ങളുടെ സുരക്ഷാ പങ്കാളിത്തം ദൃഢീകരിക്കുന്നത് തുടരുമെന്നും തായ്വാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ബീജിങിനെ പിണക്കേണ്ടതില്ലെന്ന് കരുതി മുൻ മൂന്ന് യുഎസ് ഭരണകൂടങ്ങൾ തായ്പേയിയുമായുള്ള വലിയ ആയുധ ഇടപാടുകളിൽ വേണ്ടത്ര താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്. നവംബർ മൂന്നിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മുന്നോടിയായി തന്നെ തായ്വാനെ ആയുധവൽക്കരിക്കുവാനുള്ള തീരുമാനത്തിലൂടെ ബീജിങിനെ സമ്മർദ്ദത്തിലാക്കുന്നതിന് ട്രംപിന് രണ്ടു തവണ ആലോചിക്കേണ്ടിവന്നില്ല. ചൈനീസ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നതിൽ ട്രംപ് ഭരണകൂടത്തിന് പ്രത്യേകിച്ചൊരു വൈഷമ്യമില്ലെന്ന് ചുരുക്കം.
തായ്വാനുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തുന്നതിൻ്റെ ഭാഗമായി ചൈനീസ് മാധ്യമങ്ങൾക്ക് യുഎസ് നിയന്ത്രണമേർപ്പെടുത്തി. ടിബറ്റ്, ഹോങ്കോങ്, ദക്ഷിണ ചൈനാകടൽ എന്നിവിടങ്ങളിലെ ചൈനീസ് ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും സർക്കാർ ഏജൻസികൾക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിലും ട്രമ്പ് ഭരണകൂടം പ്രത്യേകം ഊന്നൽ നൽകി.