മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമാനില്‍ ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ വിലക്ക് അവസാനിച്ചു. ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയാണ് വിലക്ക് അവസാനിച്ചത്. ഒക്ടോബര്‍ 11 മുതലാണ് രാജ്യത്ത് രാത്രിയാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നത്. രാത്രിയിലെ അടച്ചിടല്‍ അവസാനിച്ചെങ്കിലും മറ്റു നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരും.
ഒക്ടോബര്‍ ഒമ്പതിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കുടുംബപരമായതും സാമൂഹികവുമായ എല്ലാ ഒത്തുചേരലുകള്‍ക്കുമുള്ള വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നതുവഴി രോഗവ്യാപനത്തിനും മരണസംഖ്യ ഉയരുന്നതിനും വഴിവെക്കുന്ന പ്രവണതയില്‍ കഴിഞ്ഞദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
യാത്രാവിലക്ക് അവസാനിക്കുന്നതോടെ മുവാസലാത്ത് ബസുകള്‍ ശനിയാഴ്ച മുതല്‍ സാധാരണ നിലയില്‍ സര്‍വിസ് നടത്തും. മസ്കത്ത് സിറ്റി സര്‍വിസുകളും ഇന്റര്‍സിറ്റി സര്‍വിസുകളും ഇന്നുമുതല്‍ റെഗുലര്‍ സര്‍വിസ് നടത്തുമെന്ന് മുവാസലാത്ത്? അധികൃതര്‍ അറിയിച്ചു.