ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിലെ ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് അഞ്ച് ഭാഷകളിൽ ശബ്ദം നൽകി നടൻ രാം ചരൺ. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിന്റെ അഞ്ച് ഭാഷയിലിറങ്ങിയ വീഡിയോയ്ക്കും ശബ്ദം നൽകിയത് രാം ചരണാണ്. ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിന് പുറമേ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും രാം ചരണാണ്.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻ.ടി.ആറാണ്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർ.ആർ.ആർ. 450 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് ഇത്.
ഡിവിവി എൻറർടൈൻമെൻസിന്റെ ബാനറിൽ ഡി.വി.വി ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കും. 2020 മാർച്ചോടെ ഷൂട്ടിങ് പ്ലാൻ ചെയ്ത് 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്നു.