പട്ന: ബിഹാർ സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. രേഖകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ജെഡി വാക്താവ് ചിത്രഞ്ജന് ഗഗന് പറഞ്ഞു.
സെക്രട്ടറിയേറ്റിലെ ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നാം നിലയിലേക്കും പടര്‍ന്ന തീ 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്.
തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം തോറ്റാല്‍ തെളിവുകള്‍ പുറത്ത് വരാതരിക്കാനാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. അറുപതിലേറെ ആരോപണങ്ങള്‍ സര്‍ക്കാരിന് എതിരെയുണ്ടെന്നും തങ്ങള്‍ അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന് ജനതാദള്‍ യുണെറ്റഡും ബിജെപിയും തിരിച്ചറിഞ്ഞുവെന്നും ചിത്രരഞ്ജന്‍ ഗഗന്.