ന്യൂഡെല്‍ഹി: ടെലിവിഷന്‍ റേറ്റിങ് പോയിന്റ് (ടിആര്‍പി) കേസില്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്തിയെന്നാരോപിച്ച് മുംബെ പൊലിസ് കമ്മീഷണര്‍ പരം ബിര്‍ സിങിനെതിരെ 200 കോടി രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അര്‍ണാബ് ഗോസ്വാമി എഡിറ്റര്‍ ഇന്‍ ചീഫായ റിപ്പബ്ലിക് ടിവി – ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.
സ്പഷല് എക്സിക്യുട്ടിവ് മജിസ്ട്രേട്രേറ്റും അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ക്കുമെതിരെ കോടതി ലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും റിപ്പബ്ലിക്ക് ടിവി മാനേജ്മെന്റ് പറഞ്ഞു. മുംബെ ഹൈകോടതി റിപ്പബ്ലിക്ക് ടിവിക്കെതിരെ ടെലിവിഷന്‍ റേറ്റിങ് കേസിലെ എഫ്ഐആറിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്.
Also read:ടിആര്‍പി ക്രമക്കേട്: പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും നോട്ടീസ്
ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ ക്രൈംബ്രാഞ്ച് പൊലിസ് ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം അദ്ദേഹത്തിന് സമന്‍സ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റിപ്പബ്ലിക് ടിവിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന പ്രഖ്യാപനം. ജസ്റ്റിസുമാരായ എസ്. എസ്. ഷിന്‍ഡെ, എംഎസ് കാര്‍ണിക് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് കേസ് കേട്ടത്.
പൊലിസ് സമന്‍സ് അയച്ചാല്‍ അതു പ്രകാരം ഗോസ്വാമി പൊലിസിന് മുന്നില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ നവംബര്‍ അഞ്ചിനകം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എഫ്ഐആര്‍ എന്സൈക്ലോപീഡിയയല്ല. ഇന്ന് മുതല്‍ അടുത്ത വാദം കേള്‍ക്കുന്ന തീയതി വരെ എന്ത് അന്വേഷണമാണ് നടന്നതെന്ന് കാണാനും കോടതി ആഗ്രഹിക്കുന്നു – കോടതി പറഞ്ഞു.
Also read:വാർത്താ ചാനലുകളുടെ പ്രതിവാര റേറ്റിംഗുകൾ ബാർക് നിർത്തിവെച്ചു
ഒക്ടോബര്‍ ആറിന് സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥതയിലുള്ള എആര്‍ജി ഔട്ട്ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡും ഗോസ്വാമിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.