ബല്ലിയ: ഉത്തര്‍പ്രദേശില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനിടെ വെടിവെപ്പ്. ജയ് പ്രകാശ് (46) എന്നയാള്‍ വെടിയേറ്റ് മരിച്ചു. ദുര്ജാന്പുര് ഗ്രാമത്തിലെ ബലിയ ഏരിയയിലാണ് സംഭവമുണ്ടായത്.
റേഷന്‍കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തില്‍ യോഗം വിളിച്ചിരുന്നു. ഇതിന് ശേഷം ധീരേന്ദ്ര പ്രതാപ് സിംഗ് എന്നയാള്‍ ജയ്പ്രകാശിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്ന് പൊലീസ് സുപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു.
കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗ്രാമത്തിലെ ക്രമസമാധാനനില പരിപാലിക്കാന്‍ അധിക പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് സുപ്രണ്ട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.എം, സര്‍ക്കിള്‍ ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.