“ഭൂരിപക്ഷത്തിന്റെ സദാചാരപരമായ കാഴ്ചപ്പാടുകൾ ഭരണഘടനയെ മറികടന്ന് മനുഷ്യാവകാശങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കുന്നത് അനുവദിച്ചുകൂട”- ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് 2018 സെപ്തംബര്‍ 6ാം തീയതി സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രസ്താവത്തിലെ പ്രസക്ത ഭാഗമാണിത്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി സദാചാരത്തിന്റെ പേരിൽ ഗത്യന്തമില്ലാതെ തുടർന്നുവന്ന കൊടിയ അനാചാരങ്ങളുടെ അവസാനമായിരുന്നു ഈ ദിനം കുറിച്ചത്. എന്നാല്‍, മാറാത്ത സമൂഹമനോഭാവത്തെപ്രതി ഈ വിഷയത്തില്‍ വീണ്ടും ഇടപെടാന്‍ അവസരമുണ്ടാകുകയാണ്.
സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കുന്നത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റേയും ഡല്‍ഹി സര്‍ക്കാരിന്റേയും പ്രതികരണം തേടിയ സാഹചര്യമാണ് ഈ കുറിപ്പിന് ആധാരം. സ്വവര്‍ഗ ദമ്പതികൾ സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്ല, ജസ്റ്റിസ് ആശാ മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഭരണകൂടത്തിന്‍റെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. സ്വവർഗരതിയെ ക്രിമിനൽ കുറ്റമായി കാണുന്ന, പരസ്പര സമ്മതത്തോടു കൂടിയ സ്ത്രീപുരുഷ ലൈംഗികതയിലും ഭരണകൂടത്തിന് ഇടപെടാൻ അവസരം നൽകുന്ന ദുഷിച്ച നിയമ സംഹിതികള്‍ റദ്ദു ചെയ്യപ്പെട്ടയിടമാണ് ഇന്ത്യാമഹാരാജ്യം. ഇവിടെ സ്വവര്‍ഗ്ഗ ദമ്പതിമാര്‍ വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കോടതി കയറിയിറങ്ങേണ്ട സ്ഥിതിവിശേഷം അവസാനിച്ചില്ലെന്നത് ഖേദകരം തന്നെയാണ്.

കവിത അറോറ-അങ്കിത ഖന്ന, വൈഭവ് ജെയിന്‍- പരാഗ് വിജയ് മെഹ്ത എന്നീ ദമ്പതികളാണ് കോടതിയുടെ ഇടപെടലിന് ആസ്പദമായ ഹര്‍ജിക്കാര്‍. കവിത അറോറയും-അങ്കിത ഖന്നയും എട്ട് വര്‍ഷത്തോളമായി ഒന്നിച്ചാണ് താമസം. നിയമസാധുത ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. വൈഭവ് ജെയിനും പരാഗ് വിജയ് മെഹ്തയും യുഎസ്സില്‍ വെച്ച് വിവാഹം ചെയ്‌തെങ്കിലും ഫോറിന്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുമതി നല്‍കിയിരുന്നില്ല. പ്രസ്തുത വിഷയത്തില്‍ ഇവര്‍ നിയമ സഹായം തേടിയെത്തിയ വഴി ഇതാണ്.
വിവാഹത്തിന് നിയപരമായ അനുമതി ലഭിക്കാത്തത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വവര്‍ഗ്ഗ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. അതേസമയം, ഇതൊരു പ്രത്യേകതരം സാഹചര്യമാണെന്നും 5000 വര്‍ഷത്തെ സനാതന ധര്‍മത്തില്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ അഭിഭാഷകരിലൊരാളായ രാജ്കുമാര്‍ യാദവ് വിഷയത്തില്‍ പരാമര്‍ശിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇത്തരം തടസങ്ങളെ നീക്കേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നിയമം എല്ലാ ലിംഗക്കാർക്കും ഒരുപോലെയാണ്. രാജ്യത്തെ പൗരന്മാര്‍ക്കായി നിയമത്തെ വ്യാഖ്യാനിക്കാനാണ് ശ്രമിക്കേണ്ടത്- ജസ്റ്റിസ് ആശാ മേനോന്‍ വ്യക്തമാക്കി.

സദാചാരപരമായ അല്ലെങ്കില്‍ മതപരമായ ചട്ടക്കൂടിലാണ് സനാതന ധര്‍മ്മം വ്യഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ഭൗതിക ലോകത്തിലെ നിയമങ്ങള്‍ നാം ജീവിക്കുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയപ്പെടണം. അവ അംഗീകരിക്കപ്പെടണം. ഐപിസി സെക്ഷന്‍ 377 റദ്ദു ചെയ്യപ്പെട്ടതോടെ എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എന്തൊക്കെ അവകാശങ്ങളും നിയമ പിന്‍ബലവും ലഭിച്ചുവെന്നു കരുതിയോ അതൊക്കെ ആത്യന്തികമായി ലംഘിക്കുകയാണ് സ്വര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ വിമുഖത കാട്ടുന്ന പിടിവാശികള്‍.
പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്രയും മറ്റ് ചിലരും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ മാസം കോടതി പരിഗണിക്കുകയുണ്ടായി. സ്വവര്‍ഗ ബന്ധത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് തുല്യതയ്ക്കുള്ള അവകാശത്തെയും ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന നടപടിയാണെന്നുമായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ അത്യന്തം കടുത്ത നിലപാടായിരുന്നു ഈ വിഷയത്തില്‍ അന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ അനുവദിച്ചാല്‍ അത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. “നമ്മുടെ നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകര്‍മമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് സാധിക്കില്ല,” ഇതായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ വാക്കുകള്‍. സ്വവര്‍ഗാനുരാഗികളേയും ലസ്ബിയനുകളെയും നിയമപരമായ വിലക്കില്‍നിന്ന് ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതില്‍ കൂടുതല്‍ മറ്റൊന്നുമില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. ഈ സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിക്ക് നല്‍കുന്ന പ്രതികരണത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.
നിയമത്തിനു മുൻപിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടനാ വ്യവസ്ഥയുടെ മൂല്യങ്ങള്‍ കശാപ്പുചെയ്ത്, പ്രഖ്യാപിത അജണ്ടകള്‍ സാധൂകരിക്കാന്‍ ഒരു വിഭാഗത്തിന്‍റെ മൗലികാവകാശങ്ങളിലാണ് ഭരണകൂടം കൈകടത്തുന്നത്. നീണ്ട പീഡനങ്ങളുടെ ചരിത്രം പേറുന്ന നിയമങ്ങള്‍ ഇല്ലാതാക്കുന്ന കേളി കേട്ട വിധി പ്രഖ്യാപനങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നാണ് ഇവ ചൂണ്ടിക്കാട്ടുന്നത്.