ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവില്‍ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം. പിഴപ്പലിശ ഇളവ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു മാസം സമയം അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ആര്. സുഭാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു തീരുമാനത്തിലെത്തിയിരിക്കെ, അത് നടപ്പാക്കാന്‍ എന്തുകൊണ്ടാണ് ഇത്രയധികം കാലതാമസം എടുക്കുന്നതെന്ന് കോടതി ആരാഞ്ഞു. സാധാരണക്കാര്‍ ആശങ്കാകുലരാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള മാര്‍ഗം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഇളവ് നടപ്പാക്കാന്‍ നവംബര്‍ രണ്ടിന് കോടതി പുതിയ സമയപരിധി നിശ്ചയിച്ചു. തീരുമാനം നടപ്പാക്കാന്‍ ഒരു മാസം സമയമാണ് കേന്ദ്രം ചോദിച്ചത്. എന്നാല്‍ ഒരു മാസം സമയം നല്‍കാനാവില്ലെന്നും നവംബര്‍ രണ്ടിനുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാധാരണക്കാരന്റെ അവസ്ഥ സര്‍ക്കാര്‍ കാണണം. തീരുമാനം നടപ്പാക്കാന്‍ വൈകുന്നത് സാധാരണക്കാരന്റെ താല്പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടു കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ ആറ് മാസം മൊറട്ടോറിയം കാലയളവിലെ പലിശയാണ് എഴുതി തള്ളുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്രം തയാറായിരുന്നില്ല. ചെറുകിട, ഇടത്തരം സംരംഭകര്‍, വിദ്യാഭ്യാസം, പാര്‍പ്പിടം, ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശക എന്നിവക്ക് എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് ലഭിക്കും.