അഴകിൻ്റെ അവസാന അവതാരം. ഈജിപ്ഷ്യൻ രാജ്ഞി. പുരാതന ഈജിപ്ഷ്യൻ – റോമാ സാമ്രാജ്യങ്ങളുടെ അധികാരത്തിൻ്റെ അവസാന വാക്ക്- ക്ലിയോപാട്ര.
പുരാതന ഈജിപ്ഷ്യൻ- റോമൻ- ഗ്രീസ് ചരിത്ര താളുകളിൽ നിന്ന് വായിച്ചെടുക്കുന്ന ക്ലിയോപാട്രയുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കി ഹോളിവുഡിൽ സിനിമ ഒരുങ്ങുകയാണ്. ‘നൈൽ സുന്ദരി’ ക്ലിയോപാട്രയുടെ ജീവിതം പോലെ ഈ സിനിമയും ഇതിനകം തന്നെ ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായി. ക്ലിയോപാട്രയായിയെത്തുന്ന കഥാപാത്രത്തിൻ്റെ വംശീയ പശ്ചാത്തലം വിവാദമാക്കപ്പെട്ടതോടെയാണ് സിനിമ ശ്രദ്ധാകേന്ദ്രമായത്. ഒപ്പം സിനിമ വിവാദമായതും.
ചരിത്രത്തെ പിൻപറ്റിയുള്ള സിനിമകൾക്കൊപ്പം വിവാദങ്ങളുണ്ടാവുകയെന്നത് പുതുമയുള്ളതല്ല. ഹോളിവുഡിൽ ഒരുങ്ങുന്ന ക്ലിയോപാട്ര സിനിമയും വിവാദങ്ങളിലാണ്. ഇസ്രായേൽ നടി ഗാൽ ഗാഡോട് ക്ലിയോപാട്രയുടെ വേഷത്തിൽ സിനിമയിലെത്തുന്നുവെന്നതാണ് വിവാദത്തിനാധാരം. സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് സിനിമയെ വിവാദത്തിൽ കുരുക്കിയത്. ഇസ്രായേൽ പട്ടാളക്കാരിയായിരുന്ന നടി ഗാൽ ഗാഡോടിനെ ക്ലിയോപാട്രയായി കാണാൻ വൈമുഖ്യമുള്ളവരാണ് സിനിമക്കെതിരെ വിമർശനങ്ങളുയർത്തിയിക്കുന്നത്. സിയോനിസ്റ്റ് ജൂത വംശീയതയിൽ അഭിരമിക്കുന്ന ഗാൽ ഗാഡോട് ക്ലിയോപാട്രയുടെ വേഷത്തിലെത്തുന്നത് ചരിത്രത്തോടുള്ള പൊറുക്കാനാവാത്ത അപരാധമത്രെ.
പാരാമൗണ്ട് പിക്ചേഴ്സാണ് ഇസ്രായേൽ നടി ഗാൽ ഗാഡോടിനെ ക്ലിയോപാട്രയാക്കുന്ന ഹോളിവുവുഡ് സിനിമയുടെ നിർമ്മാതക്കൾ. സിനിമ സംവിധാനം ചെയ്യുന്നത് പാറ്റി ജെൻകിൻസ്. 2017 ലെ വണ്ടർ വുമണിൽ നായികയായി വേഷമിട്ടത് ഗാൽ ഗാഡോടാണ്. നിർമ്മാണത്തിലുള്ള വണ്ടർ വുമൺ 1984 ലും ഇവർ തന്നെ കേന്ദ്ര കഥാപാത്രം. ഇതിനു പിന്നാലെയാണ് ക്ലിയോപാട്രയുടെ വേഷത്തിലെത്തുന്ന ഹോളിവുഡ് സിനിമ. ലീതാ കലോഗ്രിഡിസ് രചിച്ച ഇതിഹാസ ജീവചരിത്ര നാടകമാണ് സിനിമയായി പരിണമിക്കുന്നത്. സിനിമയുടെ ആശയത്തിന് പിന്നിൽ ഗാഡോട്ടുണ്ടെന്ന് പറയപ്പെടുന്നു.
സിനിമക്ക് പിന്നിൽ പ്രതിപ്രവർത്തിക്കുന്നവരുടെ കൗശലങ്ങളാണ് ആരാധകരുടെ പ്രതികരണങ്ങളിലുയരുന്നത്. ക്ലിയോപാട്രയുടെ വേഷത്തിൽ വെള്ളക്കാരിയെ അവതരിപ്പിക്കുന്നതിലെ സന്ദേഹങ്ങളാണ് പ്രതികരണങ്ങളിലേറെയും. വിശ്വവിഖ്യാത സുന്ദരി ക്ലിയോപാട്രയായി പകർന്നാടാൻ അവസരം നൽകുന്നതിലൂടെ ജൂത വംശീയ താരം ഗാഡോടിനെ ഹോളിവുഡ് വെള്ളപൂശുകയാണ്. ഒപ്പം വെളുത്ത വംശീയതയുമായി ബന്ധമില്ലാത്ത ഈജിപ്ഷ്യൻ രാജ്ഞിക്ക് വെളുത്ത വംശീയതയുടെ പാരമ്പര്യം ചാർത്തിനൽകുന്നതിനുള്ള കൗശലവും ഇസ്രായേൽക്കാരി ഗാഡോടിനെ ക്ലിയോപാട്രയാക്കുന്നതിന് പിന്നിൽ ഹോളിവുഡ് പ്രയോഗിക്കുന്നു. ഇത്തരത്തിലുള്ള സന്ദേഹങ്ങളാണ് സിനിമയെ പ്രാരംഭത്തിലേ വിവാദമാക്കുന്നത്.
ക്ലിയോപാട്ര വെളുത്തവരുടെ വംശീയത പേറുന്നില്ല. അതിനാൽ ക്ലിയോപാട്രയെ അവതരിപ്പിക്കേണ്ടത് ആഫ്രിക്കൻ അതല്ലെങ്കിൽ അറബ് സുന്ദരികളാണ്. ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് ഗാഡോടിനെ ക്ലിയോപാട്രയാക്കിയുള്ള ഹോളിവുഡ് സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ക്ലിയോപാട്ര അറബ് അതല്ലെങ്കിൽ ആഫ്രിക്കൻ വംശജയല്ല. മാസിഡോണിയൻ ഗ്രീക്ക് വംശജയാണ് – ഇത് സോഷ്യൽ മീഡിയയിൽ സിനിമക്കെതിരെ പ്രചരണങ്ങളിലേർപ്പെട്ടിരിക്കുന്നവർക്ക് സിനിമയുടെ അണിയറ ശില്പികളുടെ മറുപടി.
മാസിഡോണിയൻ ഗ്രീക്ക് വംശാവലിയിലെ ടോളമി ഒന്നാമന്റെ പിൻഗാമിയായിരുന്നു ക്ലിയോപാട്ര. തൻ്റെ കൂട്ടാളിയായ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മരണശേഷം ഈജിപ്തിലെ രാജാവായിരുന്നു ടോളമി ഒന്നാമൻ. ടോളമി 12ാമൻ്റെ മകളാണ് ക്ലിയോപാട്ര.
ക്ലിയോപാട്രയുടെ വേഷം ഒരു കറുത്ത നടിയാണ് ചെയ്യേണ്ടിയിരുന്നതെന്ന് പലസ്തീൻ- ജർമ്മൻ സംവിധായക ലെക്സി അലക്സാണ്ടർ പറയുന്നു. നാണയത്തിൽ കാണുന്ന ക്ലിയോപാട്രയെ അടിസ്ഥാനമാക്കി അവർ സൃഷ്ടിച്ച ത്രീ ഡി ഇമേജ് പോലെ ആരെയെങ്കിലും അഭിനയിപ്പിക്കണമായിരുന്നു. അതിനർത്ഥം ക്ലിയോപാട്രയായി വേഷമിടേണ്ടിയിരുന്നത് കറുത്ത നടി – ലെക്സി അലക്സാണ്ടർ ട്വിറ്ററിൽ കുറിച്ചു.
ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു ഇസ്രായേൽ നടി ഗാൽ ഗാഡോട്. ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളെ ഗാഡോട് പരസ്യമായി പിന്തുണച്ചിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ഗാഡോട് ക്ലിയോപാട്രയായി വേഷമിടുന്നതിൽ ശരിക്കേട് കാണുന്നവരുമുണ്ട്.
2006 ൽ തെക്കൻ ലെബനിൽ ഇസ്രായേലി സേന ബോംബാക്രമണം നടത്തി. അന്ന് ഗാഡോട്ട് ഇസ്രായേലി സൈന്യത്തിലെ സജീവ പട്ടാളക്കാരിയായിരുന്നു. 2014 ൽ ഗാസ മുനമ്പിൽ ഇസ്രായേലിന്റെ 52 ദിവസത്തെ യുദ്ധത്തിൽ 3000 ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഭൂരിഭാഗവും സിവിലിയന്മാർ. എന്നിട്ടും ഗാഡോട്ട് ഇസ്രായേൽ സൈന്യത്തിന് പിന്തുണ അറിയിച്ച് ഫേസ് ബുക്കിൽ എഴുതി, “ഞാൻ എന്റെ ഇസ്രായേലി പൗരന്മാർക്ക് എന്റെ സ്നേഹവും പ്രാർത്ഥനയും അയയ്ക്കുന്നു. പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും പിന്നിൽ ഭീരുക്കളെപ്പോലെ ഒളിച്ചിരിക്കുന്ന ഹമാസ് നടത്തിയ ഭയാനകമായ പ്രവർത്തികൾക്കെതിരെ എന്റെ രാജ്യത്തെ സംരക്ഷിക്കുന്ന ജീവൻ പണയപ്പെടുത്തുന്ന എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും… ഞങ്ങൾ മറികടക്കും !!! ശബ്ബത്ത് ശാലോം! ”
അഭ്രപാളിയിൽ ക്ലിയോപാട്രയായി വേഷമിടുന്ന ആദ്യ വെള്ളക്കാരിയല്ല ഗാഡോട്. ക്ലോഡെറ്റ് കോൾബെർട്ട്, വിവിയൻ ലീ, എലിസബത്ത് ടെയ്ലർ എന്നിവരെല്ലാം ക്ലിയോപാട്രയെ അവതരിപ്പിച്ചിട്ടുണ്ട്. 2017 ൽ ലെബനൻ, ടുണീഷ്യ, ഖത്തർ രാഷ്ട്രങ്ങൾ ഇസ്രായേലി നടി ഗാഡോട് അഭിനയിച്ച വണ്ടർ വുമൺ നിരോധിച്ചിരുന്നു. നടിയുടെ സിയോണിസ്റ്റ് അഭിനിവേശമാണ് സിനിമാ നിരോധനത്തിന് പ്രേരകമായത്.
അവലംബം: അൽ – ജസീറ