ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കനത്ത മഴ. വ്യാപകമായ മഴയിലും കാറ്റിലും എട്ട് പേർ മരിച്ചതായാണ് വിവരം. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
എട്ട് പേരും മരിച്ചത് ഹൈദരാബാദിനും പരിസര പ്രദേശത്തുമാണ്. വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് പാറകള്‍ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതര്‍ ഇടപെട്ട് മാറ്റിപാര്‍പ്പിച്ചു.
കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 തീവ്രന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലും വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കന്‍ ജില്ലകളില്‍ അടുത്ത ഇന്നും നാളേയും കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.