അബുദാബി: സൗദിയില്‍ പതിനൊന്നുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. മകളെ കയറിൽ കെട്ടിയിട്ട് ആക്രമിച്ചതായും ചാട്ടകൊണ്ട് കഠിനമായി പീഡിപ്പിച്ചതായും 40കാരനായ പ്രതി സമ്മതിച്ചു. ഇയാളെ തുടര്‍ വിചാരണയ്ക്കായി മക്കയിലേക്ക് മാറ്റി- ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട്.
തന്റെ അനുവാദമില്ലാതെ മകളുടെ മുടി മുറിച്ചതിന് ശേഷം വീട് വിട്ട് പോയ സഹോദരിയെ ഭീഷണിപ്പെടുത്താനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് ബര്‍മീസ് വംശക്കാരനായ പ്രതി വെളിപ്പെടുത്തി. സഹോദരിക്ക് അയച്ചു കൊടുക്കാനാണ് മകളെ മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു.
കുട്ടികൾക്ക് ശരിയായ പരിചരണം നൽകാത്ത മാതാപിതാക്കള്‍ക്കെതിരെ സൗദി ശിശു സംരക്ഷണ നിയമ പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സൗദി അറേബ്യ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.