കറാച്ചി: പാകിസ്താനിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ മൗലാനാ ആദിൽ ഖാൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 60 വയസായിരുന്നു. മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതനാണ് കാറിൽ പോകുകയായിരുന്ന ആദിൽ ഖാനെ വെടിവെച്ചത്. അദ്ദേഹത്തിന്റെ ഡ്രൈവറും സംഭവത്തിൽ കൊല്ലപ്പെട്ടു.
ഷോപ്പിംഗിനായി ഡ്രൈവറോടൊപ്പം കാറിൽ പുറപ്പെട്ട മൗലാനാ ആദിൽ ഖാനെ ഷാഹ് ഫൈസൽ കോളനി റോഡിന് സമീപം വെച്ചാണ് കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിളിൽ എത്തിയവർ കാർ തടഞ്ഞ് നിർത്തി കാറിന് സമീപത്ത് വന്ന് വെടിയുതിർക്കുകയായിരുന്നു.
രണ്ട് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായതെന്ന് പൊലീസ് പറയുന്നു. സിന്ധ് പൊലീസ് ഐ ജി മുസ്താഖ് അഹമ്മദ് സിന്ധ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ആദിൽ ഖാന്റെ ദേഹത്ത് നിന്ന് അഞ്ച് ബുള്ളറ്റുകൾ കണ്ടെടുത്തതായി പറയുന്നു.
പാകിസ്താന്റെ വിഖ്യാത പണ്ഡിതൻ മൗലാനാ സലീമുള്ള ഖാന്റെ മകനാണ് കൊല്ലപ്പെട്ട മൗലാനാ ആദിൽ ഖാൻ. ജാമിയ ഫാറൂഖിയ എന്ന പ്രമുഖ മത സ്ഥാപന മേധാവിയാണ് ആദിൽ ഖാൻ. പാക്സിതാനിലെ ഏറ്റവും വലിയ മത സംഘടനയായ വിഫാഖ് ഉൽ മദ്രസ് അൽ അറബിയ പാകിസ്താന്റെ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ കൂട്ടിയാണ് അദ്ദേഹം.
സംഭവത്തിന് പിന്നാലെ സിന്ധ് ആഭ്യന്തര വിഭാഗം മോട്ടോർ സൈക്കിളുകളിൽ പുറകിൽ ആളിരുന്ന് പോകുന്നത് തത്കാലത്തേക്ക് നിരോധിച്ചു. പ്രവിശ്യയിൽ അക്രമികൾ മോട്ടോ സൈക്കിളുകൾ അക്രമങ്ങൾക്കായി തിരഞ്ഞെടുക്കുന്നത് കൂടിയ സാഹസിഹ്ഹര്യത്തിലാണ് നടപടി. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിന്ധ് ഗവർണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.