ഇസ്ലാമാബാദ്: അഴിമതി കേസുകളിൽ പ്രതിയായ മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നവംബർ 24നകം ഹാജരാകണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഹാജരായില്ലെങ്കിൽ അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി.
ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ നവാസ് ഷെരീഫ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സ്വീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാക് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. എട്ടാഴ്ചത്തെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാനാണ് പാക് സർക്കാരും കോടതിയും അദ്ദേഹത്തിന് അനുമതി നൽകിയിരുന്നത്. എന്നാൽ 2019 നവംബർ മുതൽ അദ്ദേഹം ലണ്ടനിൽ തന്നെ തുടരുകയാണ്.
സെപ്റ്റംബർ 15ലെ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് വാറണ്ട് കൈമാറാൻ ലണ്ടനിലെ വസതിയിലെത്തിയെങ്കിലും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. നവാസ് ഷെരീഫിനെ തിരിച്ചെത്തിക്കാനായി രണ്ട് പത്രങ്ങളിൽ പരസ്യം നൽകണമെന്നും അവയുടെ ചിലവ് സർക്കാർ വഹിക്കണമെന്നും ഒക്ടോബർ ഏഴിന് കോടതി നിർദേശിച്ചിരുന്നു. കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചാൽ നവാസ് ഷെരീഫിന്റെ സ്വത്തും പാസ്പോർട്ടും കണ്ടുകെട്ടും.