ന്യൂ ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ്. ഹാത്രാസിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയിച്ചാണ് ഈ നടപടി. രാജ്യത്തിനകത്തെ എതിര് ശബ്ദങ്ങളെ നിശ്ബദരാക്കാന്‍ കേന്ദ്രം യുഎപിഎ ഉപയോഗിക്കുമെന്ന് ഞാന്‍ മുമ്പൊരിക്കല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നതാണ്. നമുക്ക് വേണ്ടത് സ്വരാജ്യമാണ്, അതിനുമുമ്പുള്ള ഭരണക്രമമല്ല’- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യുപി പൊലീസ് കേസെടുത്തത്. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ്.
ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യുപി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.
അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.