തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ബിജെപി ഐടി സെല്‍ കോഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന് മുരളിയാണ് അറസ്റ്റിലായത്.
ആലത്തൂര്‍ സിഐ ബോബിന് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട് 67 ബി പ്രകാരം കേസ് എടുത്ത അശ്വിനെ റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും അശ്വിനില്നിന്നും കണ്ടെത്തിയിരുന്നു.
ഗ്രേഡ് എസ്.ഐ റഹിമാന്‍, എ.എസ്.ഐ ബാബു പോള്‍, സി.പി.ഒ സുജിഷ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. കുട്ടികളുടെ നഗ്ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പൊലീസ് നടത്തിയ ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി പാലക്കാട് എസ്.പി യുടെ നിര്‍ദേശാനുസരണമാണ് റെയ്ഡ് നടന്നത്.
ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി 41 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 326 സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.