ലക്നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 40 കോണ്‍ഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹത്രാസിലേക്ക്. പ്രിയങ്കാഗാന്ധി വദ്രയും ഇവര്‍ക്കൊപ്പമുണ്ടാകും.
പെൺകുട്ടിയോടും കുടുംബത്തോടും യുപി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ദുഃഖിതരായ ആ കുടുംബത്തെ കണ്ടുമുട്ടുന്നതിലൂടെ അവരുടെ വേദന പങ്കിടുന്നതിൽ നിന്ന് തന്നെ തടയാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്നും രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഹത്രാസ് ജില്ലയിലെ പെണ്‍കുട്ടിയുടെ ഗ്രാമാതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊബൈല്‍ പിടിച്ചെടുക്കുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.