ലക്നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട ഹത്രാസ് ജില്ലയിലെ ഗ്രാമത്തിന് ചുറ്റും മതില് തീര്‍ത്ത് പൊലീസ്. യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊബൈല്‍ പിടിച്ചെടുക്കുകയും ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്ന ആരോപണമുയരുന്നതിനിടയിലാണ് പൊലീസിന്റെ പ്രതിരോധ നിര ഗ്രാമത്തിന് ചുറ്റും അണിനിരന്നത്.
ഏകദേശം 250 ഓളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ നാലുയൂണിറ്റ് പിഎസി ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഗ്രാമത്തില്‍ നിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിന് രണ്ടുകിലോമീറ്റര്‍ മുമ്പായി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് എല്ലാ പ്രവേശനപാതകളും തടഞ്ഞിരുന്നു. പുറത്തുനിന്നുളളവര്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി പാടത്തും ഇടവഴികളില്‍ പോലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എഎസ്പി പ്രകാശ് കുമാര്‍ പറഞ്ഞു.