പതിനെഴാം നൂറ്റാണ്ടിൽ റോമൻ പണ്ഡിതനായ പിയട്രോ ഡെല്ലാ വാലെ കുര്ദ്ദിസ്ഥാന് സന്ദര്‍ശനത്തെക്കുറിച്ച് തന്റെ യാത്രാവിവരണത്തില്‍ ഇങ്ങനെ എഴുതി, ” കുർദിഷ് സ്ത്രീകൾ ഹിജാബ് ഇല്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. അവർ കുർദിഷ് പുരുഷന്മാരുമായും വിദേശികളുമായും യാതൊരു പ്രശ്നവുമില്ലാതെ ഇടപഴകുന്നു”. അതെ, യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവളാണ് സ്ത്രീയെന്ന പൊതു ബോധത്തിന് പ്രഹരമേല്‍പ്പിച്ചുകൊണ്ട് യുദ്ധഭൂമിയില്‍ തന്റെ സ്വത്വത്തിനും സ്വതന്ത്ര ജീവിതത്തിനും വേണ്ടി പോരാടുന്ന ചുറുചുറുക്കുള്ള പെണ്‍പടകളാണ് കുര്‍ദിസ്ഥാന്റെ വനിത സങ്കല്‍പ്പം. സൗന്ദര്യത്തെ വെല്ലുന്ന ചങ്കൂറ്റമാണ് കുര്‍ദിഷ് വനിതകളുടെ മഹത്വം. ഭീകരതയ്ക്ക് പര്യായമായ ഐഎസിനെപ്പോലും മുട്ടു കുത്തിച്ച ചരിത്രമാണ് അവരുടേത്. സ്ത്രീ സുരക്ഷയും അവകാശ സംരക്ഷണവും ഇന്നും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമ്പോള്‍ അറിയണം, അധിനിവേശ ശക്തികളെ തുരത്തി സ്വത്വം നിലനിര്‍ത്താന്‍ ആയുധങ്ങള്‍ കയ്യിലെടുത്ത കുര്‍ദിസ്ഥാന്റെ പെണ് പോരാളികളെ…
കുര്‍ദിഷ് സൈനിക സംഘടനകളുടെ പിറവി
ആഗോളതലത്തിൽ രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ ഏറ്റവും സംഘര്‍ഷഭരിതമായ ജീവിത സാഹചര്യം അനുഭവിക്കുന്ന വംശങ്ങളിലൊന്നാണ് കുർദുകള്‍. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നീ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലാണ് ഇവർ കൂടുതലായും അധിവസിക്കുന്നത്.
ഒരു നൂറ്റാണ്ടു മുൻപ് ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു കുർദ് പ്രദേശങ്ങളിൽ മിക്കതും. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തകർന്നപ്പോൾ തങ്ങള്‍ക്കായി ഒരു രാഷ്ട്രം പടത്തുയര്‍ത്താനുള്ള കുര്‍ദുകളുടെ പ്രത്യാശകള്‍ക്ക് ആക്കം കൂടി. യുദ്ധത്തിലെ ജേതാക്കളായ ബ്രിട്ടനും ഫ്രാൻസും ഓട്ടോമൻ പ്രദേശങ്ങൾ വെട്ടിമുറിച്ച് ഇറാഖിനും സിറിയയ്ക്കും ജോർദാനും രൂപം നൽകിയപ്പോൾ കുർദുകൾ വിസ്മരിക്കപ്പെട്ടു. അങ്ങനെ അവര്‍ക്ക് അതത് രാജ്യങ്ങളില്‍ ന്യൂനപക്ഷ പദവി സ്വീകരിക്കേണ്ടി വന്നു.
വ്യവസ്ഥാപിത ദേശീയ ഏകീകരണ പ്രക്രിയയിലൂടെ കുർദ് ഭാഷ, സംസ്കാരം, ചരിത്രം എന്നിവയുടെ നിഷേധം, ജനസംഖ്യാപരമായ അസമത്വം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ ബഹിഷ്കരണങ്ങളാണ് റാഡിക്കൽ കുർദിഷ് പ്രസ്ഥാനങ്ങളുടെ പിറവിയിലേക്കു നയിച്ചത്. സ്വന്തം ഭൂമിയെന്നത് എന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ഒന്നാണെന്ന പൊതു തത്വത്തിലധിഷ്ടിതമായിരുന്നു കുര്‍ദിഷ് സായുധ സംഘടനകളുടെ ആരംഭം.
കുർദിഷ് രാഷ്ട്രീയ ബോധം ഉദ്ദീപിപ്പിക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ചത് 1974ല്‍ അബ്ദുള്ള ഒജലാൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട ദി കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പാർത്തിയ കാർകെറെൻ കുർദിസ്താനെ) അഥവ പികെകെ ആയിരുന്നു. പരമ്പരാഗത കുർദിഷ് സാമൂഹ്യഘടന തകർത്ത് കുർദിഷ് രാഷ്ട്ര സ്ഥാപനമാണ് ഒജലാൻ സ്വപ്നം കണ്ടത്. രണ്ടു വ്യാഴവട്ടക്കാലം സിറിയൻ പ്രദേശത്ത് താവളമുറപ്പിച്ച് തുര്‍ക്കിക്കെതിരെ പികെകെ ഭീകരാക്രമണങ്ങള്‍ നടത്തി. 40,000ത്തോളം ജീവനുകളാണ് ഈ പോരാട്ടങ്ങളില്‍ പൊലിഞ്ഞത്. തുര്‍ക്കിയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും പികെകെയെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയതാണ്. എന്നാല്‍ ഐക്യരാഷ്ട്രസഭയും സ്വിറ്റ്സർലൻഡ്, ചൈന, ഇന്ത്യ, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും പികെകെയെ തീവ്രവാദ സംഘടനയായി പരിഗണിച്ചിട്ടില്ല.
സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിനെതിരെ സായുധ കലാപം പൊട്ടിപ്പുറപ്പെട്ട് ഏകദേശം നാല് വർഷത്തിന് ശേഷമാണ് കുർദിഷ്, അറബ് സൈനികരുടെ കൂട്ടായ്മയായ എസ്ഡിഎഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ്) 2015 ൽ സ്ഥാപിതമായത്. ചരിത്രപരമായി വിവേചനം നേരിടുന്നതിന്റെ പേരില്‍ വടക്കുകിഴക്കൻ സിറിയയില്‍ ഈ കുർദിഷ് സംഘം സ്വയംഭരണത്തിനായി പോരാട്ടം നടത്തി. എസ്ഡിഎഫ് പികെകെയുമായി സഖ്യത്തിലാണെന്നാണ് തുര്‍ക്കി കുറ്റപ്പെടുത്തുന്നത്. പികെകെയോടുള്ള സമീപനത്തിലെ കാർക്കശ്യമാണ് സിറിയയിലെ കുർദുകളോടുള്ള തുർക്കിയുടെ നയത്തിലും പ്രതിഫലിക്കുന്നത്.
തുർക്കിയുമായി ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സിറിയയിലെ വലിയൊരു ഭാഗം എസ്ഡിഎഫിന്റെ നിയന്ത്രണത്തിലാണ്. ഇതു സിറിയയുടെ ഏതാണ്ട് നാലിലൊന്നുവരും. ഇത്രയും വലിയൊരു പ്രദേശം സിറിയൻ കുർദുകളുടെ അധീനതയിൽ തുടരുന്നതില്‍ തുര്‍ക്കിക്ക് അപകടം മണക്കുന്നുമുണ്ട്. മതേതരവും ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ സിറിയയെ സൃഷ്ടിക്കുന്നതിനുള്ള പോരാട്ടങ്ങളാണ് എസ്ഡിഎഫിന്റെ ലക്ഷ്യം. വൈപിജി അഥവ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് എസ്ഡിഎഫിന്റെ പ്രാഥമിക ഘടകം. മറ്റൊന്ന് സത്രീകളുടെ സൈനിക സംഘടനയായ വൈപിജെ അല്ലെങ്കില്‍ വുമണ്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്.
ആഭ്യന്തര യുദ്ധത്തിൽ ഉൾപ്പെട്ട വിവിധ ഇസ്ലാമിക്- അറബ് വിമത ഗ്രൂപ്പുകളാണ് എസ്ഡിഎഫിന്റെ പ്രധാന എതിരാളികൾ. ഐഎസ്ഐഎല്‍, തുർക്കി പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി (ടിഎഫ്എസ്എ), അൽ-ക്വയ്ദ അനുബന്ധ സംഘടനകള്‍, തുർക്കിയും അവരുടെ സഖ്യകക്ഷികളും തുടങ്ങിയവ ഇതില്‍ പെടും. എന്നിരുന്നാലും ഇസ്ലാമിക് സ്റ്റേറ്റ് തന്നെയായിരുന്നു എസ്ഡിഎഫിന്റെ മുഖ്യ ശത്രു. സിറിയയിലെ ബഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമാക്കിയാണ് അമേരിക്ക എസ്ഡിഎഫിന് പണവും ആയുധങ്ങളും നല്കി പൂര്‍ണ്ണ പിന്തുണയോടെ കൂടെ നിന്നത്. എന്നാല്‍, റഷ്യയുടെ രംഗപ്രവേശത്തോടെ അസദിനെ മാറ്റുക അസാധ്യമാണെന്ന് കണ്ട അമേരിക്ക ഐഎസിനെതിരെ കുര്‍ദ് സേനയെ ഉപയോഗിച്ചു. ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം മാത്രമാണ് അമേരിക്ക നടത്തിയത്. കരയില്‍ ഐഎസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് കുര്‍ദുകളായിരുന്നു.
2019 മാർച്ചിൽ, സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റിന്റെ കാലിഫേറ്റ് ഭരണത്തിന് എസ്ഡിഎഫ് അന്ത്യം കുറിച്ചു. ഐഎസിന്റെ അവസാന ശക്തികേന്ദ്രമായ ബാഗൂസിന്റെ നിയന്ത്രണം എസ്ഡിഎഫ് ഏറ്റെടുക്കുകയും ചെയ്തു. ഐഎസ് കീഴടങ്ങിയതിനു പിന്നാലെ കുര്‍ദ് സൈന്യത്തിന് നല്കി വന്ന പിന്തുണ അമേരിക്ക പിന്‍വലിച്ചത് ആഗോള തലത്തില്‍ ചര്‍ച്ച വിഷയമായിരുന്നു. പിന്നില്‍ നിന്ന് കുത്തിയ ഈ നടപടിക്കു ശേഷം വടക്കൻ സിറിയയിലെ വർദ്ധിച്ചുവരുന്ന തുർക്കി അധിനിവേശത്തെ നേരിടുന്ന ദൗത്യം എസ്ഡിഎഫില്‍ നിക്ഷിപ്തമായി.
തങ്ങളുടേതായ ഒരു ഗേഹം വേണമെന്ന സ്വപ്ന സാഫല്യത്തിന് ലോക ശക്തികളുമായി പോരാടുമ്പോള്‍ പാരാകെ അമ്പരപ്പോടെ നോക്കി നിന്ന മറ്റൊരു പ്രത്യേകത കുര്‍ദ് സേനയ്ക്കുണ്ട്. സ്ത്രീയെന്ന പദത്തെ പുനര്‍നിര്‍വ്വചിക്കുന്ന, ആയുധങ്ങള്‍ ആഭരണമാക്കിയ കുര്‍ദിഷ് വനിത പടയാളികളുടെ വീറും വാശിയും ആത്മ സമര്‍പ്പണവും തന്നെയാണത്.
‘ആയുധ’ വിഭൂഷിതരായ കുര്‍ദ് സുന്ദരികള്‍
വൈപിജി എന്ന് പില്ക്കാലത്ത് അറിയപ്പെട്ട വൈഎക്സ്ജി സ്ഥാപിതമായതു മുതല്‍ സിറിയൻ കുർദിഷ് പ്രതിരോധ പോരാട്ടത്തിൽ സ്ത്രീകള്‍ ഏർപ്പെട്ടിരുന്നു. എന്നാല്‍, 2013 ഏപ്രിൽ 3 നാണ് കുര്‍ദിഷ് വനിതാ സംഘടനയായി വൈപിജെ സ്ഥാപിതമായത്. 2014 അവസാനത്തോടെ, 18 നും 40 നും ഇടയിൽ പ്രായമുള്ള 7,000 ത്തിലധികം സന്നദ്ധ പ്രവർത്തകർ വൈപിജെയിലുണ്ടായിരുന്നു. 2016 നവംബറോടെ വൈപിജെ പോരാളികളുടെ എണ്ണം 20,000 ആയി ഉയർന്നു. 2017 ഓഗസ്റ്റില്‍ ഇത് 24,000 ആയി. പാശ്ചാത്യ ശക്തികളുടെ പിന്തുണ ലഭിക്കുന്നതിന് മുമ്പ്, കരിഞ്ചന്തയിൽ വാങ്ങിയ വിന്റേജ് റഷ്യൻ കലാഷ്നികോവുകള്, കൈകൊണ്ട് നിർമ്മിച്ച ഗ്രനേഡുകൾ, ടാങ്കുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു യുദ്ധമുഖത്ത് ഈ കുര്‍ദ് സൈന്യം ധൈര്യപൂര്‍വ്വം പൊരുതിയത്.
പികെകെയാണ് ആദ്യമായി സ്ത്രീകളെ യുദ്ധമുഖത്തെത്തിച്ചത്. കുര്‍ദിഷ് നേതാവായ അബ്ദുള്ള ഒജലാന്റെ ലിംഗ സമത്വ ശാസ്ത്രമാണ് വൈപിജെയുടെ പ്രധാന ആശയം. 1990 കളുടെ ആരംഭത്തിൽ, കുർദിഷ് പ്രസ്ഥാനത്തിന്റെ ‘അടിസ്ഥാന ഉത്തരവാദിത്വം’ സ്ത്രീകളെ മോചിപ്പിക്കുകയെന്നതാണെന്ന് ഒജലാൻ വാദിച്ചിരുന്നു. കുർദിഷ് വിമോചനത്തിന് ലിംഗസമത്വവും സ്ത്രീ വിമോചനവും ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പികെകെ 1995ല്‍ തന്നെ ആദ്യത്തെ വനിതാ യൂണിറ്റുകളും സ്ഥാപിച്ചിരുന്നു. വൈപിജെയിൽ ചേരുന്ന സ്ത്രീകൾ, ആദ്യഘട്ടത്തില്‍ സൈനിക തന്ത്രങ്ങൾ അഭ്യസിക്കുന്നതിനോടൊപ്പം ഒജലാന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളും പഠിക്കുന്നുണ്ട്.
ഇറാഖിലെ കുര്‍ദിഷ് സൈന്യമായ പെഷ്മര്‍ഗ( മരിക്കാന്‍ തയ്യാറായവര്‍ എന്നര്‍ത്ഥം)യിലും വന്‍ തോതില്‍ സ്ത്രീ സാന്നിദ്ധ്യം കാണാം. ഇറാഖ്-കുർദിഷ് പോരാട്ടത്തിനിടയിൽ ഭൂരിഭാഗം സ്ത്രീകളും പെഷ്മെർഗയിൽ ക്യാമ്പുകൾ പണിയുക, പരിക്കേറ്റവരെ പരിചരിക്കുക, യുദ്ധോപകരണങ്ങളും സന്ദേശങ്ങളും വഹിക്കുക തുടങ്ങിയ സേവനങ്ങള്‍ ചെയ്തു. നിരവധി വനിതാ ബ്രിഗേഡുകൾ സൈന്യത്തിന്റെ മുൻ നിരയിൽ നിന്ന് നിര്‍ണ്ണായക പങ്ക് വഹിച്ചു. പരേഡ് ഡ്രില്ലുകള്‍ വിവിധ റൈഫിളുകൾ, മോർട്ടാറുകൾ, ആർപിജികൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന യുദ്ധ തന്ത്രങ്ങള്‍ പരിശീലിച്ചാണ് വനിത സൈനികര്‍ യുദ്ധമുഖത്തിറങ്ങുന്നത്. 1969 ല്‍ കൊല്ലപ്പെട്ട മാർഗരറ്റ് ജോർജ്ജ് ഷെല്ലോ ആയിരുന്നു ഏറ്റവും പ്രശസ്തമായ വനിതാ പെഷ്മെർഗ.
ആയുധമെടുത്ത് ഇസ്ലാമിക ചിന്താഗതിയും സാമൂഹിക പാരമ്പര്യങ്ങളും മാറ്റിമറിക്കുകയാണ് ഈ പെണ്‍പട ചെയ്യുന്നത്. മതന്യൂനപക്ഷങ്ങളെയും വിമതരെയും സ്ത്രീകളെയും ജനാധിപത്യത്തിന്റെ കേന്ദ്രമായി കാണുന്ന കുര്‍ദിഷ് ദേശീയതയുടെ വിശാല സമീപനമാണിത്. സ്ത്രീകൾ വ്യവസ്ഥാപിതമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്ത് സ്ത്രീ സമൂഹത്തിന്റെ ഒരു സുപ്രധാന നേട്ടമായാണ് വൈപിജെ അന്താരാഷ്ട്ര തലത്തില്‍ പരിഗണിക്കപ്പെടുന്നത്. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും സൈന്യത്തിന്റെ ഭാഗമാകാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ബ്രിട്ടീഷ് വംശജയായ അന്ന ക്യാമ്പ്ബെൽ, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ നിന്നുള്ള ഹന്ന ബോഹ്മാൻ എന്നിവര്‍ ഉദാഹരണങ്ങള്‍.
വെടിയും പുകയും നിറഞ്ഞ പോര്‍ക്കളത്തില്‍ സ്വന്തം ജീവന് ബലികൊടുക്കാന്‍ സന്നദ്ധരായി ശത്രുക്കള്‍ക്ക് നേരെ നെഞ്ച് വിരിച്ച് നില്ക്കുന്ന ചിത്രം നമ്മുടെ പൊതു ബോധത്തിലുള്ള സ്ത്രീ സങ്കല്‍പ്പത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? സ്വപ്നത്തില്‍ പോലും അങ്ങനെയൊരു ചിന്ത കടന്നു വരില്ലെന്നതാണ് വാസ്തവം. പിന്നെ എന്തുകൊണ്ട് കുർദിഷ് സ്ത്രീകൾ യുദ്ധക്കളത്തില്‍ പുരുഷന് സമാസമം നിന്ന് പൊരുതുന്നു? അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?
ലിംഗ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ പ്രസംഗങ്ങളില്‍ മാത്രമല്ല പ്രവൃത്തിയിലും കാട്ടുന്നവരാണ് കുര്‍ദിഷ് ജനതയെന്ന് അമേരിക്കൻ സർവകലാശാല പ്രൊഫസറായ ഏമി ഓസ്റ്റിൻ ഹോംസ് ഒരിക്കല്‍ വ്യക്തമാക്കുകയുണ്ടായി. അമേരിക്കന്‍ സഖ്യശക്തിയായി ഐഎസിനെതിരെ പോരാടിയ വൈപിജെ സൈനികരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്താണ് ഏമി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
സ്വന്തമായി ഒരു രാജ്യം പടുത്തുയര്‍ത്തുക എന്നത് മാത്രമല്ല ഈ വനിതകള്‍ സൈന്യത്തില്‍ ചേരാനുള്ള കാരണം. കേള്‍ക്കുമ്പോള്‍ രസകരമാണെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ കഴമ്പുള്ള മറ്റൊരു കാരണം കൂടി ഉണ്ട്. വീട്ടുകാര്‍ നിശ്ചയിക്കുന്ന വിവാഹങ്ങളില്‍ നിന്ന് രക്ഷപ്പെടുക. ഇളം പ്രായത്തില്‍ വിവാഹം കഴിച്ച് പുരുഷാധിപത്യത്തിലുള്ള സമൂഹത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം. വൈപിജെ പോരാളികള്ക്കിടയില് നടത്തിയ സര്‍വ്വെയിലാണ് ഏമി ഓസ്റ്റിൻ ഹോംസ് ഈ കണ്ടെത്തലില്‍ എത്തുന്നത്. എന്നാല്‍, അധിനിവേശ ശക്തികളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും സ്വയം സംരക്ഷണം തേടാന്‍ ആയുധമെടുക്കുകയല്ലാതെ മറ്റ് വഴികളിലില്ലെന്നത് തന്നെയാണ് ഈ പെണ്‍പട ആത്യന്തികമായി നല്കുന്ന സന്ദേശം.