ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡ് ഉള്ള താരമാണ് അമിത് മിശ്ര. ലസിത് മലിംഗ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം. തീതുപ്പുന്ന പന്തുകളിലൂടെയാണ് മലിംഗ വിക്കറ്റുകൾ പിഴുതതെങ്കിൽ ആരെയും വട്ടം കറക്കുന്ന സ്പിൻ ബൗളിങ്ങിലൂടെയാണ് അമിത് മിശ്ര ബാറ്റ്സ്മാന്മാരെ പവലിയനിലേക്ക് തിരിച്ചു നടത്തിച്ചത്. ആ മികവാണ് മിശ്രയെ ഐപിഎലിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർ ബൗളറാക്കിയത്.
എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ കാര്യമായി അവസരം മിശ്രയ്ക്ക് ലഭിച്ചിട്ടില്ല. ഐപിഎലിന്റെ തുടക്കം മുതൽ ഡൽഹിക്ക് വേണ്ടി കളിക്കുന്ന മിശ്ര ഏറെ സ്ഥിരതയുള്ള താരം കൂടിയാണ്. എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അദ്ദേഹം പുറത്താണ്. വിദേശതാരങ്ങൾക്കെതിരെ കൃത്യമായ ലൈനിലും ലെങ്ങ്തിലും ബൗൾ എറിയുന്ന താരം നിലവിൽ രാജ്യത്തെ തന്നെ മികച്ച ലെഗ് സ്പിന്നർ കൂടിയാണ്. 148 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 157 വിക്കറ്റുകൾ നേടാനായിട്ടുണ്ട് മിശ്രയ്ക്ക്.
എന്നാൽ, മിശ്രക്ക് അന്താരാഷ്ട്ര ട്വന്റി 20 യിൽ കളിക്കാൻ ആകെ അവസരം കിട്ടിയത് 10 കളികളിൽ മാത്രമാണ്. ഇതിൽ 16 വിക്കറ്റുകൾ എടുക്കാനും മിശ്രക്ക് കഴിഞ്ഞിട്ടുണ്ട്. സ്പിന്നർ ബൗളർമാർക്ക് ഏറെ അനുയോജ്യമായ ടെസ്റ്റ് മത്സരങ്ങളിൽ 22 തവണ മാത്രമാണ് മിശ്രക്ക് അവസരം ലഭിച്ചത്. ഇത്രയും മത്സരങ്ങളിൽ 76 വിക്കറ്റുകളും മിശ്ര നേടി. ആകെ കളിച്ച 36 ഏകദിനനത്തിൽ നിന്നും 64 വിക്കറ്റുകളുടെ നേട്ടവും മിശ്രയുടെ പേരിലുണ്ട്. അവസാനമായി ഒരു ടെസ്റ്റ് മത്സരത്തിനായി മിശ്ര ബൗൾ എടുത്തത് 2016 ലാണ്.
ഇത്രയും മികച്ച സ്റ്റാറ്റസ് ഉണ്ടായിട്ടും കൂടുതൽ അവസരങ്ങൾ മിശ്രയ്ക്ക് ലഭിച്ചില്ല. എന്നാൽ അതോർത്ത് സങ്കടപ്പെടാനും തലപുകഴ്ക്കാനും തയ്യാറല്ല അമിത് മിശ്ര എന്ന 37 കാരൻ. എന്ത് കിട്ടിയില്ല എന്നതിലല്ല, ഇപ്പോൾ എന്തുണ്ട് എന്ന് ചിന്തിക്കാനാണ് മിശ്രയ്ക്ക് ഇഷ്ടം.
‘ഞാനൊരു അണ്ടർ റേറ്റഡ് താരമാണോ എന്ന് എനിക്കറിയില്ല. എപ്പോഴും വളരെ മുൻകൂട്ടി ചിന്തിക്കുന്ന ആളാണ്, അതിനാൽ എന്റെ മനസ് പലവഴിക്ക് തിരിയും. ഇപ്പോൾ എന്റെ ജോലിയിൽ മാത്രമാണ് എന്റെ ശ്രദ്ധ’ – കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ പ്രസ് കോൺഫറൻസിനിടെ അമിത് മിശ്ര പറഞ്ഞു.
‘സത്യസന്ധമായി പറയട്ടെ, ഞാനർഹിക്കുന്നത് എനിക്ക് കിട്ടിയില്ല. പക്ഷെ അതിൽ കുഴപ്പമില്ല. ജനങ്ങൾക്ക് അറിയാം ആരാണ് അമിത് മിശ്രയെന്ന്. എനിക്ക് അത് മതി’ – ഇന്ത്യൻ ടീമിൽ കാര്യമായി അവസരം ലഭിക്കാത്തതിലുള്ള നിരാശയോടെ മിശ്ര കൂട്ടിച്ചേർത്തു.
പ്രസ് കോൺഫറൻസിനിടെ ഹരിയാനയിലെ തന്റെ സഹതാരമായിരുന്ന രാഹുൽ തിവേദ്യയെ പ്രശംസിക്കാനും താരം മറന്നില്ല. രാജസ്ഥാൻ റോയൽസിന് വേണ്ടി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രശംസ. എല്ലാരുടെയും പ്രതീക്ഷകളെയും അട്ടിമറിച്ച് മികച്ച പ്രകടനമാണ് രാഹുൽ നടത്തിയത്. ഇത് എല്ലായിപ്പോഴും സംഭവിക്കുന്ന ഒന്നല്ല. പക്ഷെ ഇത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഇന്നിംഗ്സ് ആണെന്നും മിശ്ര പറഞ്ഞു. കാപിറ്റലിസിന് വേണ്ടി 2018 ൽ ഒരുമിച്ച് കളിച്ചിരുന്നു ഇരുവരും.