ഭരണകൂടത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ അജണ്ടകള്‍ക്ക് വിധേയപ്പെട്ട് ചരിത്രം പോലും പുനര്‍വ്യാഖ്യാനിക്കപ്പെടുന്ന അസാധാരണമായ സ്ഥിതി വിശേഷങ്ങള്‍ക്കാണ് നാം സാക്ഷിയാകുന്നത്. ഇവിടെ മനഃപ്പൂര്‍വ്വം വിസ്മരിക്കപ്പെടുന്ന ചില ചരിത്ര സത്യങ്ങള്‍ പുതു തലമുറയെ ഓര്‍മ്മപ്പെടുത്തേണ്ടത് അനിവാര്യമാണ്. മനുഷ്യമനസ്സിനെ അതിരില്ലാതെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള, കാമ്പുള്ള കലാസൃഷ്ടികള്‍ ഒരു പരിധി വരെ ഈ ദൗത്യം സാധൂകരിക്കും. സമീപകാലത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ധീര ദേശാഭിമാനിയുടെ വീരഗാഥകള്‍ പാടി വടക്കേ മലബാറിലെ ഒരു കൂട്ടം സുഹൃത്തുക്കള്‍ പ്രശംസകള്‍ ഏറ്റുവാങ്ങുന്നത് ഈ വിധമാണ്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സാമ്രാജ്യത്വ വിരുദ്ധ സമര ഗാഥകളെ വര്‍ഗീയതയിലൂന്നിയ തീവ്ര ദേശീയവാദം ഹിന്ദുത്വ വിരുദ്ധമായി ചിത്രീകരിക്കുന്നിടത്താണ് ‘വാരിയന്‍ കുന്നന്’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രസക്തി. രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് പോലും തുടച്ചു നീക്കപ്പെടുന്ന മഹത്തായ ചരിത്ര സ്മരണകള്‍ ഗസല്‍ സംഗീതത്തിന്റെ അതിമാധുര്യത്തോടെ അവതരിപ്പിക്കുകയാണ് ഈ കലാകാരന്മാര്.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശികളുടെ സുഹൃത് വലയത്തിനുള്ളിലാണ് വാരിയന്‍ കുന്നന് എന്ന ആല്‍ബം പിറക്കുന്നത്. ഹോട്ടല്‍ ബിസിനസുകാരനായ ഈറ്റിശ്ശേരി ഷാനവാസ്, ലോക്ക് ഡൗണ്‍ സമ്മാനിച്ച ഒഴിവുവേളയില്‍ രചിച്ച വരികള്‍ കവ്വാലി ഗസല്‍ ഭാവത്തില്‍ തരംഗമാവുകയാണ്. വാരിയന്‍ കുന്നനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ വെളിച്ചത്തില്‍ താനറിയുന്നതും പഠിച്ചതുമായ ചരിത്ര സത്യങ്ങളാണ് ഷാനവാസ് കോറിയിട്ടത്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഏറ്റവും ലളിതമായി അവതരിപ്പിച്ച വരികള്‍ക്ക് കമറുദ്ദീന് കീച്ചേരി ഈണം നല്കി റഷീദ് അമ്മാനപ്പാറ പാടിയപ്പോള്‍ അത് കാതിന് ഇമ്പം പകര്‍ന്നു. ഇതിനു പിന്നാലെ കാലിക പ്രസക്തമായ വിഷയം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താം എന്ന ആശയവുമായി സുഹൃത്തുക്കളെത്തി. ദൃശ്യാവിഷ്കാരത്തിലൂടെ ഗാനം കൂടുതല്‍ പേരിലെത്തിക്കാന്‍ തീരുമാനമാകുന്നതും അങ്ങനെ തന്നെ.
ദുബായില്‍ ബിസിനസുകാരനായ കെവി സത്താര്‍ ആല്‍ബത്തിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തപ്പോള്‍ സുഹൃത്തുക്കള്‍ക്ക് അതൊരു ഊര്‍ജ്ജമായി. സൂപ്പര്‍ സിദ്ദിഖ്, ശിഹാബ് ഷിയ എന്നിവരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. കവ്വാലി രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെങ്കിലും തീര്‍ത്തും വ്യത്യസ്തമായൊരു ദൃശ്യാവിഷ്കാരമാണ് ആല്‍ബത്തിന്റെ പ്രത്യേകത. ഒരു മരമില്ലില്‍, മുതിര്‍ന്ന കാരണവരും തൊഴിലാളികളും തമ്മിലുള്ള സംഭാഷണ രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. കൂട്ടായ്മയില്‍ ഒരാളായ ദില്‍ഷാദ് പാലക്കോടന്റെതായിരുന്നു ഈ വേറിട്ട ആശയം. നിയാസ് ഈറ്റിശ്ശേരി, സുനീർ ഞാറ്റുവയൽ, ജുറൈജ്, റഷീദ് അമ്മാനപ്പാറ, ഇബ്രാഹിം കൊറ്റി, ഈറ്റിശ്ശേരി ഷാനവാസ് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആല്‍ബത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത് ഇവരുടെ സുഹൃത് വലയത്തില്‍ ഒരാളായ ഖലീല്‍ കായക്കൂല്‍ ആയിരുന്നു.
മുനവ്വറലി ശിഹാബ് തങ്ങളാണ് ആല്‍ബം ആദ്യമായി ഫേസ്ബുക്കില്‍ പങ്കുവച്ചത്. ദിവസങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വളരെ നല്ല പ്രതികരണം ആല്‍ബത്തിന് ലഭിച്ചു. സിനിമ സാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പ്രശംസകളുമായി സമീപിച്ചിരുന്നുവെന്ന് ഗാനരചയിതാവ് ഈറ്റിശ്ശേരി ഷാനവാസ് പറഞ്ഞു. “ഗസലായാണ് അവതരിപ്പിച്ചതെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വരികളുടെ അര്‍ത്ഥം വളരെ എളുപ്പത്തില്‍ മനസിലാകുന്നു, ചരിത്രം ലളിതമായി പറയാന്‍ സാധിച്ചു തുടങ്ങി നിരവധി കമന്റുകള്‍ വന്നത് ഇനിയും ഇത്തരം കലാസൃഷ്ടികള്‍ ആവിഷ്കരിക്കാന്‍ പ്രചോദനമാണ്”- ഷാനവാസ് പറയുന്നു.
അതേസമയം, ഏറെ വിവാദം സൃഷ്ടിച്ച വിഷമായതിനാല്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. “തെറ്റിദ്ധാരണകളാണ് പറഞ്ഞു പരത്തുന്നത്, ഗാനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളോട് യോജിക്കാനാവില്ല എന്നൊക്കെയായിരുന്നു മിക്ക വിമര്‍ശനങ്ങളും. എന്നാല്‍, ചരിത്ര പുസ്തകങ്ങള്‍ നന്നായി പഠിച്ചതിനു ശേഷമാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഇതിനെതിരായ രേഖകള്‍ ഹാജരാക്കുകയാണെങ്കില്‍ കൃത്യമായ പഠനം നടത്തി അവ പരിഗണിക്കാമെന്നാണ് ഇത്തരം വിമര്‍ശകര്‍ക്ക് നല്കിയ മറുപടി” ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധികളും അനിശ്ചിതത്വവും മാത്രമല്ല ഈ കോവിഡ് കാലം നല്‍കുന്നത്. അതിജീവനത്തിന്റെ മഹത്തായ പാഠങ്ങളുമാണ്. രോഗഭീതിയും വഴിമാറിയ ജീവിതസാഹചര്യങ്ങളും അലോസരപ്പെടുത്തുമ്പോഴും പ്രതികൂലസാഹചര്യങ്ങളെ മറികടന്ന് മുന്നോട്ട് കുതിക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര ഈ മഹാമാരിക്കാലത്ത് കാണാം. അതിന് ഉത്തമ ഉദാഹരണമാണ് സമൂഹത്തെ സ്വാധീനിക്കാനാവുന്ന ഇത്തരം കലാസൃഷ്ടികള്‍.