ചൈന നിരന്തരമായി നടത്തി വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചകൾക്ക് വിധേയമാവുകയാണ്. സിൻജിയാങ്ങിലും ഹോങ്കോങ്ങിലുമൊക്കെ ചൈന നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. ചൈനയോട് എത്രയും പെട്ടന്ന് ഇവിടങ്ങളിൽ നിയമ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയാണ് പാശ്ചാത്യ രാജ്യങ്ങൾ.
വെള്ളിയാഴ്ച നടന്ന 45 മത് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിന്റെ യോഗത്തിൽ ഹ്യൂമൻ റൈറ്സ് വാച്ചിന്റെ ജോൺ ഫിഷർ ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. 60 ലേറെ രാജ്യങ്ങളിലെ 300 ലേറെ സംഘടനകളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ചൈനയിലെ പ്രശനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്.
ഹോംഗ് കോങ്ങ്, ടിബറ്റ്, സിൻജിയാങ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന ക്രൂരതകൾ ഐക്യരാഷ്ട്ര സഭയുടെ 50 പേരടങ്ങിയ വിദഗ്ധ സംഘം ഉയർത്തികാണിക്കുകയുണ്ടായി. ഇവിടങ്ങളിലെ പ്രതിഷേധക്കാരെയും, മാധ്യമപ്രവർത്തകരെയും, അഭിഭാഷകരെയും, സർക്കാരിനെ വിമർശിക്കുന്നവരെയും ചൈന അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണ് – ജോൺ ഫിഷർ പറഞ്ഞു.
ഇത് കൂടാതെ, വിദേശത്തുള്ള ചൈനീസ് വിമർശകരെയും മറ്റും ചൈന ലക്ഷ്യം വെക്കുന്നതായും ഫിഷർ പറഞ്ഞു. ഒരു രാജ്യവും നിയമത്തിന് മുകളിലല്ല. ചൈന ഇപ്പോൾ അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത യൂറോപ്യൻ യൂണിയൻ ഓഫ് ജ്യൂയിഷ് സ്റുഡന്റ്സിൽ നിന്നുള്ള ഉയിഗുർ വംശജനായ വിദ്യാർത്ഥി അബ്ദുൽശുകൂർ അബ്ദുറിക്സിറ്റ് തന്റെ കുടുംബം ഉൾപ്പെടെയുള്ളവർ ചൈനയിൽ അനുഭവിക്കുന്ന പീഡനത്തെ കുറിച്ചും വംശഹത്യയെ കുറിച്ചും വ്യക്തമാക്കി. ‘വംശഹത്യക്കൊപ്പം നിർബന്ധിത വന്ധ്യകരണവും അവയവ കൈമാറ്റം ഉൾപ്പെടെയുള്ള ക്രൂരതകൾ എന്റെ ജനതയോട് ചൈന ചെയ്യുകയാണ്. എന്റെ കുടുംബം ചൈനയുടെ കോൺസെൻട്രേഷൻ ക്യാമ്പിലാണ്. എന്റെ സഹോദരനെ അടിമയാക്കി അവർക്ക് വേണ്ടി ജോലി ചെയ്യിച്ച് കൊണ്ടിരിക്കുകയാണ്.’ – അബ്ദുറിക്സിറ്റ് പറയുന്നു.
സിൻജിയാങിൽ നടക്കുന്നത് സമാനതകളില്ലാത്ത വംശഹത്യയാണ്. യുഎന്നിന്റെ വംശഹത്യ വിഷയത്തിലുള്ള കൺവെൻഷനിൽ പറഞ്ഞതിനേക്കാൾ വളരെ വലിയ രീതിയിലാണ് ചൈന സിൻജിയാങിൽ നടത്തി വരുന്നത്. യുഎന്നിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ഇവിടുത്തെ ജനം അനുഭവിക്കുന്ന പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ലോകം മുഴുവനുമുള്ള സർക്കാരുകൾ.
ഒരു പ്രത്യേക കമ്മറ്റി രൂപീകരിച്ച് എന്റെ ദേശത്ത് നടക്കുന്ന വംശഹത്യയെ ലോക ശ്രദ്ധയിൽ കൊണ്ട് വരാനും ഈ വംശഹത്യ അവസാനിപ്പിക്കാനും അടിയന്തിര ഇടപെടൽ നടത്തണം – അബ്ദുറിക്സിറ്റ് ആവശ്യമുന്നയിച്ചു.
അതേസമയം, ചൈന ഹോംഗ് കോങ്ങിൽ കൊണ്ടുവന്ന പുതിയ സുരക്ഷാ നിയമം നടപ്പിൽ വരുത്തന്നതിന് പിന്നിൽ എതിർക്കുന്നവരെ ഇല്ലാതാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് എന്ന് ബ്രിട്ടന്റെ താരിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. പ്രത്യേക കേസുകളുടെ വിചാരണ ചൈന മെയിൻ ലാൻഡിലേക്ക് മാറ്റുന്നതോടെ കാലങ്ങളോളം വിചാരണകൂടാതെ ഇവരെ തടവിലാക്കാനും നിയമ സഹായം തേടാനോ സാധിക്കാതെ കിടക്കേണ്ടി വരുന്നതിനും കാരണമാക്കും. നിയമ സ്വാതന്ത്ര്യം എന്നത് ഇതോടെ ഹനിക്കപ്പെടും – അദ്ദേഹം കൂട്ടിച്ചേർത്തു.
സിൻജിയാങിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ, ചൈനീസ് അതോറിറ്റിറ്റികളിൽ നിന്ന് ഉൾപ്പെടെയുള്ള ക്രോഡീകരിച്ച രേഖകളുണ്ട്. അവരുടെ സാംസ്കാരികവും മതപരവുമായ കാര്യങ്ങളെ നിരോധിച്ചതിനും നിർബന്ധിത ജനന നിയന്ത്രണത്തിനും നിർബന്ധിത ജോലി എടുപ്പിക്കുന്നതിനും ഉള്ള വിശ്വസനീയ റിപോർട്ടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട് ;- താരീഖ് അഹമ്മദ് പറയുന്നു.
യൂറോപ്യൻ യൂണിയന്റെ ജർമ്മൻ പ്രതിനിധി മൈക്കൽ ഫ്രയർ ഇക്കാര്യത്തിൽ പറഞ്ഞത്, ഒരുപാട് തവണ ചൈനയോട് സിൻജിയാങിലേക്കും ഉയ്ഗൂർ വിഭാഗം താമസിക്കുന്ന സ്ഥലത്തേക്കും സ്വാതന്ത്ര്യ നിരീക്ഷണത്തിനായി പ്രവേശനം ആവശ്യപ്പെട്ടു. യുഎൻ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമീഷൻ ഉൾപ്പെടെ ആവശ്യമുന്നയിച്ചു എന്നാണ്. അത്പോലെ തന്നെ ദേശീയമായും അന്താരാഷ്ട്ര തലത്തിലും മനുഷ്യാവകാശം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉയരുന്ന ആവശ്യങ്ങളും ചൈനയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ടിബറ്റിലും മറ്റും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളും ശ്രദ്ധയിൽപ്പെടുത്തി.
ചൈനയിൽ യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ പഠന ക്യാമ്പുകളും ശ്രദ്ധയും ചെലുത്തുന്നുണ്ട്. മതപരമായ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ പീഡനത്തിലും തങ്ങളുടെ ശ്രദ്ധ എത്തുന്നുണ്ട്. നിർബന്ധിത തൊഴിലിലും വന്ധ്യകരണത്തിലും ഈ പ്രദേശങ്ങളിൽ തങ്ങൾ അതിന്റെ വ്യാപ്തി മനസിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
കാനഡ അംബാസഡർ ലെസ്ലി നോർട്ടനും വിഷയത്തിൽ പ്രതികരിച്ചു. ഉയിഗുർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് സമാനതകളില്ലാത്ത ക്രൂരതയാണ് നടക്കുന്നത്. ജനങ്ങളെ തടങ്കലിൽ പാർപ്പിക്കലും, കുട്ടികളെ മാതാപിതാക്കളുടെ കയ്യിൽ നിന്ന് വേർപിരിക്കലും, നിരീക്ഷിക്കപ്പെടലും, നിർബന്ധിത തൊഴിലെടുപ്പും, നിര്ബന്ധിത വന്ധ്യകരണവും ഉയിഗുർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്നതായി ഇവരും വ്യക്തമാക്കുന്നു.