ലഖ്നോ: പശ്ചിമ യു.പിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് യുവതിയുടെ നില ഗുരുതരാവസ്ഥയില്‍. യുവതിയുടെ നില അതിഗുരുതരമാണെന്നും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുമെന്നും യുവതി നിലവില്‍ ചികിത്സയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്.
കഴിഞ്ഞ 14നാണ് വയലില്‍ പുല്ല് അരിയാന്‍ പോയ യുവതിയെ നാല് പേര് ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ശരീരമാസകലം മുറിവേല്‍പ്പിക്കുകയും യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബര്‍ 14നാണ് സംഭവം നടന്നത്. പൊലീസ് ആദ്യം തങ്ങളെ സഹായിക്കാന്‍ തയാറായില്ലെന്നും വലിയ പ്രതിഷേധമുയര്‍ന്നതിന് ശേഷമാണ് പ്രതികളെ പിടികൂടിയതെന്നും യുവതിയുടെ കുടുംബം പറഞ്ഞു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് മുഴുവന്‍ പ്രതികളെയും പിടികൂടിയത്.
എന്നാല്‍, കേസില്‍ അലംഭാവം കാണിച്ചിട്ടില്ലെന്നാണ് യു.പി പൊലീസ് അവകാശപ്പെടുന്നത്. ഒരു പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് മറ്റ് മൂന്നുപേരെ കുറിച്ച് വിവരം ലഭിച്ചത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ പരിഗണിക്കാന്‍ ജില്ല ജഡ്ജിയോട് അഭ്യര്‍ഥിച്ചതായും പൊലീസ് അവകാശപ്പെട്ടു.