പതിനാറ്റുകളായി ഇന്ത്യന്‍ സിനിമയുടെ സ്വര വിസ്മയമായി നിറഞ്ഞു നിന്ന എസ്പിബി വിട പറഞ്ഞു. സംഗീതം പഠിക്കാതെ തന്റെ സ്വരമാധുര്യം കൊണ്ട് സംഗീത ലോകത്ത് അനിഷേധ്യനായ ഈ പ്രതിഭാശാലി നികത്താനാകാത്ത വിടവ് സൃഷ്ടിച്ചുകൊണ്ടാണ് യാത്രയാകുന്നത്. പല ഭാഷകളിലുമായി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ എസ്പിബി ആരാധകരുമായി അഗാധമായ ആത്മബന്ധം കെട്ടിപ്പടുത്ത വ്യക്തിയാണ്. ആ ബന്ധത്തിനു മുന്നില്‍ ദേശമോ ഭാഷയോ അതിരുകളായില്ല എന്നതാണ് വാസ്തവം.
സരളിവരിശപോലും പഠിക്കാത്ത ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബി ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി കെവി മഹാദേവന് ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ സംഗീത സാന്ദ്രമായ ഒരു ഏടിന് അടിവരയിട്ടു. 1980ല്‍ ശങ്കരാഭരണം അദ്ദേഹത്തിന് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ആറു തവണയാണ് എസ്പിബി ദേശീയ പുരസ്കാരത്തിന് അര്‍ഹനായത്
ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്പി ബാലസുബ്രഹ്മണ്യം മാതൃഭാഷയായ തെലുങ്കില്‍ പ്രതിഭ തെളിയിച്ചുകൊണ്ടായിരുന്നു സിനിമ മേഖലയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയതോടെ എസ്പിബി തമിഴകത്തിന്റെ സ്വന്തമായി. അകമ്പടിക്കാരായ സാക്ഷാല്‍ ഇളയരാജയും ഗംഗൈ അമരനും തന്നെയായിരുന്നു ഇതിന് കാരണഭൂതരായത്. സാഗരസംഗമത്തിലൂടെ 1983ല്‍ തമിഴിനു വേണ്ടി എസ്പിബി ദേശീയ പുരസ്കാര നിറവിലെത്തി.
എംജിആര്‍, ശിവാജി ഗണേശന്, ജെമിനി ഗണേശന്, തുടങ്ങി തമിഴിലെ എല്ലാ നായകന്മാരുടെയും ശബ്ദമായി മാറിയ എസ്പിബി കമല്ഹാസന് വേണ്ടി പാടുമ്പോൾ ആസ്വാദകരില്‍ ഒരു വേറിട്ട അനുഭൂതി പകര്‍ന്നു. നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്പിബി തെലുങ്കിലും കന്നഡയിലുമൊക്കെ കമല്‍ഹാസനുവേണ്ടി പാടുക മാത്രമല്ല സംസാരിക്കുകയും ചെയ്തു.
രജനീകാന്ത്, ഭാഗ്യരാജ്, സല്മാന്ഖാന്, ഗിരീഷ് കര്‍ണാഡ് തുടങ്ങി പലര്‍ക്കും പലഭാഷയില്‍ എസ്പിബി ശബ്ദം നല്‍കിയിരുന്നു. റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്കിങ്സിലിയുടെ സംഭാഷണങ്ങള്‍ പോലും ഈ അതുല്യ കലാകാരന്റെ ശബ്ദത്തിലൂടെ ലോകം കേട്ടു. പലപ്പോഴായി പാടി അഭിനയിച്ചു കൊണ്ട് ആരാധകരെ ത്രസിപ്പിക്കുകയും ചെയ്തു എസ്പിബി.
ഒരുദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത ഗായകനെന്ന പട്ടം എസ്പിബിക്ക് സ്വന്തമാണ്. 1981 ല്‍ കന്നഡ സംവിധായകന് ഉപേന്ദ്രക്കുവേണ്ടി 21 പാട്ടുകള്‍. പിന്നീടൊരിക്കല്‍ തമിഴില്‍ 19 പാട്ടും ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ റെക്കോഡ് ചെയ്തു. അദ്ദേഹത്തിന്റെ അപാരമായ ശ്വസനക്ഷമതയാണ് ഇതിനു കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എസ് ജാനകിയുടെ ഭാവം കിട്ടാൻ ഒരേ പാട്ട് നേരം വെളുക്കുവോളം പാടി റെക്കോഡ് ചെയ്ത സംഭവവും എസ്പിബി എന്ന അത്ഭുതത്തെ കൂടുതല്‍ മഹത്വവത്കരിക്കുന്നു.
തൊണ്ണൂറുകളിൽ തന്നെ ഹിന്ദിയിലെയും ഏറ്റവും തിരക്കേറിയ ഗായകനായി എസ്പിബി മാറിയിരുന്നു. ഖാന്മാരില് തിളങ്ങി നിന്ന സല്മാന് ഖാനെക്കാള്‍ ചെറുപ്പം എസ്പിബിയുടെ പാട്ടുകള്‍ക്കുണ്ടായിരുന്നു അന്ന്. എസ്പിബി എന്ന പേരില്‍ കേന്ദ്രീകൃതമായ ഒരു സംഗീത ലോകമുണ്ടായിരുന്നു തെന്നിന്ത്യയില്‍. സംവിധായകന് ആരുമാകട്ടെ, നടന് ആരുമാകട്ടെ പിന്നണി ഗായകന് എസ്പിബി ആണെന്ന സ്ഥിതി വിശേഷം. പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി എസ്പിബി ഉയര്‍ന്നു വരുന്നത് അങ്ങനെയായിരുന്നു.
ഇളയരാജയ്ക്കൊപ്പം ചേര്‍ന്നായിരുന്നു എസ്പിബി തരംഗം സൃഷ്ടിച്ചത്. ലോകമെങ്ങും വേദികളില്‍ നിറഞ്ഞു നിന്ന എസ്പിബി പക്ഷേ ബോളിവുഡില്‍ നിന്ന് പതിറ്റാണ്ടിലേറെ വിട്ടുനിന്നു. പതിനഞ്ചുവര്‍ഷത്തിന് ശേഷം ചെന്നൈ എക്പ്രസില്‍ ഷാരൂഖാന് വേണ്ടി പാടിയാണ് മടങ്ങിയെത്തിയത്.
ജി ദേവരാജനാണ് എസ്പിബിയുടെ സ്വരമാധുര്യം മലയാളത്തിന് സുപരിചിതമാക്കിയത്. 1969 ല്‍ കടല്‍പ്പാലത്തിലൂടെ. 116 ഗാനങ്ങളാണ് മലയാള ഭാഷയില്‍ എസ്പിബിയുടെ ശബ്ദത്തില്‍ പിറന്നത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി എസ്പിബി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഹൃദയവും ശ്വാസകോശവും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്ബലമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ആരോഗ്യ നില വഷളായതായതിനു പിന്നാലെ ഇന്ത്യന്‍ സംഗീത ലോകം ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. തങ്ങളുടെ സ്വരനിറവിനെ പഴയ പ്രൗഢിയോടെ തിരികെ കിട്ടാന്‍. എന്നാല്‍, പ്രതീക്ഷകളെ അസ്ഥാനത്താക്കി അദ്ദേഹം യാത്രയായി. പക്ഷെ എസ്പിബി എന്ന സംഗീത വിസ്മയം കോടാനുകോടി ആരാധകരില്‍ ശ്രവണസുഖം പകര്‍ന്നു കൊണ്ട് അമരനായി നിലകൊള്ളുമെന്നത് നിസ്സംശയം പറയാം.