സൂര്യ; രാഷ്ട്രീയ നിലപാടുകളും സിനിമയും

സിനിമയും രാഷ്ട്രീയവും പരസ്പരം ഇഴചേര്‍ന്ന് കിടക്കുന്നു എന്നതാണ് ബോളിവുഡില്‍ നിന്ന് ദക്ഷിണേന്ത്യന്‍ സിനിമകളെ- പ്രത്യേകിച്ചും തമിഴ് ചലച്ചിത്ര മേഖലയെ വേറിട്ട് നിര്‍ത്തുന്നത്. കരുണാനിധി, എംജിആര്‍, ജയലളിത, ശിവാജി ഗണേശന്‍ തുടങ്ങി രജനികാന്ത്, കമല്‍ ഹാസന്‍, സത്യരാജ്, ശരത് കുമാർ, ഖുഷ്ഭു സുന്ദർ, രാമരാജൻ, കാർത്തിക് എന്നിങ്ങനെ തങ്ങളുടേതായ രാഷ്ട്രീയ മാനങ്ങള്‍ കെട്ടിപ്പടുത്ത വ്യക്തിത്വങ്ങള്‍ ഈ പ്രസ്താവനയ്ക്ക് അര്‍ത്ഥം നല്‍കുന്നു. അങ്ങനെയെങ്കില്‍ തമിഴ് സിനിമ മേഖലയില്‍ നിന്ന് സാമൂഹികവും രാഷ്ട്രീയവുമായ പരാമര്‍ശങ്ങള്‍ ഉടലെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

നടന്‍ സൂര്യ നടത്തിയ പ്രസ്താവനകളും അതിന്‍റെ രാഷ്ട്രീയ വശങ്ങളും കോടതിയും ഹര്‍ജിയും പിന്നാലെ വന്ന വാഗ്വാദങ്ങളുമാണ് ദക്ഷിണേന്ത്യന്‍ സിനിമ സാംസ്കാരിക മേഖലയില്‍ കോളിളക്കം സൃഷ്ടിക്കുന്ന പുതിയ ചര്‍ച്ച വിഷയം. നീറ്റ് പരീക്ഷ നടത്തിപ്പിനെ വിമര്‍ശിച്ചുകൊണ്ടുള്ള സൂര്യയുടെ സമീപകാല പ്രസ്താവനകളെ അമിതമായി പ്രശംസിക്കുന്നതിനോ അവ ചവറ്റുകൊട്ടയിലിടുന്നതിനോ മുന്‍പായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചില കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ധാരണകളില്‍ പ്രതീക്ഷിക്കാത്ത പരിണാമം ഉണ്ടായിക്കഴിഞ്ഞെന്നതാണ് ഇതില്‍ പ്രധാനം. കാക്ക കാക്ക, സിംഗം തുടങ്ങി ‘മാസ്’ പൊലീസ് കഥാപത്രങ്ങളില്‍ നിന്ന് സുധ കൊങ്കറയുടെ സുരാരെപ്രോട്രിലെത്തുമ്പോള്‍ ജാതി വിരുദ്ധ സമീപനങ്ങളാണ് താരം കൈക്കൊള്ളുന്നത്. ഇതിനിടയില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തി നിലപാട് വ്യക്തമാക്കുന്നതിലൂടെ മന്ദീഭവിച്ച തന്‍റെ സിനിമ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാന്‍ താരം ശ്രമിക്കുന്നുവെന്ന വ്യാഖ്യാനങ്ങളും വന്നു കഴിഞ്ഞു.

താര-സൂപ്പര്‍താര പദവികള്‍


നീറ്റ് പരീക്ഷ നടത്തുന്ന സര്‍ക്കാർ തീരുമാനത്തെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു സൂര്യയുടെ രംഗപ്രവേശം. പരീക്ഷ എഴുതാൻ സാധിക്കാത്തതിൽ മനംനൊന്ത് തമിഴ്നാട്ടിൽ മൂന്നു വിദ്യാർഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ‘മനുനീതി’ പരീക്ഷകള്‍ തുടങ്ങിയ പരാമര്‍ശങ്ങളുമായി ശക്തമായ ഭാഷയില്‍ താരം തുറന്നടിച്ചത്. കോവിഡ് കാലത്ത് ജീവനിൽ ഭയമുള്ളതിനാൽ ജഡ്ജികൾ നീതി നടപ്പാക്കുന്നതു പോലും വിഡിയോ കോൺഫറൻസിങ് വഴിയാണ്. പിന്നെങ്ങനെയാണ് വിദ്യാർഥികൾ നിർഭയരായി പരീക്ഷയിൽ പങ്കെടുക്കണമെന്ന് വിധിക്കാനാവുക, പാവപ്പെട്ട കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാകാതെയാണ് ഇവിടെ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നത് തുടങ്ങി കുറിക്കുകൊള്ളുന്ന പ്രതികരണമായിരുന്നു സൂര്യ നടത്തിയത്. കോടതിയലക്ഷ്യത്തിന് കേസെടുത്തില്ലെങ്കിലും അനുചിതമായ പ്രസ്താവനയാണ് താരം അനവസരത്തില്‍ നടത്തിയതെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ സൂര്യയെ സംബന്ധിച്ച് ഈ പ്രസ്താവന അനവസരത്തില്‍ അല്ലെന്നതാണ് വാസ്തവം.

സിനിമ മേഖലയില്‍ പുരുഷ താരോദയം ഏറെക്കുറെ സമാനമായ പാത പിന്തുടര്‍ന്നാണ് സംഭവിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ പ്രണയം, കോമഡി എന്നിവ കേന്ദ്രീകൃതമായിട്ടുള്ള കുടുംബാധിഷ്ഠിത വേഷങ്ങളാണ് നടന്മാര്‍ ചെയ്യുന്നത്. ഒരു നടനെന്ന നിലയില്‍ അഭിനയ വൈദഗ്ദ്യം തെളിയിക്കാനുള്ള അടങ്ങാത്ത ത്വരയാണ് ഇവിടെ കാണാന്‍ കഴിയുക. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ആക്ഷൻ അധിഷ്ഠിത സിനിമകളിലേക്കാണ് നീങ്ങുന്നത്. കരിയറിലെ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ താരങ്ങള്‍ പൊലീസ് വേഷത്തിലായിരിക്കും പ്രേക്ഷകരില്‍ രോമാഞ്ചമുണ്ടാക്കുക. ഇങ്ങനെ ആരാധകവൃത്തങ്ങളെ സമ്പാദിക്കുന്നവര്‍ സിനിമ വിപണിയില്‍ തന്‍റെ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്നു.


താരപദവി നേടിക്കഴിഞ്ഞാല്‍ സൂപ്പര്‍താരം എന്ന പട്ടമാണ് ലക്ഷ്യം. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നമായി സമകാലിക രാഷ്ട്രീയത്തെയും ഭരണസംവിധാനത്തെയും സാമൂഹിക ഘടനയെയും വിമര്‍ശിച്ചും തിരുത്തിയുമുള്ള വേഷം അഭ്രപാളിയില്‍ ഫലിപ്പിക്കുകയാണ് ഇവിടെ പ്രധാനം. ഈ ശ്രമത്തിനിടയിലാണ് താരങ്ങളുടെ “റിയല്‍ ലൈഫും” “റീല്‍ ലൈഫും” തമ്മില്‍ കൂടിപ്പിണരുകയും ഒന്നില്‍ നിന്ന് മറ്റൊന്ന് വേര്‍തിരിക്കുകയെന്നത് അസംഭവ്യമാവുകയും ചെയ്യുന്നത്. താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചയാകുന്നതും രാഷ്ട്രീയ സമീപനങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നതും ഇങ്ങനെയാണ്. സിനിമയിലേക്ക് കാലെടുത്ത് വച്ചതു മുതല്‍ ഇന്നു വരെ സൂര്യ ശിവകുമാര്‍ എന്ന താരം സഞ്ചരിച്ച വഴികള്‍ ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്നു കാണാം. ഇവിടെയാണ് സൂര്യയുടെ രാഷ്ട്രീയ പ്രസ്താവനകള്‍ സൂപ്പര്‍താര പദവിയിലേക്കുള്ള വഴിയാണെന്ന വ്യാഖ്യാനങ്ങളുണ്ടാകുന്നത്.

സൂര്യ വന്ന വഴി

1997ല്‍ ‘നേര്‍ക്കു നേര്‍’ എന്ന ചിത്രത്തിലൂടെ വിജയ്‌ക്കൊപ്പമാണ് സൂര്യ തമിഴ് ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഇതിനു പിന്നാലെ വന്ന ചിത്രങ്ങളിലൊന്നും സൂര്യയുടെ പ്രകടനം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല- 1999ല്‍ ‘പൂവെല്ലാം കേട്ടുപ്പാര്‍’ എന്ന ചിത്രം വരെ. ജ്യോതികയുമായുള്ള പ്രണയത്തിന്‍റെ രസതന്ത്രം യുവന്‍ ശങ്കര്‍ രാജയുടെ ആര്‍ദ്രമായ പാട്ടുകളില്‍ ലയിച്ചപ്പോള്‍ സിനിമയ്‌ക്കൊപ്പം സൂര്യയെയും ജനം നെഞ്ചേറ്റി. ശിവകുമാറിനെപ്പോലുള്ള ഒരു ജനപ്രിയ നടന്‍റെ മകനായിരുന്നിട്ടു കൂടി സിനിമയില്‍ പച്ചപിടിക്കാന്‍ സൂര്യ നന്നേ കഷ്ടപ്പെട്ടു. സംവിധായകന്‍ ബാലയുടെ 2001ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെയാണ് ഇതിനൊരറുതിയാവുന്നത്.


പിന്നീടങ്ങോട് അസാധാരണമായ ആത്മവിശ്വാസത്തോടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന സൂര്യയാണ് സ്ക്രീനില്‍ തെളിഞ്ഞത്. ഗൗതം മേനോന്‍റെ ‘കാക്ക കാക്ക’ (2003) തമിഴ് ചലച്ചിത്ര മേഖലയില്‍ സൂര്യ എന്ന പേര് ഊട്ടിയുറപ്പിച്ചു. പിതാമഗൻ (2003), പേരഴഗൻ (2004), ആയുധ എഴുത്തു (2004), ഗജിനി (2005), വാരണം ആയിരം (2008) എന്നീ സിനിമകളിലൂടെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സൂര്യ ആരാധകരെ അതിരില്ലാതെ ത്രസിപ്പിച്ചു. സിനിമ വിപണി പരിപോഷിപ്പിച്ചു എന്നതിലപ്പുറം സൂര്യയെന്ന നായക നടന്‍റെ അസാധ്യ പ്രകടനങ്ങള്‍ തന്നെയാണ് മേല്‍പ്പറഞ്ഞ ചിത്രങ്ങളെ വ്യത്യസ്തമാക്കുന്നത്.

എന്നാല്‍ ഈ പ്രൗഢി വളരെക്കാലം നീണ്ടു നിന്നില്ല എന്നതാണ് സത്യം. മറ്റ് താരങ്ങളെപോലെ സൂര്യയും വിപണി സംതൃപ്തിപ്പെടുത്താനുള്ള സിനിമകളിലേക്ക് തിരിഞ്ഞതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്. കെവി ആനന്ദിന്റെ അയൻ (2009), ഹരിയുടെ സിംഗം (2010) എന്നീ ചിത്രങ്ങള്‍ വിജയമായപ്പോള്‍ അവയുടെ വാണിജ്യപരമായ ഫോർമുലയ്ക്ക് സമാനമായ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ നടന്‍ നിര്‍ബന്ധിതനായി. ഇതേ സംവിധായകരുടെ തന്നെ മാട്രാന്‍ (2012), സിംഗം II (2013) എന്നിവ പുറത്തിറങ്ങിയപ്പോഴേക്കും സൂര്യയിലെ അഭിനയ വൈദഗ്ദ്ധ്യം സാവധാനത്തിൽ അപ്രത്യക്ഷമാവുകയും, പ്രകടനങ്ങളില്‍ ആവര്‍ത്തന വിരസത മുഴച്ചു നില്‍ക്കുകയും ചെയ്തു. പിന്നീട് പുറത്തിറങ്ങിയ അഞ്ചാന്‍ (2014), സിംഗം III (2017), കപ്പാൻ (2019), സെൽ‌വരാഘവന്‍റെ എൻ‌ജി‌കെ (2019) എന്നീ ചിത്രങ്ങളില്‍ സൂര്യ എന്ന നടനിലെ സ്ഥാപിത സൂത്രവാക്യം മങ്ങുകയും ഒരു പുനരുജ്ജീവനത്തിന്‍റെ ആവശ്യകത തെളിയുകയും ചെയ്തു.


ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമം

സുധ കൊങ്കറയുടെ സംവിധാനത്തില്‍ അടുത്ത മാസത്തോടെ ഒടിടി റിലീസിനൊരുങ്ങുകയാണ് ‘സുരാരെ പോട്ര്’ എന്ന ചിത്രം. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോരൂർ രാമസ്വാമി ഗോപിനാഥിന്‍റെ ജീവിതകഥയാണ് സിനിമ പറയുന്നത്. ഇതിലൂടെ താരത്തിന്‍റെ പ്രതിച്ഛായ മാറുമെന്നാണ് ആരാധകവൃത്തത്തിന്‍റെ പ്രതീക്ഷ. സിനിമയുടെ പ്രൊമോകളും ഗാനങ്ങളും ഇതിനകം തന്നെ തീവ്രമായ സംവാദങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. ജാതി-വിരുദ്ധ രാഷ്ട്രീയം ശക്തമായ ഭാഷയില്‍ പ്രതിഫലിക്കുന്ന പാട്ടുകള്‍ ആക്ടിവിസ്റ്റുകളുടെ പ്രശംസ പിടിച്ചുപറ്റിയെങ്കിലും ജാതി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ സാധ്യതകള്‍ കണക്കിലെടുത്ത് വിമര്‍ശിക്കപ്പെടുകയും കേസാവുകയും ചെയ്തു.

സൂരാരെ പോട്രിലെ ഈ ജാതി വിരുദ്ധ ഘടകങ്ങൾ വിരോധാഭാസമായി തോന്നുന്നത് ബ്രാഹ്മണനായിരുന്ന ജി ആർ ഗോപിനാഥിന്റെ ജീവിതമാണ് സിനിമയുടെ കഥാ തന്തു എന്നതാണ്. എന്നാല്‍ ബ്രാഹ്മണ-സവർണരുടെ അല്ലെങ്കിൽ തേവർ, ഗൗണ്ടര്‍ പോലുള്ള വിഭാഗത്തെ മഹത്വവത്കരിക്കുന്ന തമിഴ് സിനിമയുടെ ചരിത്രത്തെ ഉപേക്ഷിച്ച് ജാതി-വിരുദ്ധ നിലപാടുകള്‍ സ്ക്രീനിലെത്തിക്കാന്‍ ഗൗണ്ടര്‍ വിഭാഗക്കാരനായ സൂര്യ തയ്യാറായി എന്ന കാര്യം പ്രശംസനീയം തന്നെ.


ഈ ജാതി വിരുദ്ധതയും പരിഷ്കൃതമായ രാഷ്ട്രീയ നിലപാടുകളുമാണ് നീറ്റ് പരീക്ഷ സംബന്ധിച്ച് സൂര്യ നടത്തിയ പ്രതികരണത്തിലും കാണുന്നത്. സർക്കാര്‍ സംവിധാനത്തെ വിമർശിക്കുന്നതിനപ്പുറം ബ്രാഹ്മണ വിദ്യാഭ്യാസ നയങ്ങളോടുള്ള പുച്ഛം സൂര്യയുടെ പ്രസ്താവനയില്‍ നിഴലിക്കുന്നു. മനു, ചാണക്യ, ധ്രോണ, ഏകലവ്യ എന്നിവരെ ചൂണ്ടിക്കാട്ടിയുള്ള പരാമര്‍ശങ്ങള്‍ ഇതിന് തെളിവാണ്. ക്ഷേത്രങ്ങളിലെന്ന പോലെ സ്കൂളുകളിലും ആശുപത്രികളിലും സംഭാവന ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജ്യോതികയും പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലമായാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ ഇവരെ വേട്ടയാടുന്നതും.

എന്തായാലും നീറ്റ് പരീക്ഷ സംബന്ധിയായ സൂര്യയുടെ പ്രതികരണം ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ട്വീറ്റുകളും പ്രസ്താവനകളും ഇപ്പോൾ വിമർശകർ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രതികരണങ്ങളില്‍ വരെ താരതമ്യപഠനം നടത്തുകയും ചെയ്യുന്നു. ഇത് താരത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിവെക്കും. ഇതിന് കാത്തിരുന്ന് സാക്ഷ്യം വഹിക്കാന്‍ ഞാനടങ്ങുന്ന ആരാധകര്‍ തയ്യാറാണ്.