തായ്ലന്റ്: തായ്ലന്റില് ജനാധിപത്യത്തിനായ് സമരകാഹളമുഴങ്ങുന്നു. തായ് രാജാവ് മഹാ വാജിരലോങ്കോണിന്റെ രാജവാഴ്ചയെ വെല്ലുവിളിച്ച് പ്രതിഷേധക്കാര്‍ രണ്ടാം ദിവസവും ബാങ്കോക്ക് നഗരവീഥികള്‍ കയ്യടക്കി. രാജവാഴ്ചക്കെതിരെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ പ്രത്യക്ഷ സമരപാതയിലേറിയത്.
തായ്ലന്റ് രാജാധികാരത്തിനെതിരെയും സൈനിക മേധാവിത്വത്തിനുമെതിരെയുള്ള വിമര്‍ശനങ്ങളെ ദീര്‍ഘകാലമായി വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെല്ലാം മറികടന്നാണ് ജനാധിപത്യ സംസ്ഥാപനത്തിനായ് ജനകീയ പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ ഉച്ഛത്തിലെത്തിയത് – അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധങ്ങള്‍ ലെസ്-മജസ്റ്റെ നിയമപ്രകാരം നിയമവിരുദ്ധമാണ്. ശക്തിപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളെപ്രതി രാജകീയ ഗ്രാന്‍ഡ് പാലസ് ഇനിയും പക്ഷേ പ്രതികരിച്ചിട്ടില്ല. രാജാവ് ഇപ്പോള്‍ തായ്ലന്റിലില്ല. നൂറുകണക്കിന് നിരായുധരായ പൊലിസുക്കാര്‍ പ്രതിഷേധ റാലികള്‍ക്ക് തടസ്സം സൃഷ്ടിച്ചു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പൊലിസ് ആസ്ഥാനത്തേക്ക് കൈമാറാന്‍ റോയല്‍ ഗാര്‍ഡ് പൊലിസ് സമ്മതിച്ചു. അതിനുശേഷം പ്രതിഷേധ സമരം വിജയിച്ചുവെന്ന നേതാക്കള്‍ പ്രഖ്യാപിച്ചു. പൊലിസ് ഇനിയും പ്രതികരിച്ചിട്ടില്ല. തങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്ക് രാജക്കന്മാര്ക്ക് കത്ത് അയയ്ക്കാന്‍ കഴിയുമെന്ന അവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞ രണ്ട് ദിവസത്തെ പ്രക്ഷോഭത്തിന് സാധിച്ചു. ഇത് ഏറ്റവും വലിയ വിജയം – പാരിറ്റ് പെന്ഗ്വിന് ചിവാരക് പറഞ്ഞു.
പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന പനസയ സിത്തിജിരാവട്ടനകുലും പ്രകടനക്കാരുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം മെട്രോപൊളിറ്റന്‍ പൊലിസ് ബ്യൂറോ കമ്മീഷണര്‍ ലഫ്റ്റനന്റ് ജനറല്‍ പക്കപോങ് പോങ്പേത്രയുമായി സംസാരിച്ചു. വര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രകടനത്തില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ബാങ്കോക്ക് നഗര വീഥികളില്‍ അണിനിരുന്നു. രാജവാഴ്ച്ചാ ഭരണം പരിഷ്കരിക്കുക. മുന്‍ പട്ടാള മേധാവിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ പ്രയൂത്ത് ചാന്-ഒച്ചയെ പുറത്താക്കുക. പുതിയ ഭരണഘടനക്ക് രൂപം നല്‍കുക. തെരഞ്ഞെടുപ്പ് നടത്തുക. ഇപ്പറഞ്ഞ ആവശ്യങ്ങളിലൂന്നിയാണ് രാജാവാഴ്ചക്കെതിരെയുള്ള പ്രത്യക്ഷ പ്രക്ഷോഭം മൂര്‍ഛിക്കുന്നത്. ഫ്യൂഡലിസം തുലയട്ടെ , ജനങ്ങള്‍ നീണാള്‍ വാഴട്ടെ – പ്രതിഷേധക്കാര്‍ ഉച്ചത്തില്‍ പറഞ്ഞു.
ഇന്ന് (സെപ്തംബര്‍ 20) രാവിലെ പ്രതിഷേധക്കാര്‍ ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസിന് സമീപം സനം ലുവാങ് അഥവാ റോയല്‍ ഫീല്‍ഡ് എന്നറിയപ്പെടുന്ന ഫലകം ഉറപ്പിച്ചു. ‘ഈ സ്ഥലത്ത് ജനങ്ങള്‍ അവരുടെ ഇഷ്ടം പ്രകടിപ്പിച്ചു. ഈ രാജ്യം ജനങ്ങളുടേതാണ്. രാജാവിന്റെ സ്വത്തല്ല’ – ഇത് ഫലകത്തില്‍ എഴുതിവയ്ക്കപ്പെട്ട വാചകങ്ങള്‍. ഫലകം സ്ഥാപിക്കുന്നതിനെ പൊലിസ് തടസ്സപ്പെടുത്തില്ല. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് അക്രമത്തിന് മുതിരില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ നിര്‍ണ്ണയിച്ച് വിചാരണ നടപടികള്‍ സ്വീകരിക്കേണ്ടത് പൊലിസാണ് – സര്‍ക്കാര്‍ വക്താവ് അനുച ബുരാപചൈസ്രി പറഞ്ഞു.
വാജിരലോങ്കോണ്‍ സിംഹാസനം ഏറ്റെടുത്ത ശേഷം 2017 ല്‍ രാജകൊട്ടാരത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന ഫലകം വിശദികരണങ്ങളില്ലാതെ നീക്കം ചെയ്തിരുന്നു. 1932 ല്‍ കേവല രാജവാഴ്ച അവസാനിപ്പിച്ചതിനെ അനുസ്മരിക്കുന്നതായിരുന്നു ആ ഫലകം. പകരം രാജവാഴ്ച്ചയെ പ്രകീര്‍ത്തിച്ചുള്ള ഫലകം വാജിരലോങ്കോണ്‍ സ്ഥാപിക്കുകയായിരുന്നു. 1973 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ വാര്‍ഷികമായ ഒക്ടോബര്‍ 14 ന് വന്‍ പ്രതിഷേധ പണിമുടക്ക് നടത്തുമെന്നും പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു.