കാലുകള്‍ വിവാദം തീര്‍ത്ത ഒരു വാരമാണ് കടന്നു പോയത്. പക്ഷെ ഇങ്ങനെ ലാഘവത്തോടെ ഇത് പറഞ്ഞവസാനിപ്പിക്കാനാവില്ല. കാലങ്ങളായി നമ്മുടെ സമൂഹം ഊട്ടിയുറപ്പിക്കുന്ന വികലമായ സദാചാര ബോധങ്ങളെയും ഘോര ഘോരം പ്രസംഗിച്ചിട്ടും മാറാത്ത സ്ത്രീകളുടെ അവകാശ ലംഘനങ്ങളുമാണ് വിഷയം. സൈബറിടങ്ങളിലെ സദാചാരവാദികള്‍ക്ക് കണക്കിന് മറുപടി കൊടുത്ത നിക്കറിട്ട സഹോദരിമാര്‍ അവകാശ പ്രഖ്യാപനത്തിനായുള്ള മറ്റൊരു സമരത്തിനാണ് കൊടിയുയര്‍ത്തിയത്.
സൈബര്‍ ലോകവും സദാചാരവും
“നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍…വിശ്വസിക്കരുത്…ഒരു ട്രാപ്പാണത്” റാണി പത്മിനി എന്ന ആഷിഖ് അബു ചിത്രത്തില്‍ മഞ്ജുവാര്യരുടെ കഥാപാത്രമായ പത്മിനിയുടെ വാക്കുകളാണിത്. ഒരുപാട് അര്‍ത്ഥതലങ്ങള്‍ തരുന്ന വാക്കുകള്‍. കേരളത്തിലെ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ഈ ട്രാപ്പില്‍ അകപ്പെട്ടവരാണ്. അതിന്‍റെ വാതിലുകള്‍ മണിച്ചിത്രത്താഴിട്ട് പൂട്ടി കാവലിരിക്കുന്നത് കുറേ സദാചാരവാദികള്‍. ഈ ഇനത്തില്‍പെട്ട ജീവികള്‍ ഇപ്പോള്‍ പൂണ്ടുവിളയാടുന്ന ഇടമാണ് സോഷ്യല്‍ മീഡിയ.
നിക്കറിന്‍റെ അളവെടുക്കുക(പെണ്‍ വര്‍ഗത്തിന്‍റേത് മാത്രം), കഴുത്തിന്‍റെ ഇറക്കം ശ്രദ്ധിക്കുക, ലിപ്സ്റ്റിക്കിന്‍റെ നിറം നോക്കുക തുടങ്ങി ജാഗ്രതയോടെ ജോലി ചെയ്യുന്ന, എന്നാല്‍ ഒരു പണിയുമില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന ആങ്ങളമാര്‍. ഇവരുടെ മുന്‍കൂര്‍ അനുമതിയും, സര്‍ട്ടിഫിക്കറ്റും വാങ്ങിച്ചെടുത്താല്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഒരിലയനക്കം സൃഷ്ടിക്കാന്‍ സാധിക്കൂ എന്നതാണ് സൈബര്‍ ലോകത്തെ അപ്രഖ്യാപിത നിയമം.
നിയമം തെറ്റിച്ച് അവകാശവാദവുമായി വന്നാല്‍ ഈ വിഭാഗത്തിന് കലികയറും. പിന്നെ നടക്കുന്നത് ആക്രമണമാണ്. കമന്‍റ് ബോക്സില്‍ സദാചാരം വിളമ്പുന്ന, കുടുംബത്തിലുള്ളവരെ വരെ തെറിവിളിക്കുന്ന ഒരു പ്രത്യേകതരം ആചാരമാണിത്. സെലിബ്രിറ്റികളെ വല്ലാതെ വലയ്ക്കുന്ന ഈ കലാപരിപാടിയില്‍ സമീപകാലത്ത് വിയര്‍ത്തത് നിരവധി ‘കലാകാരി’കളാണ്. സിനിമയില്‍ നാടന്‍ വേഷത്തിലെത്തി എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ വിഭാഗത്തിന് കണ്ണിനു നേരെ കാണാന്‍ പറ്റാത്തത്. അങ്ങനെ വന്നാല്‍ ആക്രമണത്തിന്‍റെ സ്വഭാവവും ശൈലിയും മാറും. ആങ്ങളമാര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കും. ആദ്യം സങ്കടം പ്രകടിപ്പിക്കും. പിന്നെ ഉപദേശിക്കും. മറുപടി നല്‍കിയാല്‍ വിമര്‍ശിക്കും. കൂട്ടത്തോടെ ആക്രമിക്കും. ഒടുക്കം ട്രോളുകൊണ്ട് അഭിഷേകം നടത്തും. ഇതാണ് ഇത്തരക്കാരുടെ സ്ഥിരം ‘ലൈന്‍’.
ബാലതാരമായി വെള്ളിത്തിരയിലെത്തി ഒരു പിടി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ യുവനടി അനശ്വര രാജനായിരുന്നു ഏറ്റവും പുതിയ ഇര. ഷോര്‍ട്‌സ് ധരിച്ചുള്ള ഫോട്ടോഷൂട്ടാണ് സൈബര്‍ ആങ്ങളമാരുടെ നെഞ്ചകം തകര്‍ത്തത്. നാടന്‍ വേഷങ്ങള്‍ സ്ക്രീനില്‍ പൊലിപ്പിച്ച അനുജത്തിക്കുട്ടിയില്‍ നിന്ന് ഇത്രയ്ക്ക് പ്രതീക്ഷിക്കാത്ത ചേട്ടന്മാര്‍ തനിസ്വരൂപം പുറത്തെടുത്തു. പിന്നെ കളി മാറി. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അതിരു കടന്നപ്പോള്‍ ചുട്ട മറുപടിയുമായി സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ രംഗത്ത് വന്നു. ഉടുപ്പും നടപ്പും ഹൃദയ നൊമ്പരമാകുന്ന ആങ്ങളമാര്‍ക്ക് ലഗ്ഗ് ചാലഞ്ച് എന്ന് ക്യാമ്പെയിനിലൂടെ കാലുകള്‍ കാട്ടിത്തന്നെ തിരിച്ചടിയും കൊടുത്തു.
അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ നിരത്തി ആങ്ങളമാര്‍ ഈ ക്യാമ്പെയിനിനെ നേരിട്ടു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സമാനമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് അനശ്വര ഹീറോയിസം കാണിച്ചത്. “ഞാന്‍ എന്ത് ചെയ്യുന്നു എന്നോര്‍ത്തല്ല നിങ്ങള്‍ വിഷമിക്കേണ്ടത്. മറിച്ച് ഞാനെന്തെങ്കിലും ചെയ്യുമ്പോള്‍ എന്ത്കൊണ്ട് നിങ്ങള്‍ക്കിത്ര വിഷമമാകുന്നു എന്നതിനെക്കുറിച്ചോര്‍ത്താണ് നിങ്ങള്‍ വിഷമിക്കേണ്ടത്” എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു.
ഈ വാചകത്തിന്‍റെ അര്‍ത്ഥം പോലും മനസ്സിലാക്കാന്‍ കഴിയാത്ത ആങ്ങളമാര്‍ ആക്രമണരീതി മെല്ലെ മാറ്റി. ‘ഫെമിനിച്ചി’ ‘പാവാട’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ അവകാശത്തിന് വേണ്ടി ശബ്ദമയര്‍ത്തുന്ന സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ച് കൊണ്ട് വീണിടം വിദ്യയാക്കാന്‍ കമന്‍റുകള്‍ക്ക് പിന്നാലെ കമന്‍ററുകളും ട്രോള്‍ വര്‍ഷങ്ങളും ചൊരിഞ്ഞു. “പാവപ്പെട്ട പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ പ്രതികരിക്കാതിരുന്നവരാണ് ഞരമ്പന്‍മാരുടെ കമന്‍റിന് തുണിയൂരിക്കാട്ടി പ്രതിഷേധിക്കുന്നത്..” തുടങ്ങി സാധുവല്ലാത്ത ന്യായ വൈകല്യവാദങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇതിലൂടെ സ്വന്തം മനസ്സിന്‍റെ വൈകല്യം മറച്ചുവയ്ക്കാനും കുറ്റം മറ്റുള്ളവര്‍ക്ക് മേല്‍ ചുമത്താനും ശ്രമിക്കുന്നു.
“നടി മാരൊക്കെ അവരുടെ കാലുകള്‍ കാണിച്ച് പോസ്റ്റിട്ടിട്ട് സാധാരണ സ്ത്രീകള്‍ക്ക് എന്താണ് നേട്ടം, ഇതില്‍ എന്താണ് ഫെമിനിസം? ഇത്തരം പോസ്റ്റുകള്‍ കുറച്ച് ഞരമ്പുരോഗികള്‍ക്ക് കണ്ട് ആസ്വദിക്കാം എന്നല്ലാതെ എന്താണ് കാര്യം” എന്നിങ്ങനെ സംശയ രൂപേണ ചില പ്രസ്താവനകളിറക്കുന്നവരുമുണ്ട്. ലെഗ്ഗ് ചാലഞ്ചിനെ വെറും കാലുകാണിക്കല്‍ മാത്രമാക്കി തീര്‍ക്കുന്നതാണ് ഇവിടെ പ്രശ്നം. ഇഷ്ടമുള്ള വസ്ത്രം ധരിച്ചാല്‍ പോലും വിമര്‍ശനങ്ങളാല്‍ വലിച്ചു കീറുന്ന സമൂഹത്തില്‍ സ്വന്തം അവകാശത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ അസാധാരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍, ഫെമിനിസം എന്നതിനെ പൊരിച്ച മീന്‍ കിട്ടാത്ത വിഷമത്തോട് ഉപമിക്കുന്ന ഈ ആങ്ങളമാരുടെ ചോദ്യങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല.
സ്ത്രീയും വസ്ത്ര സ്വാതന്ത്ര്യവും
ഒരു പ്രത്യേക വസ്ത്രശൈലി മാന്യമോ അല്ലയോ എന്നതാണ് പൊതുവെ വസ്ത്ര വിവാദങ്ങളുടെ വിഷയം. ലെഗ്ഗിന്‍സ്, ജീന്‍സ് എന്നിങ്ങനെ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയും സാംസ്കാരികത്തനിമയും തമ്മില്‍ പല തവണ ഉരസിയിട്ടുണ്ട്. ഇത്തരത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് പലപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുള്ളത്. സമൂഹത്തിൽ അധികാരസ്ഥാനം കല്പിച്ചു നല്കപ്പെട്ടിട്ടില്ലാത്ത, അഥവാ സമൂഹം ‘അനുസരണ’ പ്രതീക്ഷിക്കുന്നവരുടെ വസ്ത്രരീതിയാണ് പ്രശ്നമാകുന്നതെന്ന് സാരം. മുതിർന്ന പുരുഷൻ മുണ്ട് മടക്കിക്കുത്തിയാൽ ഇല്ലാത്ത പ്രശ്നം സ്ത്രീകള്‍ നിക്കറിട്ടാല്‍ ഉണ്ടാകുന്നുവെന്ന വ്യവസ്ഥാപിത ബോധവും ആണഹങ്കാരവും കൂടിച്ചേര്‍ന്നാണ് ഇത്തരം ന്യായങ്ങള്‍ പുരുഷ സമൂഹം നിരത്തുന്നത്. അപരവ്യക്തികളുടെ വ്യക്തിപരമായ വിഷയങ്ങളിൽ അഭിപ്രായം പറയാന്‍ ഇവര്‍ക്കെന്ത് അധികാരം എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.
സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച ചര്‍ച്ചകളില്‍ മൂന്നു വാദങ്ങളാണ് പൊതുവെ കണ്ടു വരുന്നത്. ഭാരതീയ സംസ്കാരവാദമാണ് ഒന്ന്. രണ്ടാമത്തേത് പൊതുസമൂഹത്തിന്‍റെ ദർശന സൗകര്യം. വസ്ത്രധാരണരീതി ബലാല്ക്കാരത്തിനു കാരണമാകുന്നു എന്നതാണ് മൂന്നാമത്തെ വാദം.
സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രധാരണം എന്ന വാദമുന്നയിക്കുമ്പോൾ ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിൽ നിന്നാണ് ഈ സംസ്കാരവും വസ്ത്രരീതിയും ഒക്കെ നാം കടമെടുക്കുന്നത് എന്നും വ്യക്തമാക്കേണ്ടതായി വരും. ഒരു പ്രത്യേക വേഷവിധാനം കാലാകാലങ്ങളോളം പിന്തുടർന്ന് വന്ന രീതി ചരിത്രത്തില്‍ എവിടേയുമില്ല. അസംസ്കൃതവസ്തുക്കൾ തുടങ്ങി വസ്ത്രശൈലികളുടെ വൈവിധ്യവും ഫാഷനും വരെ ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കും. മനുഷ്യസംസ്കാരത്തിൽ സൗന്ദര്യബോധത്തിനു വളരെയധികം പ്രാധാന്യമുണ്ട്. മാറിവരുന്ന തലമുറകളുടെ മാറിവരുന്ന കാഴ്ചപ്പാടുകൾ അനുസരിച്ച് മറ്റേതു വിഷയത്തിലുമെന്ന പോലെ വസ്ത്രധാരണശൈലികളിലും മാറ്റങ്ങൾ പ്രത്യക്ഷപ്പെടാം.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സാമൂഹ്യനിയമങ്ങളാകണം എന്ന വാശിയാണ് സമൂഹത്തിന്‍റെ ദര്‍ശന സൗകര്യത്തിനനുസരിച്ച് വസ്ത്രധാരണം ചെയ്യണമെന്ന വാദം. സ്ത്രീയെന്നത് സ്വതന്ത്ര വ്യക്തിയാണെന്നും സമൂഹത്തിന്റെ പൊതുസ്വത്തല്ലെന്നും വിശ്വസിക്കാന്‍ ഇത്തരക്കാര്‍ക്ക് പാടാണ്. പുരുഷന് മുണ്ടു മടക്കിക്കുത്താന്‍ ആരുടെയും സമ്മതം വേണ്ട എന്നിരിക്കെ സ്ത്രീയുടെ കാര്യത്തിൽ മാത്രം പൊതുജനാഭിപ്രായത്തിൻറെ ആവശ്യമെന്താണ്?
വസ്ത്രധാരണം ലൈംഗികാകർഷണത്തിനു കാരണമായേക്കാവുന്ന പല വഴികളിൽ ഒന്നു മാത്രമാണ്. ലൈംഗികാകർഷണം ശരീരം പുറത്തു കാട്ടാത്ത വസ്ത്രം ധരിച്ചതുകൊണ്ട് മാത്രം ഒഴിവാക്കാന്‍ സാധിക്കില്ല. മണം, ഉയരം, ആകാരം, ചുണ്ടുകൾ, കണ്ണുകൾ തുടങ്ങി വൈവിധ്യം നിറഞ്ഞതാണ് ലൈംഗിക ഉത്തേജനത്തിന്റെ വഴികൾ. സ്ത്രീയുടെ വസ്ത്രവും സ്വഭാവവും അളന്നു അവളെ കുറ്റപ്പെടുത്തുന്ന സമൂഹവും പവിത്രത, മാനം തുടങ്ങിയ പൊതുബോധവും ഒരര്‍ത്ഥത്തില്‍ ബലാത്സംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പറയാം. ഇരയുടെ കുറ്റമാണെന്നു പറയുന്ന ഒരു വിഭാഗം ഉളളിടത്തോളം കാലം അവള്‍ പരാതിപ്പെടുമെന്ന് കുറ്റവാളി ഭയപ്പെടില്ല.
പുരുഷന്മാരായ പരിഷ്കർത്താക്കൾ ബലപ്രയോഗവും നയപ്രയോഗവും നടത്തിയാണ് സ്ത്രീശരീരത്തിന്റെ നഗ്നത മാന്യമല്ലെന്ന തോന്നൽ ഉണ്ടാക്കിയെടുത്തതും സ്ത്രീകൾക്ക് മേൽവസ്ത്രം നിർബന്ധമാക്കിയതും. ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഇതിനെ സാധൂകരിക്കുന്ന വസ്തുതകള്‍ കാണാം. കാറ്റുകൊള്ളാന്‍ ആഗ്രഹിക്കുന്നവരും പരിധിയില്ലാത്ത സ്വാതന്ത്ര്യം കൊതിക്കുന്നവരും തന്നെയാണ് സ്ത്രീകള്‍. എന്നാല്‍, പൊതു ഇടങ്ങളില്‍ സ്ത്രീയുടെ സ്വാതന്ത്ര്യബോധത്തെ പുച്ഛിക്കുകയും തള്ളിത്താഴെയിടുകയും ചെയ്യുമ്പോള്‍ അവര്‍ സംഘടിക്കുക തന്നെ ചെയ്യും. അത് കേവലം കാലും കയ്യും പ്രദര്‍ശിപ്പിക്കല്‍ മാത്രമല്ല. ഇവിടെ നിലനില്‍ക്കുന്ന സദാചാര ബോധങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ ലോകം അവരുടേതു കൂടിയാണെന്ന ഓര്‍മ്മപ്പെടുത്തലാണ്. ഇതിനെ ഖണ്ഡിക്കുന്ന പിന്തിരിപ്പന്‍ വാദങ്ങളോട് കലഹിച്ച് ജയിക്കുമ്പോള്‍ സ്ത്രീയെന്ന പദത്തിന്‍റെ നിര്‍വ്വചനത്തിന് മാറ്റു കൂടും.