തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സിനിമയാക്കില്ല. തിരക്കഥ ശ്രീകുമാര്‍ മേനോന് എം.ടിക്ക് തിരിച്ച് നല്‍കും. ശ്രീകുമാര്‍ മേനോന് നല്കിയ ഒന്നേകാല്‍കോടി മുന്‍കൂര്‍ പണം എ.ടി മടക്കി നല്‍കും.
കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുതെന്നും ധാരണയായിട്ടുണ്ട്. ഈ വ്യവസ്ഥകളോടെ എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരും കേസുകള്‍ പിന്‍വലിക്കും.
ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എം.ടിക്കെതിരെ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീകുമാര്‍ മേനോന് അപേക്ഷ നല്കി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി നല്കിയ ഹര്‍ജി കൂടി പിന്‍വലിക്കുന്നതോടെ ഒത്തുതീര്‍പ്പ് കരാര്‍ പ്രാബല്യത്തില്‍ വരും.
കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ചതോടെ എം.ടി സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമെന്ന് എം.ടി പ്രതികരിച്ചു.
2014ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും കരാര്‍ ഒപ്പ് വെച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെനല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.