കോട്ടയം: ആറന്മുളയില് ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെ ഉണ്ടായ സംഭവം ഏറെ വൈകിയാണ് പുറത്തറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായി ശ്രമിച്ചത്.
ആശുപത്രിയിലെ നഴ്സാണ് പെണ്‍കുട്ടി ഫാനില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടത്. വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു.
ഈ സമയത്താണ് രണ്ട് തോര്‍ത്തുകള്‍ കൂട്ടികെട്ടികൊണ്ട് പെണ്‍കുട്ടി ഫാനില്‍ സ്വയം കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.
സെപ്റ്റംബര്‍ അഞ്ചിനാണ് ആറ·ുളയില്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവര്‍ പീഡിപ്പിച്ചത്. കോവിഡ് രോഗിയായ 19-കാരിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആറന്മുളയില് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്.
കേസില്‍ കായംകുളം സ്വദേശി നൗഫല്‍ അറസ്റ്റിലായി. പ്രതി നൗഫല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസില്‍ ഉള്‍പ്പെടെ പ്രതിയുമാണ്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കേസില്‍ നിര്‍ണായകമാകും.