സ്വത്വം നിലനിര്‍ത്താനായുള്ള കുര്‍ദ് ജനതയുടെ സമരഗാഥകള് മധ്യപൂർവദേശത്തെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രത്തിന്റെ ഭാഗമാണ്. പല രാജ്യങ്ങളിലായി അഭയാർത്ഥികളായി ജീവിക്കുന്ന കുർദു സമൂഹം സ്വരാഷ്ട്ര രൂപീകരണത്തിന് നിരന്തരമായി പോരാടികൊണ്ടിരിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍, പട്ടിണി, അടിച്ചമർത്തല്‍ എന്നിവയ്ക്ക് പിന്നാലെ നാടും വീടും വിട്ട് പലായനം ചെയ്യുന്ന കുര്‍ദ് വംശജര്ക്കുമേല് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതല്ലാതെ ആ ജനതയുടെ സ്വയം നിർണയാവകാശ പ്രശ്നത്തോട് മുഖം തിരിക്കുകയാണ് ലോകാധിപതികള്‍.
മദ്ധ്യപൂര്‍വ്വ ദേശത്തെ നാലു രാജ്യങ്ങളിലായുള്ള കുര്‍ദുകള്‍ ഒരുമിക്കുകയാണെങ്കില്‍ പശ്ചിമേഷ്യയുടെ ഭൂപടം തന്നെ മാറി മറിയും. അങ്ങനെ വന്നാല്‍ തങ്ങളുടെ അധീനതയിലുള്ള പലതും ഈ മേഖലയിലെ സുശക്ത രാജ്യങ്ങള്‍ക്ക് നഷ്ടമാകും. ഒരു വിശാല കുർദിസ്ഥാൻ രാഷ്ട്രത്തിന്റെ രൂപീകരണമാണ് തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭയക്കുന്നത്. പതിറ്റാണ്ടുകളായി നടക്കുന്ന സായുധ പോരാട്ടങ്ങള്‍ക്കും പതിനായിരങ്ങളുടെ മരണത്തിനും കാരണം ഈ ഭയം തന്നെ. തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്റെ ജനസംഖ്യാപരമായ അധിനിവേശവും ഇതിനോട് ചേര്‍ത്ത് വായിക്കാം.
കുര്ദുകളെന്ന രാഷ്ട്രരഹിത വംശം
സിറിയ, തുർക്കി, ഇറാഖ്, ഇറാൻ, അർമീനിയ എന്നീ രാജ്യങ്ങളിലായി ഏതാണ്ടു മൂന്നു കോടിയോളം വരുന്ന ജനവിഭാഗമാണ് കുര്‍ദുകള്‍. അവർക്കു സ്വന്തം ഭാഷയും സംസ്ക്കാരവുമുണ്ട്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ ഇറാനിയൻ ഉപകുടുംബത്തിലുൾപ്പെടുന്ന കുർദിഷ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നീ മതവിശ്വാസികളുണ്ടെങ്കിലും ബഹുഭൂരിപക്ഷവും സുന്നി മുസ്ലിംകൾ.
ആദ്യകാല മെസപ്പൊട്ടോമിയൻ സാമ്രാജ്യങ്ങളുടെ ചരിത്രഗ്രന്ഥങ്ങളിൽ കുർദുകളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കാർദൗചോയി (Kardouchoi) എന്നാണ് അവയിൽ കുർദുകളെ പറയുന്നത്. ബിസി ഏഴാം നൂറ്റാണ്ടുമുതലേ ഗിരിവർഗ്ഗക്കാർ എന്ന പേരിൽ ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിച്ച ഇവർ തുർക്കികൾക്കും വളരെക്കാലം മുൻപേ അനറ്റോളിയൻ പീഠഭൂമിയിൽ വാസമുറപ്പിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് ഇവർ ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്.
ഒരു നൂറ്റാണ്ടു മുൻപ് ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു കുർദ് പ്രദേശങ്ങളിൽ മിക്കതും. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തകർന്നപ്പോൾ തങ്ങള്‍ക്കായി ഒരു രാഷ്ട്രം ഉയര്‍ന്നുവരുമെന്ന് കുർദുകൾ പ്രതീക്ഷിച്ചു. പക്ഷേ, യുദ്ധത്തിലെ ജേതാക്കളായ ബ്രിട്ടനും ഫ്രാൻസും ഓട്ടോമൻ പ്രദേശങ്ങൾ വെട്ടിമുറിച്ച് ഇറാഖിനും സിറിയയ്ക്കും ജോർദാനും രൂപം നൽകിയപ്പോൾ കുർദുകൾ വിസ്മരിക്കപ്പെട്ടു. എന്നാല്‍, സ്വന്തമൊരു ഗേഹം വേണമെന്ന കുര്‍ദുകളുടെ അടങ്ങാത്ത ആഗ്രഹത്തില്‍ നിന്നാണ് മധ്യപൂർവദേശത്തെ കുർദ് പ്രശ്നം ഉദയം കൊള്ളുന്നത്.
തുര്‍ക്കിയും കുര്‍ദുകളും
ആധുനികതുർക്കിയിലെ കുർദുകളുടെ പ്രശ്നങ്ങൾ, മുസ്തഫ കമാൽ അത്താത്തുർക്കിന്റെ നയപരിപാടികളുടെ കാലത്ത് ആരംഭിച്ചതാണ്. സ്വതന്ത്ര കുർദിസ്ഥാന്റെ രൂപീകരണം, തുർക്കി റിപ്പബ്ലിക്കിനകത്ത് കുർദുകൾക്ക് സ്വയംഭരണം, കൂടുതൽ രാഷ്ട്രീയ-സാംസ്കാരിക അവകാശങ്ങൾ എന്നിവയാണ് കുർദിഷ് വിഭാഗങ്ങളുടെ ആവശ്യം. കുർദിസ്ഥാന്‍ വർക്കേഴ്സ് പാർട്ടി (പികെകെ) യാണ് തുര്‍ക്കി സര്‍ക്കാരുമായുള്ള സായുധ പോരാട്ടങ്ങളുടെ മുൻനിരയിൽ. 1980-കളുടെ തുടക്കത്തിൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഈ പോരാട്ടങ്ങളിൽ പതിനായിരക്കണക്കിനു പേർ മരണമടഞ്ഞിട്ടുണ്ട്.
തുർക്കി ദേശീയത ഉയർത്തിപ്പിടിക്കുന്നതിന്, തുർക്കിഷ് ഒഴികെയുള്ള മറ്റു ഭാഷകളുടെ ഉപയോഗമെല്ലാം അത്താത്തുര്‍ക്ക് നിരോധിച്ചിരുന്നു. ഇത് രാജ്യത്തെ അഞ്ചിലൊന്ന് വരുന്ന കുർദുകളെ അവരുടെ മാതൃഭാഷ സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. ‘കുര്‍ദ്’, ‘കുര്‍ദിസ്ഥാന്‍’ ‘കുര്‍ദിഷ്’ തുടങ്ങിയ പദ പ്രയോഗങ്ങള്‍ വരെ കര്‍ശനമായി നിരോധിക്കപ്പെട്ടു. കുർദിഷ് സ്കൂളൂകളും കോളേജുകളും പ്രസിദ്ധീകരണങ്ങളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. കുർദുകൾ പ്രതിഷേധിച്ചപ്പോൾ അതിഭീകരമായാണ് ഭരണകൂടം അവരെ നേരിട്ടത്. കുർദിഷ് പ്രദേശങ്ങളും രാജ്യത്തിന്റെ മറ്റു മേഖലകളുമായുള്ള ബന്ധം വിച്ഛേദിക്കുക വരെയുണ്ടായി. ചരിത്രവസ്തുതകളെ അവഗണിച്ച് കുർദുകളെ മലന്തുർക്കികൾ എന്ന് വിളിക്കുന്ന സർക്കാരിന്റെ നയമടക്കം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിതെളിച്ചത്.
കുര്‍ദ് സ്വത്വത്തിന്റെ മതേതരവൽക്കരണം സംഭവിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യത്തോടെയാണ്. 1961-83 ഘട്ടങ്ങളിൽ ഇടതുസംഘടനകൾ തുർക്കിയിൽ സജീവമായതോടെ സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾ നേരിടുന്ന കുർദ് ജനത സോഷ്യലിസ്റ്റ് ആശയങ്ങൾ പുൽകി. ആധുനിക വിദ്യാഭ്യാസ ക്രമവും സാമൂഹിക പരിവർത്തനങ്ങളും കുർദുകളില്‍ സാരമായ മാറ്റങ്ങൾ വരുത്തി.1970 കളിൽ ലേബർ പാർട്ടി, റെവലൂഷനറി കൾചറൽ സൊസൈറ്റി ഓഫ് ദി ഈസ്റ്റ് (DDKO), റെവലൂഷനറി ഡെമോക്രാറ്റിക് കൾചറൽ അസോസിയേഷൻ എന്നീ ഇടതുപക്ഷ സംഘടനകൾ മാർക്സിസം കുർദിഷ് ദേശീയതയുമായി സമന്വയപ്പെടുത്തി പ്രചരണം നടത്തിയിരുന്നു. 1971 ലെ പട്ടാള അട്ടിമറി കുർദിഷ് പ്രദേശങ്ങളിൽ വിവിധ മര്‍ദ്ദക നിയമങ്ങൾ നടപ്പിലാക്കുന്നതിലേക്കു നയിച്ചു.
1974 ലാണ് അബ്ദുല്ലാഹ് ഒജലാനിൻ്റെ നേതൃത്വത്തിൽ ത്രീവ ഇടതുപക്ഷ നിലപാടു സ്വീകരിക്കുന്ന ദി കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) രൂപീകരിക്കപ്പെടുന്നത്. കുർദിഷ് രാഷ്ട്രീയ ബോധം ഉദ്ദീപിപ്പിക്കുന്നതിൽ പികെകെയുടെ പങ്ക് നിർണായകമാണ്. പികെകെയുടെ ആക്രമണം മൂലം തുർക്കിഷ് ദേശീയതയും ശക്തി പ്രാപിച്ചു. തൊഴിലില്ലായ്മയും സാമൂഹിക-സാമ്പത്തിക അസമത്വവും നേരിട്ട കുർദ് യുവത, വിമോചന പ്രസ്ഥാനം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പികെകെയുടെ ആശയങ്ങളിലും പ്രവർത്തനത്തിലും ആകൃഷ്ടരായി.
കമ്മ്യൂണിസ്റ്റുകളടക്കമുള്ള തീവ്രവിഭാഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുക എന്നതായിരുന്നു തുർക്കിയിൽ കെനാൻ എവ്രന്റെ നേതൃത്വത്തിൽ 1980-ൽ നടന്ന സൈനിക അട്ടിമറിയുടെ പ്രധാനലക്ഷ്യം. അട്ടിമറിയെത്തുടർന്നുണ്ടായ അടിച്ചമർത്തൽ കുർദിഷ് മേഖലയിൽ അതിക്രൂരമായിരുന്നു. തെക്കുകിഴക്കൻ തുർക്കിയിലെ ജയിലുകളെല്ലാം കുർദിഷ് വംശജരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. കുർദിഷ് വംശത്തെ ഉന്മൂലനം ചെയ്യാനെന്നവണ്ണം ഭരണകൂടം ഈ നടപടി തുടർന്നുകൊണ്ടിരുന്നു.
ഇതിന്റെ മറുപടിയായി 1984 മാർച്ച് 21-ന് സിറിയയിൽ തമ്പടിച്ചിരുന്ന അബ്ദുള്ള ഓജലാന്റെ നേതൃത്വത്തിൽ, സ്വതന്ത്ര കുർദിസ്ഥാൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ പികെകെ സായുധസമരം ആരംഭിച്ചു. മലമുകളിലെ ഒളിത്താവളങ്ങളില്‍ നിന്ന് തുർക്കിയിലെ സൈനിക-സർക്കാർ കേന്ദ്രങ്ങളെയായിരുന്നു ഇവർ ലക്ഷ്യമാക്കിയിരുന്നത്. ഈ കലാപം അടുത്ത ഒന്നര ദശാബ്ദത്തിൽ ഏതാണ്ട് 40,000ത്തോളം പേരുടെ ജീവനെടുത്തു. കുർദിഷ് ഭാഷയ്ക്കു മേലുള്ള നിരോധനം നീക്കുന്നതുള്‍പ്പെടെയുള്ള തുര്‍ക്കി സര്‍ക്കാരിന്റെ അനുരഞ്ജനനടപടികള്ക്ക് പിന്നാലെയാണ് പികെകെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
കുര്‍ദുകളുടെ കണ്ണീരു വീഴ്ത്തുന്ന എര്ദോഗന് നയങ്ങള്‍
കുര്‍ദുകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് തടയാനായി ഭീകരമായ മാര്‍ഗങ്ങളാണ് തുര്‍ക്കി സൈന്യവും രാഷ്ട്രീയ നേതൃത്വങ്ങളും കാലാ കാലങ്ങളായി ചെയ്തത്. കുര്‍ദുകള്‍ക്കൊപ്പം വിശ്വാസികളായ മുസ്ലിങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടു. അങ്ങനെയിരിക്കെ അടിച്ചമര്‍ത്തപ്പെട്ട ഇസ്ലാമിസ്റ്റ് പരീക്ഷണങ്ങളുടെ തുടര്‍ച്ചയായാണ് എര്‍ദോഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് അഥവാ എകെ പാര്‍ട്ടിയും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു എര്‍ദോഗാന്റെ പല നടപടികളും. വ്യക്തിസ്വാതന്ത്രത്തെയും മനുഷ്യാവകാശങ്ങളേയും പറ്റി വാചാലനായ എര്ദോഗന് കുര്‍ദ് വിഷയത്തില്‍ തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലപാടെടുത്തു. ഭരണവും ജനാധിപത്യവും അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സൈന്യവും ജുഡീഷ്യറിയും ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റിനെ പക്വമായ സമീപനത്തിലൂടെ നേരിട്ടു.
എന്നാല്‍, തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരം അരക്കിട്ടുറപ്പിക്കുകയായിരുന്നു എര്ദോഗന്. എതിര്‍പ്പുകള്‍ പതുക്കെ നിയന്ത്രണ വിധേയമായി. സമസ്ത മേഖലകളിലും സ്വന്തക്കാരെ തിരുകിക്കയറ്റി. സമരങ്ങളേയും വിമര്‍ശനങ്ങളേയും ധാര്‍ഷ്ട്യത്തോടെ പുച്ഛിച്ചു തള്ളി. പത്ര സ്വാതന്ത്രത്തിന് കൂച്ചു വിലങ്ങിട്ടു. നവഉദാത്തവാദങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി. അങ്ങനെ ജനങ്ങളെ ഒന്നടങ്കം ശത്രുപക്ഷത്ത് നിര്‍ത്തി. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടിയും എര്‍ദോഗന്റെ ഏകാധിപത്യ രീതികള്‍ക്കെതിരെ പൊരുതിയും ഹെലിന് ബോലെകിനെ (ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ച് 288 ദിവസം നിരാഹാരം കിടന്ന് 28ാം വയസ്സില്‍ മരണപ്പെട്ട ഗ്രുപ് യോറം എന്ന മ്യൂസിക് ബാന്‍ഡംഗം ) പോലെ എത്രയോ രക്തസാക്ഷികള്‍ തുര്‍ക്കിയിലുണ്ടായി.
2011 ലെ അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. സിറിയയില്‍ ബഷർ അൽ അസദിനെതിരെ പോരാടാന്‍ റെബലുകള്‍ക്ക് സര്‍വ്വ സഹായവും നല്കിയ എര്ദോഗന് സിറിയയിലെ കുര്‍ദുകള്‍ ശക്തിപ്പെടുന്നതിലും നല്ലത് അസദ് തുടരുന്നതാണെന്ന് കണ്ട് നിര്‍ണ്ണായക ഘട്ടത്തില്‍ കാലുമാറി. അസദിന് വേണ്ടി ശക്തമായി നിന്നിരുന്ന ഇറാനും റഷ്യയുമായി ബന്ധം നന്നാക്കുകയും ചെയ്തു. എങ്ങനെയും കുര്‍ദുകളുടെ കണ്ണീര് കാണുക എന്നതായിരുന്നു ഈ സഖ്യങ്ങളുടെയെല്ലാം ലക്ഷ്യം.
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ കുര്‍ദുകളുടെ പ്രസക്തി
ഇറാഖിലെയും തുർക്കിയിലെയും കുർദുകളാണ് മുൻപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നതെങ്കിൽ കഴിഞ്ഞ ചില വർഷങ്ങളായി ശ്രദ്ധിക്കപ്പെടുന്നത് സിറിയന്‍ കുര്‍ദുകളാണ്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ കുർദ് സംഘടനയായ വൈപിജി നേതൃത്വം നല്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) ഐഎസ് ഭീകരർക്കെതിരെ നടത്തിയപോരാട്ടമാണ് ഇതിന്റെ പശ്ചാത്തലം. ഐഎസിനെതിരെ കുർദുകളെ സഹായിച്ചുവന്ന അമേരിക്കയുടെ നയത്തിലുണ്ടായ പെട്ടെന്നുളള മാറ്റം അഥവ പിന്നില്‍ നിന്നുള്ള കുത്ത്, സിറിയന്‍ കുര്ദുകളിലേക്ക് വീണ്ടും ലോകശ്രദ്ധ കേന്ദ്രീകരിച്ചു.
താരതമ്യേന ശാന്തമായി ജീവിക്കുകയാണ് സിറിയയുമായി അതിർത്തി പങ്കിടുന്ന ഇറാഖിലെ കുർദുകൾ. സ്വന്തം രാജ്യമെന്ന സ്വപ്നം ഒരര്‍ത്ഥത്തില്‍ അവര്‍ സാക്ഷാത്കരിച്ചു കഴിഞ്ഞു. കുര്‍ദുകള്‍ ബഹുഭൂരിപക്ഷമുള്ള വടക്കൻ ഇറാഖ് 14 വർഷമായി കുർദിസ്ഥാൻ എന്ന പേരിൽ ഒരു സ്വയം ഭരണപ്രദേശമാണ്.
എന്നാല്‍ സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിലെ കുർദുകളുടെ അവസ്ഥ ഇതായിരുന്നില്ല. കുര്‍ദുകളുടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ 1988ൽ ഹലാബ്ജയിൽ സദ്ദാം രാസായുധം പ്രയോഗിക്കുകപോലും ചെയ്തു. അയ്യായിരം പേർ മരിക്കുകയും നാലായിരം ഗ്രാമങ്ങൾ ചാമ്പലാവുകയും ചെയ്ത സംഭവമായിരുന്നു അത്. യുഎസ് നേതൃത്വത്തിൽ സദ്ദാമിനെതിരെ നടന്ന രണ്ടു യുദ്ധങ്ങളിലും (1991, 2003) കുർദുകൾ സജീവമായി പങ്കെടുക്കുകയുണ്ടായി. 1991ൽ കുവൈത്തിൽനിന്നു തുരത്തപ്പെട്ട സദ്ദാമിനെതിരെ വിപ്ളവം നടത്താൻ ദക്ഷിണ ഇറാഖിലെ ഷിയാക്കളെയും കുർദുകളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
സദ്ദാമിന്റെ പതനത്തിനും മരണത്തിനും ഇടയാക്കിയ 2003ലെ യുദ്ധത്തെ തുടർന്നുണ്ടായ മാറ്റങ്ങളാണ് വടക്കൻ ഇറാഖിൽ കുർദുകളുടെ സ്ഥിതി മെച്ചപ്പെടാൻ വഴിയൊരുക്കിയത്. 2005ൽ പുതിയ ഭരണഘടന നിലവിൽ വന്നതോടെ വടക്കൻ മേഖലയിലെ മൂന്നു കുർദ് ഭൂരിപക്ഷ പ്രവിശ്യകൾ ചേർന്നു കുർദിസ്ഥാന്‍ രൂപം കൊണ്ടു. പെഷ്മർഗ എന്ന് പേരുള്ള സ്വന്തം സൈന്യവും അവർക്കുണ്ട്.
കുർദിസ്ഥാനെ ഇറാഖിൽനിന്നു വേർപെടുത്തി സ്വതന്ത്രരാജ്യമാക്കാനുള്ള ശ്രമവും നടക്കുകയുണ്ടായി. എന്നാല്‍ ഇറാഖിനു പുറമെ തുർക്കിയും ഇറാനും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഇത് സംബന്ധിച്ച് നടന്ന ഹിത പരിശോധനയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
സ്വതന്ത്ര കുർദിസ്ഥാൻ സ്ഥാപിതമാകുന്നതോടെ ഇറാഖിന് അതിന്റെ എണ്ണസമ്പന്നമായ അഞ്ചിലൊരു ഭാഗം നഷ്ടപ്പെടുമായിരുന്നു. വടക്കൻ ഇറാഖുമായി ചേർന്നുകിടക്കുന്ന തുര്‍ക്കിയുടെയും ഇറാന്റെയും അതിർത്തി പ്രദേശങ്ങളിലും കുർദുകളാണ് ഭൂരിപക്ഷം. വിശാല കുർദിസ്ഥാൻ രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ പങ്കാളികളാകാന്‍ അവര്‍ ശ്രമിക്കുമെന്നതായിരുന്നു തുര്‍ക്കിയെയും ഇറാനെയും ഭയപ്പെടുത്തിയത്.
തുർക്കിയുമായി ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സിറിയയിലെ വലിയൊരു ഭാഗം എസ്ഡിഎഫിന്റെ നിയന്ത്രണത്തിലാണ്. ഇതു സിറിയയുടെ ഏതാണ്ട് നാലിലൊന്നുവരും. ഇത്രയും വലിയൊരു പ്രദേശം സിറിയൻ കുർദുകളുടെ അധീനത്തിൽ തുടരുന്നതിൽ തുർക്കി അപകടം കാണുന്നു. തുർക്കിയിലെ കുർദുകൾ അവരിലേക്ക് ആകർഷിക്കപ്പെടുകയും തെക്കൻ തുർക്കിയിലെ കുർദ് പ്രശ്നം കൂടുതൽ ഗുരുതരമാവുകയും ചെയ്യും എന്നത് തന്നെയാണ് ആശങ്ക.
എന്നാല്‍, തുർക്കിയിലുള്ള 36 ലക്ഷം സിറിയൻ അഭയാർഥികളിൽ 20 ലക്ഷം പേരെയെങ്കിലും താമസിപ്പിക്കാനായി വടക്കു കിഴക്കൻ സിറിയയിൽ സുരക്ഷിത മേഖല ഉണ്ടാക്കുകയാണ് ഉദ്ദേശ്യം എന്നാണ് എര്ദോഗന് ഭരണകൂടം അവകാശപ്പെടുന്നത്. പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയതും കാശ്മീരില്‍ ഇന്ത്യ നടപ്പിലാക്കുന്നുവെന്ന് വിമര്‍ശിക്കപ്പെടുന്നതുമായ ജനസംഖ്യാപരമായ അധിനിവേശം തന്നെയാണ് ഇതിലൂടെ തുര്‍ക്കിയും ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും പോരാട്ടങ്ങളും തകര്‍ത്ത മദ്ധ്യപൂര്‍വ്വ മേഖലയുടെ ഭൂപടത്തില്‍ കുര്ദുകള്ക്കൊരിടം ലഭിക്കാന്‍ രക്തച്ചൊരിച്ചിലുകള്‍ ഇനിയെത്ര വേണമെന്നതാണ് ആശങ്ക.