2012ല്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസോടുകൂടി ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിക്ക് ഒരു വിശേഷണം ചാര്‍ത്തിക്കിട്ടി. പീഡന തലസ്ഥാനം. 2013ല്‍ 1400 നും 2014ല്‍ 1800നും മുകളില്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഈ അപഖ്യാതി ഊട്ടിയുറപ്പിച്ച ആ മഹാനഗരം സ്ത്രീ സുരക്ഷയുടെയും സംരക്ഷണത്തിന്‍റെയും കാര്യത്തില്‍ പഴയതുപോലെ തന്നെ തുടരുന്നു. എന്നാല്‍, 2019 ആയപ്പോഴേക്കും ഡല്‍ഹിയില്‍ നിന്ന് പീഡന തലസ്ഥാനമെന്ന കുപ്രസിദ്ധി സ്വന്തമാക്കാന്‍ ഉത്തര്‍പ്രദേശിന് സാധിച്ചു.
ഓരോ മിനുട്ടിലും പ്രായം പോലും പരിഗണിക്കാതെ പിച്ചി ചീന്തി, തെരുവോരങ്ങളിലും പൊന്തക്കാടുകളിലും വലിച്ചെറിയപ്പെടുന്ന പെണ്‍ ശരീരങ്ങളാണ് ഉത്തര്‍പ്രദേശ് നല്‍കുന്ന ചിത്രം. പ്രഖ്യാപനങ്ങള്‍ പ്രഹസനങ്ങള്‍ മാത്രമാകുമ്പോള്‍ റോക്കറ്റ് വേഗതയില്‍ സഞ്ചരിക്കുന്ന പീഡനക്കണക്കുകള്‍ക്ക് മുന്നില്‍ നിഷ്ക്രിയരാകുന്ന ഭരണകൂടവും ഈ ചിത്രത്തിന്‍റെ ഭാഗമാണ്.
പീഡനമെന്ന മഹാവ്യാധി
ഉത്തർപ്രദേശിൽ ഒരു ദിവസം രജിസ്റ്റർ ചെയ്യുന്നത് 12 ബലാത്സംഗ കേസുകളാണെന്നാണ് നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ വിലയിരുത്തല്‍. 2018ലെ കണക്ക് പ്രകാരം 4322 ബലാത്സംഗക്കേസുകള്‍ രജിസ്റ്റർ ചെയ്തു. 144 പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികൾക്കെതിരെ ദിവസം 55 എന്ന കണക്കിൽ ഒരു വർഷം 19,936 അതിക്രമ കേസുകള്‍, സ്ത്രീകൾക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് 59,445 കേസുകള്‍, സ്ത്രീധനവുമായി ബന്ധപ്പെട്ട് 2444 മരണങ്ങള്‍, ഇങ്ങനെ പട്ടിക നീളുന്നു. ഇവയില്‍ മിക്ക കേസുകളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ജനപ്രതിനിധികളാണെന്നത് ജനാധിപത്യ ഭരണ സംവിധാനങ്ങളെ കരിവാരിപ്പൂശുന്ന വസ്തുതകള്‍ തന്നെ.
നിര്‍ഭയയ്ക്കു പിന്നാലെ രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉന്നാവോ കേസ് യുപിയുടെ പീഡന വ്യാധി ദേശീയതലത്തില്‍ ചൂടേറിയ ചര്‍ച്ചവിഷയമാക്കി. 2019ല്‍ ഉന്നാവോയില്‍ മാത്രം 86 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അപ്പോള്‍ ഉന്നാവോ തന്നെ ഉത്തര്‍പ്രദേശിന്‍റെ പീഡന തലസ്ഥാനം.
2017 ജൂൺ 4 ന്, 17 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതാണ് ഉന്നാവോ കേസിന്‍റെ ആധാരം. ബിജെപി നിയമസഭാംഗമായ കുൽദീപ് സിംഗ് സെംഗറായിരുന്നു മുഖ്യപ്രതി. നീതി നിഷേധത്തിന്‍റെ പാത്രമായ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ വച്ച് ആത്മഹൂതിക്കൊരുങ്ങിയതിന് പിന്നാലെ ഉന്നാവോ വാര്‍ത്തകളില്‍ ഇടം പിടിച്ചു. പിന്നെ സംഭവിച്ചതൊക്കെയും സിനിമയെ വെല്ലുന്ന തിരക്കഥകളുടെ ആവിഷ്കാരമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ കുറ്റവാളിയാക്കുക ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ആ പിതാവ് കൊല്ലപ്പെടുക ഇര സഞ്ചരിക്കുന്ന വാഹനത്തില്‍ ട്രക്ക് കയറ്റി അപകടമുണ്ടാക്കുക തുടങ്ങിയവ നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്ന ഇരകളുടെ ദൈന്യമായ അവസ്ഥയുടെ നേര്‍സാക്ഷ്യമാണ്.
2019 ഡിസംബർ 6 രാത്രി 11.40ന് ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലുണ്ടായിരുന്ന
ഉന്നാവോ സ്വദേശിയായ 23കാരി മരണപ്പെട്ടു. മെഡിക്കല്‍ ബുള്ളറ്റിന്‍ പരിശോധിച്ചാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് കാണാം. എന്നാല്‍ യുപിയുടെ പീഡന പരമ്പരകളില്‍ വച്ചേറ്റവും പൈശാചികമായ അനുഭവങ്ങളാണ് ആ പെണ്‍കുട്ടിയുടെ ജീവനെടുത്തത്. താന്‍ ബലാത്സംഗത്തിനിരയായെന്ന കാര്യം പരാതിപ്പെട്ടതിനാണ് അവള്‍ കത്തിയെരിഞ്ഞത്. തന്‍റെ ജീവിതം നശിപ്പിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നതാണ് അവള്‍ ചെയ്ത കുറ്റം. എന്നാല്‍ അവളുടെ സര്‍വ്വസ്വവും അപഹരിച്ച ആ കൊടും കുറ്റവാളികള്‍ക്ക് എന്ത് സംഭവിച്ചു.
ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ നിയമത്തെയും നിയമ സംവിധാനങ്ങളെയും പുച്ഛിച്ചു തള്ളി ഇരയെ ഭീഷണിപ്പെടുത്തുകയും കൂട്ടം ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ആ ഇളം ദോഹത്ത് മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് തീകൊളുത്തുകയുമായിരുന്നു അവര്‍. എവിടെ നിന്ന് കിട്ടി ആ നരാധമന്മാര്‍ക്ക് ഇതിനുള്ള ധൈര്യം? ദേഹം കത്തിയെരിയുന്നതിനെക്കാള്‍ ആഴത്തില്‍ ഹൃദയം തുളയ്ക്കുന്ന വേദനയുമായി സഹായത്തിനായി അവള്‍ കിലോമീറ്ററുകളാണ് ഓടിയത്. ഇത്തരത്തില്‍ വെന്ത മാംസം മണക്കുന്ന കരിഞ്ഞ പാതകള്‍ എല്ലാം സഹിക്കാന്‍ ഇരകളെ നിര്‍ബന്ധിക്കുമ്പോള്‍ പാപികള്‍ സ്വൈര്യ വിഹാരം നടത്തുന്നു. പീഡന പരമ്പരകള്‍ നീളുന്നു.
സമ്പദ് വ്യവസ്ഥയ്ക്കും ജനജീവിതത്തിനും അങ്ങേയറ്റം വെല്ലുവിളിയാണ് കോവിഡ് മഹാമാരി. രോഗഭീതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും മരണങ്ങളും പര്യവസാനമില്ലാതെ തുടരുമ്പോള്‍ കുറ്റവാളികളും കുറ്റകൃത്യങ്ങളും മാത്രം ഒടുങ്ങുന്നില്ല. മുന്‍പത്തെക്കാള്‍ ക്രൂരമാണ് ചില സംഭവങ്ങള്‍. ലോക്ക് ഡൗണ്‍ കാലത്തെ ഗാര്‍ഹിക പീഡനം, കുട്ടികളോടുള്ള അതിക്രമം, ബലാത്സംഗം തുടങ്ങി ഞെട്ടിക്കുന്ന സംഭവങ്ങളും കണക്കുകളുമാണ് ദിനം പ്രതി പുറത്തുവരുന്നത്. ഇത്തവണത്തെ ഗ്രാഫില്‍ പീഡന തലസ്ഥാനമെന്ന വിശേഷണം പേറി യുപി കുതിക്കുകയാണ്. മനുഷ്യന്‍റെ നിലനില്‍പ്പു തന്നെ ചോദ്യചിഹ്നമാകുമ്പോള്‍ തിരുത്താന്‍ തയ്യാറാകാതെ ചില നികൃഷ്ട ജന്മങ്ങള്‍ നാടിന്‍റെ തന്നെ മാനം കളയുന്നു.
യുപിക്ക് അപഖ്യാതിയാകുന്ന പീഢന പരമ്പരകള്‍
സ്ത്രീ സുരക്ഷയും സംരക്ഷണവും ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് വളരെ വിദൂരമാണ്. കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളും കരളുപിളര്‍ക്കുന്ന ശവശരീരങ്ങളും ചൂണ്ടിക്കാട്ടുന്നത് നിയമസംഹിതകളെയും ശിക്ഷാവിധികളെയും ഭയക്കാത്ത കുറ്റവാളികളുടെ മനോഭാവത്തെയാണ്. ഒപ്പം നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഒരു ജനതയെ രൂപപ്പെടുത്തി എടുക്കുകയും ചെയ്യുന്നു. ഹാപൂർ, ലഖിംപൂർ-ഖേരി, ഗോരഖ്പൂർ എന്നിവിടങ്ങളിൽ സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകൾ യുപിയുടെ ചിത്രം വീണ്ടും വികൃതമാക്കുന്നവ തന്നെ.
ഇക്കഴിഞ്ഞ ആഗസ്ത് 15നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയുടെ ശവശരീരം യുപിയിലെ ലഖിംപൂർ ഖേരിയില്‍ കരിമ്പിന്‍ കാടിനുള്ളില്‍ നിന്ന് കണ്ടെടുക്കുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. അവളുടെ വായ മൂടിക്കെട്ടുകയും നാക്കറുക്കുകയും ചെയ്തിരുന്നു. കഴുത്തില്‍ കയര്‍ കെട്ടിയാണ് കുറ്റവാളി അവളെ വലിച്ചിഴച്ചത്. ആഗസ്ത് 14 ഉച്ചയോടുകൂടി കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി പോലീസ് നടത്തിയ തിരച്ചിലിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട ശവശരീരം കണ്ടുകിട്ടുന്നത്. ഇത് ഉള്‍പ്പെടെ ലഖിംപൂർ ഖേരിയില്‍ 20 ദിവസത്തിനിടെ ഇതേ രീതിയില്‍ കൊല്ലപ്പെട്ടത് 3 പെണ്‍കുട്ടികളായിരുന്നു. വീട്ടില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി ബന്ധുവീട്ടിലേക്ക് പോയ പതിനേഴുകാരിയുടെയും കാണാതായ മൂന്ന് വയസ്സുകാരിയുടെയും മൃതദേഹങ്ങള്‍ ആഴത്തിലുള്ള പരിക്കുകളോടെയാണ് കണ്ടെടുത്തത്.
ആഗസ്ത് 15ന് ഗോരഖ്പൂരില്‍ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഗോല പ്രദേശത്ത് ബലാത്സംഗത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഹാൻഡ് പമ്പിൽ നിന്ന് വെള്ളം എടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ പെണ്‍കുട്ടിയെ അടുത്തുള്ള കുടിലിലേക്ക് വലിച്ചിഴച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയതായാണ് പൊലീസ് ഭാഷ്യം.
ആഗസ്ത് 19, ബദോഹി. പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആസിഡ് ആക്രമണമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആഗസ്ത് 17നായിരുന്നു പെണ്‍കുട്ടിയെ ബദോഹിയില്‍ നിന്ന് കാണാതായത്.
ആഗസ്ത് 6ന് ഹാപൂറില്‍ രജിസ്റ്റര്‍ ചെയ്തത് അത്യന്തം ഹീനമായ കുറ്റകൃത്യമായിരുന്നു. ഗർമുക്തേശ്വറിലെ കോട്‌വാലി പ്രദേശത്ത് നിന്ന് വീടിനു പുറത്ത് കളിക്കുന്നതിനിടെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. ആ പിഞ്ചുകുഞ്ഞിനെ കുറ്റവാളി ബലാത്സംഗം ചെയ്തു, അവളുടെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കി, ഗ്രാമത്തിനടുത്തുള്ള ഒരു വയലിൽ കൊണ്ടുതള്ളിയിട്ട് രക്ഷപ്പെട്ടു.
തീര്‍ന്നില്ല, ഉന്നാവോയില്‍ 9വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായതിനു പിന്നാലെ രക്തസ്രാവത്തെത്തുടര്‍ന്ന് മരണപ്പെട്ടതും. പതിനാറു വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചതും. 23 കാരിയെ റേഷന്‍ കടക്കാരന്‍ പീഡിപ്പിച്ചതും തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര കേസുകള്‍. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തവയുമാണിവ. പുറംലോകമറിയാത്ത സംഭവങ്ങള്‍ ഈ കണക്കുകളെ വെല്ലുന്നവയാണ്. പേടി, ഭീഷണി, മുന്‍കാല അനുഭവങ്ങള്‍, സമൂഹം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് പൈശാചികമായ പല സംഭവങ്ങളും മൂടിവയ്ക്കുന്നത്.
നിഷ്ക്രിയമാകുന്ന ഭരണ സംവിധാനങ്ങള്‍
ബലാത്സംഗങ്ങളും ക്രൂരകൃത്യങ്ങളും യോഗി സര്‍ക്കാരിന്‍റെ മുഖമുദ്രയാണെന്ന വിമര്‍ശനവുമായാണ് പ്രതിപക്ഷ കക്ഷികള്‍ യുപിയിലെ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിക്കുന്നത്. ലഖിംപൂർ ഖേരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത അത്യന്തം അപലപനീയമായ കൊലപാതകങ്ങള്‍ ഈ വാദങ്ങള്‍ക്ക് ആക്കം കൂട്ടി. നിസ്സഹായരായ ജനങ്ങളും നിർഭയരായ കുറ്റവാളികളും പൂര്‍ണ്ണ പരാജയമായ സർക്കാരുമടങ്ങുന്നതാണ് യുപി.
കൊടും ക്രിമിനലുകൾ നിയമത്തിനു പുല്ലുവില കൽപ്പിക്കാതെ അഴിഞ്ഞാടുന്ന നാടായി ഉത്തർപ്രദേശ് അധഃപതിക്കുമ്പോള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് കൂടി മങ്ങലേല്‍ക്കുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ സംഘടിച്ച്, വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയും സ്ത്രീകൾക്കുള്ള അസുരക്ഷിതത്വവും, യുപി നിയമസഭയുടെ മൺസൂൺ സെഷനിൽ വലിയ ചർച്ചയാക്കിയിരുന്നു. നിത്യേനയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുന്ന ബലാത്സംഗങ്ങള്‍ക്ക് പുറമെ ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഗുണ്ടാമാഫിയകളുടെ അതിപ്രസരവുമാണ് യുപിയുടെ കുപ്രസിദ്ധിക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍.
പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാനുള്ള വഴിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരയുന്നത്. ഈ വർഷം ജനുവരി മുതൽ ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നതിനേക്കാൾ കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണെന്ന ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
നിരന്തര വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എല്ലാ രാഷ്ട്രീയക്കാരെയും പോലെ വമ്പന്‍ വാഗ്ദാനവുമായി രംഗത്ത് വരാന്‍ ആദിത്യനാഥും മറന്നില്ല. ഇത്തവണ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ വകുപ്പ് രൂപവത്കരിക്കാനായിരുന്നു തീരുമാനം. എഡിജിപി തലവനായുള്ള വകുപ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലീസിലെ വിവിധ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിക്കും. 1090 ഹെല്‍പ്പ് ലൈനിന്‍റെ നിയന്ത്രണവും ഏറ്റെടുക്കും.
ഇത്തരം പ്രഖ്യാപനങ്ങള്‍ വിമര്‍ശനങ്ങളുടെ വായടപ്പിക്കാന്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ദാരുണമായ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമത്തില്‍ ഭയക്കാത്ത കുറ്റവാളികള്‍ ഉള്ളിടത്തോളം കാലം ഇത് തുടരും. കര്‍ശനമായ നിയമപാലനമാണ് ഇവിടെ ആവശ്യം. മുഖം നോക്കാതെ, പദവി നോക്കാതെ, കുലം നോക്കാതെ, കൊടിയുടെ നിറം നോക്കാതെയുള്ള ശിക്ഷാ നടപടികള്‍.