കൊല്‍ക്കത്ത: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പതിനേഴുകാരന് പതിതിനാലുകാരനെ തല്ലിക്കൊന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ ഡോവര്‍ ടെറസിന് സമീപമുള്ള ചേരിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ വാക്കു തര്‍ക്കം കയ്യേറ്റത്തിലെത്തുകയായിരുന്നു.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പിതാവിന്റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പതിനാലുകാരന്. എന്ത് ഗെയിമാണ് കളിക്കുന്നതെന്ന പതിനേഴുകാരന്റെ ചോദ്യത്തിന് പതിനാലുകാരന് മറുപടി നല്‍കിയില്ല. പകരം പതിനേഴുകാരന്റെ കയ്യിലെന്താണ് എന്ന് തിരക്കി. ഇതില്‍ പതിനേഴുകാരന് പ്രകോപിതനാവുകയായിരുന്നു. രണ്ടുപേരും തമ്മില്‍ കലഹം തുടങ്ങി.
അടുത്ത സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ കലഹം പതിവായതിനാല്‍ വീട്ടുകാര്‍ ഇത് ശ്രദ്ധിച്ചില്ല. എന്നാല്‍ പതിനേഴുകാരന് നെഞ്ചിലും വയറിലും ചവിട്ടിയതോടെ പതിനാലുകാരന് നിലത്ത് വീഴുകയായിരുന്നു. ബോധം കെട്ട് നിലത്തുകിടന്ന പതിനാലുകാരനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് പതിനേഴുകാരനെ അറസ്റ്റുചെയ്തു.