750 ഡ്യൂക്ക്, 750 അഡ്വഞ്ചർ, 750 സൂപ്പർമോട്ടോ T എന്നിവയുൾപ്പെടെയുള്ള ബ്രാൻഡിന്റെ 750 സിസി സൂപ്പർ ബൈക്ക് മോഡലുകളെല്ലാം ചൈനയിലാകും നിർമിക്കുമെന്ന പ്രഖ്യാപനവുമായി കെടിഎം. കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറർ മൊബിലിറ്റി ഗ്രൂപ്പിന്റെ നിക്ഷേപ അവതരണത്തിലാണ് പുതിയ പ്രഖ്യാപനം. ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ് മോട്ടോയുമായുള്ള ബ്രാൻഡിന്റെ പങ്കാളിത്തത്തിന്റെ നിർണായക ഭാഗമായിരിക്കും പുതിയ ശ്രേണി എന്നതാണ് ശ്രദ്ധേയം.
ചൈനീസ് വിപണിക്കും മറ്റ് ആഗോള വിപണികൾക്കും ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി കെടിഎം 2017 ൽ സിഎഫ്‌മോട്ടോയുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടിരുന്നതിന്റെ ഭാഗംകൂടിയാണിത്. ഈ പങ്കാളിത്തം ഇന്ത്യയുടെ ബജാജ് ഓട്ടോ ലിമിറ്റഡുമായുള്ള കെടിഎമ്മിന്റെ ബന്ധത്തിൽ നിന്ന് സമാനമാണ്.
കെടിഎമ്മിൽ 48 ശതമാനം ഓഹരികളാണ് ബജാജിനുള്ളത്. അതസമയം 51 ശതമാനം ഓഹരിയാണ് ഓസ്ട്രിയൻ കമ്പനിയുമായുള്ള സിഎഫ്‌മോട്ടോയുമായുള്ള പങ്കാളിത്തം. ബാക്കി 49 ശതമാനം മാത്രമാണ് കെടിഎമ്മിന് സ്വന്തം. ഡ്യൂക്ക്, അഡ്വഞ്ചർ, സൂപ്പർമോട്ടോ എന്നിവയുടെ 750 സിസി ട്വിൻ സിലിണ്ടർ കെടിഎം മോഡലുകളുടെ പുതിയ ശ്രേണി ചൈനയിലെ ഹാംഗ്ഷൂവിലാണ് നിർമിക്കുക. വ്യക്തമായും കെടിഎം അതിന്റെ ചില മിഡ്-സൈസ് എഞ്ചിനുകൾ ഉത്പാദിപ്പിക്കാൻ സിഎഫ്‌മോട്ടോ സഹായിക്കും.
ബജാജ് ഇന്ത്യയിൽ ചകാനിലെ പ്ലാന്റിൽ സബ് 500 സിസി എഞ്ചിനുകളും മോട്ടോർസൈക്കിളുകളും ഒരുങ്ങും. എന്നിരുന്നാലും രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിലെ ആദ്യ ഉൽപ്പന്നം കെടിഎം ബാഡ്‌ജിൽ ആയിരിക്കില്ല എത്തുക. പകരം സിഎഫ്‌മോട്ടോയുടെ അഡ്വഞ്ചർ MT800 ബൈക്ക് ആയിരിക്കും ആദ്യം വിപണിയിലെക്കുക. ഇത് കെടിഎം 790 അഡ്വഞ്ചറിൽ നിന്നുള്ള എഞ്ചിൻ ഉപയോഗിക്കും. നിലവിൽ ഈ പതിപ്പിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനി.
ഇത് 2020 ഒക്ടോബറിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിലെ കൊറോണ വൈറസ് വ്യാപനത്തന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായാണ് സൂചന. അതേസമയം പുതിയ 750 സിസി ഇരട്ട-സിലിണ്ടർ എഞ്ചിൻ പവർ ഔട്ട്പുട്ട് സവിശേഷതകൾ എങ്ങനെയായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.മോഡൽ ഇന്ത്യൻ വിപണിയിലേക്ക് എത്താൻ സാധ്യതയില്ല. എങ്കിലും ബെംഗലൂരു ആസ്ഥാനമായുള്ള AMW-വുമായി സഹകരിച്ച് ബ്രാൻഡ് ഇന്ത്യയിലും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ്.