ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഗുരു അഥവാ അധ്യാപകൻ എന്നത് തങ്ങളുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. മാതാ – പിതാ – ഗുരു – ദൈവം എന്ന സന്ദേശം ഉൾക്കൊള്ളുന്നവരാണ് ഇന്ത്യയിലെ ജനങ്ങൾ. എന്നാൽ, ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഏറെ ആദരിക്കപ്പെടുന്നവരാണ് അധ്യാപകർ. അത്‌കൊണ്ട് തന്നെയാണ് നമ്മുടെ ലോക നേതാക്കളിൽ പലരും അധ്യാപനത്തെ ഇഷ്ടപ്പെട്ടിരുന്നത്. ഡോ. എപിജെ അബ്‌ദുൽ കാലം, ജസ്റ്റിൻ ട്രൂഡോ, ബരാക്ക് ഒബാമ, ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെ നിരവധി ലോക നേതാക്കൾ അധ്യാപകർ കൂടിയായിരുന്നു. ഇവരിൽ ചിലരെ പരിചയപ്പെടാം.
ഡോ. എപിജെ അബ്‌ദുൽ കലാം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച രാഷ്‌ട്രപതിയായിരുന്നു ഡോ. എപിജെ അബ്‌ദുൽ കലാം. ഇന്ത്യയുടെ മിസൈൽമാൻ എന്ന് വിളിപ്പേരുള്ള ഇദ്ദേഹം ഇന്ത്യക്കായി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം നിരവധി യൂണിവേഴ്‌സിറ്റികളിൽ അധ്യാപകൻ കൂടിയായിരുന്നു. ഏറെ പ്രചോദനം നൽകുന്ന പ്രസംഗങ്ങൾ കൊണ്ട് ഏറെ വിദ്യാർത്ഥികളുടെ മനംകവർന്ന വ്യക്തിത്വമാണ് അദ്ദേഹം. ഒടുവിൽ 2015 ജൂലൈ 27 ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു വിദ്യാർത്ഥികളുടെ ഈ അധ്യാപകൻ.
ജസ്റ്റിൻ ട്രൂഡോ
കാനഡയുടെ യുവ പ്രധാനമന്ത്രിയാണ് ജസ്റ്റിൻ ട്രൂഡോ. 2015 മുതൽ കാനഡയുടെ പ്രധാനമന്ത്രിയാണ് ഈ 48 കാരൻ. ലിബറൽ പാർട്ടി നേതാവായ ഇദ്ദേഹം കാനഡയുടെ 23 – മത് പ്രധാനമന്ത്രിയാണ്. 2008 ൽ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുൻപായി ഇദ്ദേഹം വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്നു. അതിൽ ഇഷ്‌ട ജോലിയായ അധ്യാപനവും ഉണ്ടായിരുന്നു. ഒരു പ്രൈവറ്റ് സ്‌കൂളിൽ കണക്കും, ഫ്രഞ്ച് ഭാഷയും ഹ്യൂമാനിറ്റീസും നാടകവുമെല്ലാം പഠിപ്പിച്ചിരുന്നു. ഏകദേശം മൂന്ന് വർഷക്കാലം അധ്യാപകനായി ഇദ്ദേഹം തുടർന്നു.
ബരാക്ക് ഹുസൈൻ ഒബാമ
തന്റെ വ്യക്തി പ്രഭാവം കൊണ്ട് ലോകത്തിന്റെ മുഴുവൻ സ്നേഹം പിടിച്ചുപറ്റിയ ലോകനേതാവായിരുന്നു ബരാക്ക് ഒബാമ. അമേരിക്കയുടെ 44 – മത് പ്രസിഡന്റ് ആയിരുന്ന ബരാക്ക് ഹുസൈൻ ഒബാമ 2009 മുതൽ 2017 വരെയായിരുന്നു പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നത്. പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയുടെ ലോ സ്‌കൂളിൽ പ്രൊഫസറായിരുന്നു ഒബാമ. 12 വർഷ കാലത്തെ അധ്യാപനത്തിന് ശേഷം 2004 ൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അധ്യാപന ജീവിതത്തിൽ നിന്നും അദ്ദേഹം മാറി നിന്നത്.
ഡോ. മൻമോഹൻ സിംഗ്
ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് നട്ടം തിരഞ്ഞ സമയത്തും പിടിച്ചു നിന്ന അപൂർവ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. അന്ന്, അതിന്റെ പിന്നിലെ ഏറ്റവും വലിയ ശക്തിയായിരുന്നു ആ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ്. 2004 മുതൽ 2014 വരെ ഇന്ത്യയുടെ സാമ്പത്തിക നില ഇദ്ദേഹത്തിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. പ്രധാനമന്ത്രിയാകുന്നതിന് മുൻപ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായും റിസർവ് ബാങ്ക് ഗവർണറായും ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ പദവികളിലെല്ലാം എത്തുന്നതിന് മുൻപ് ഇദ്ദേഹവും ഒരു അധ്യാപകൻ ആയിരുന്നു. പഞ്ചാബ് സർവകലാശാലയിലും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് എക്കണോമിക്‌സിലും ഡോ. മൻമോഹൻ സിംഗ് പ്രൊഫസറായി ജോലി അനുഷ്ഠിച്ചിട്ടുണ്ട്.
കെ ആർ നാരായണൻ
കേരളത്തിൽ നിന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയ നേതാവാണ് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ. ഇന്ത്യയുടെ 9 – ആമത് ഉപരാഷ്ട്രപതിയായി 1992 മുതൽ 1997 വരെയും 10 – ആമത് രാഷ്ട്രപതിയായി 1997 മുതൽ 2002 വരെയും സേവനമനുഷ്ടിച്ചിട്ടുണ്ട് കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ഇദ്ദേഹം. ഡിഗ്രി പഠനത്തിന് ശേഷം ഒരു പാർട്ട് ടൈം അധ്യാപകാനായി ജോലി നോക്കിയ അദ്ദേഹം പിന്നീട് ഡൽഹിയിലേക്ക് ചേക്കേറി. പിന്നീട് ഉന്നത പഠനത്തിന് ശേഷം അദ്ദേഹം അധ്യാപകനായി പ്രവർത്തിക്കുകയും ഒടുവിൽ, രാജ്യത്തിന്റെ അഭിമാന സാർവ്വകലാശാലയായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്
ലിൻഡൻ ബി ജോൺസൻ
എൽബിജെ എന്ന ചുരുക്കപ്പേരിൽ അറിയിൽപ്പെട്ടിരുന്ന അമേരിക്കൻ നേതാവായിരുന്നു ലിൻഡൻ ബി ജോൺസൻ. 1963 മുതൽ 1969 വരെയുള്ള കാലം അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ ഇരുന്ന വ്യക്തിത്വമാണ് ഇദ്ദേഹം. 1961 മുതൽ 1963 വരെ വൈസ് പ്രസിഡന്റ് പദവിയിൽ ഇരുന്ന ശേഷമാണ് ഇദ്ദേഹം അമേരിക്കയുടെ രാഷ്ട്രത്തലവനായത്. ഇതിനെല്ലാം മുൻപ് അദ്ദേഹം ടെക്‌സാസിലെ ഒരു ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. അധ്യാപകനായിരുന്ന സമയത്ത് അദ്ദേഹം നിരവധി ദരിദ്രരായ വിദ്യാർത്ഥികൾ പ്രാതൽ പോലും കഴിക്കാനില്ലാതെ വിശന്ന് സ്‌കൂളിലേക്ക് വരുന്നത് കണ്ടിരുന്നു. ആ കാഴ്ച്ചയാണ് പിന്നീട് അദ്ദേഹം അമേരിക്കയുടെ രാഷ്‌ട്രത്തലവനായപ്പോൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന നിയമം ഉണ്ടാക്കുന്നതിലേക്ക് എത്തിച്ചത്. രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളും ഇപ്പോഴും ആ സാമ്പത്തിക സുരക്ഷിത്വത്തിൽ വിശപ്പറിയാതെ ജീവിക്കുന്നു.
അതെ, അത് തന്നെയാണ് അധ്യാപകൻ. തന്റെ വിദ്യാർത്ഥികളുടെ വയർ വിശക്കുന്നതും അവന്റെ മുഖത്തെ ചിരി മാറുന്നതും മനസിലാക്കാൻ തക്ക വിവേകമുള്ളവർ. അധ്യാപകർ ഏറ്റവും ദയയുള്ളവരും ക്ഷമ ശീലമുള്ളവരും കരുണയുള്ളവരുമാകുമ്പോൾ അവർ പറഞ്ഞു കൊടുക്കുന്ന വിദ്യ ഉത്തരക്കടലാസിലെ മാർക്കിന് അപ്പുറത്തേക്ക് നല്ല മനുഷ്യരെ കൂടി സൃഷ്‌ടിക്കും.