ഗുരു ഇരുട്ട് അകറ്റുന്നവനും ആചാര്യന്‍ ചരിക്കേണ്ട വഴി കാണിച്ചുകൊടുക്കുന്നവനുമാണ്. കേവലമൊരു തൊഴില്‍ എന്നതിലുപരി, ദൈവദത്തമായ ഒരു നിയോഗമാണ് അദ്ധ്യാപനം. വളരെ അര്‍ത്ഥവത്തായ ഈ പുണ്യ പ്രവൃത്തിയുടെ അനുസ്മരണമാണ് ഓരോ അദ്ധ്യാപക ദിനവും. രാഷ്ട്ര നിര്‍മ്മാണത്തില്‍ പരമപ്രധാനമായ പങ്കുവഹിക്കുന്ന എല്ലാ അദ്ധ്യാപകരുടെയും ആത്മസമര്‍പ്പണത്തിനും പ്രതിബദ്ധതയ്ക്കും മുന്നില്‍ അഭിവാദ്യങ്ങള്‍ ചൊരിയാന്‍ മാറ്റിവച്ച ദിനം.
വിദ്യാഭ്യാസം എന്നും ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്. കാലാനുസൃതമായി പരിണാമ വിധേയമാകുന്ന ഒരു മേഖല. ഇതിന്‍റെ മര്‍മ പ്രധാനമായ ഘടകമാണ് അദ്ധ്യാപകര്‍. ക്ലാസ് മുറിക്ക് പുറത്ത്, സിലബസുകള്‍ക്കപ്പുറത്ത് കുട്ടികളില്‍ സനാതനമൂല്യങ്ങള്‍ സന്നിവേശിപ്പിക്കേണ്ട ദൗത്യം നിക്ഷിപ്തമായിരിക്കുന്നത് അദ്ധ്യാപകരിലാണ്
ചരിത്രം പിറകോട്ട് മറിച്ചാല്‍ ആധ്യാത്മിക ആചാര്യന്മാരെ അദ്ധ്യാപകരായി അംഗീകരിച്ചിരുന്നതായി കാണാം. എന്നാല്‍ ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. വിദ്യാഭ്യാസം സാര്‍വത്രികമായപ്പോഴാണ് അദ്ധ്യാപകര്‍ എന്ന പ്രത്യേക വര്‍ഗമുണ്ടായത്.
ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി കൊണ്ടാടുന്നുണ്ട്. ഇന്ത്യയ്ക്ക് സെപ്തംബര്‍ അഞ്ചാണ് ആ വിശിഷ്ട ദിനം. അതിപ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ എന്ന സർവേപള്ളി രാധാകൃഷ്ണന്‍റെ ജന്മദിനം. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.
സർവേപള്ളി രാധാകൃഷ്ണന്‍ എന്ന ചരിത്രം
ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തില്‍ പ്രഥമ സ്ഥാനീയനായ ഡോ.എസ് രാധാകൃഷ്ണന്‍ ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. 1909 ൽ മദ്രാസ് പ്രസിഡൻസി കോളേജിലാണ് അദ്ദേഹം തന്‍റെ അദ്ധ്യാപന ജീവിതം ആരംഭിക്കുന്നത്. 1918ല്‍ മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ച കാലയളവില്‍ ആനുകാലികങ്ങളിലും, പത്രമാസികകളിലും ആഴത്തിലുള്ള ചില ചിന്താധാരകള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം സജീവമായിരുന്നു. ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ എന്ന ആദ്യത്തെ പുസ്തകം പൂർത്തീകരിക്കുന്നത് ഈ കാലയളവിലാണ്. തന്റെ രണ്ടാമത്തെ പുസ്തകമായ ദ റീൻ ഓഫ് റിലീജിയൻ ഇൻ കണ്ടംപററി ഫിലോസഫി പൂർത്തിയാക്കുന്നത് 1920ല്‍. കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായിരിക്കെ ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ടയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിതമാകുന്നത്. 1929ലാണ് ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ അദ്ദേഹത്തിന് നിയമനം ലഭിക്കുന്നത്. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി.
പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.
1952ലാണ് സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ- അന്തർദ്ദേശീയ തലത്തില്‍ ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. 1962 മെയ് 13നാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേല്‍ക്കുന്നത്. അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു. ലോക തത്ത്വശാസ്ത്രശാഖക്ക് ലഭിച്ച അംഗീകാരം എന്നാണ് ബെർട്രാൻഡ് റസ്സൽ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്. 1962 കാലയളവില്‍ ചൈനീസ് അധിനിവേശ സമയത്ത് അടിയന്തരാവസ്ഥയില്‍ ഒപ്പുവച്ചതടക്കമുള്ള സംഭവങ്ങള്‍ ഡോ.എസ് രാധാകൃഷ്ണന്‍ എന്ന പേരിന് ചരിത്രത്തിന്‍റെ ഏടുകളില്‍ അടിവരയിട്ടു.
ഇന്ത്യയുടെ അദ്ധ്യാപക ദിനം
വരും തലമുറയ്ക്ക് അദ്ധ്യാപനത്തിന്റെ മഹത്വം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ 1994 ലാണ് ഒക്ടോബർ അഞ്ച് അന്താരാഷ്ട്ര അധ്യാപക ദിനമായി യുനെസ്കോ പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ രാജ്യങ്ങള്‍ വിവിധ തീയതികളില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ മെയ് മാസത്തിലെ ആദ്യത്തെ മുഴുവൻ ആഴ്ചയിലെ ചൊവ്വയാണ് ആഘോഷങ്ങള്‍ നടക്കുന്നതെങ്കില്‍, റഷ്യയില്‍ ഒക്ടോബര്‍ 5, സ്പെയിനില്‍ ജനുവരി 29, ചൈനയില്‍ സെപ്തംബര്‍ 10, അഫ്ഗാനിസ്ഥാനില്‍ ഒക്ടോബര്‍ 15, എന്നിങ്ങനെ വ്യത്യസ്ത ദിനങ്ങളിലായി പല ആശയങ്ങളുടെയും വ്യക്തികളുടെയും ഓര്‍മ്മകളില്‍ അദ്ധ്യാപകര്‍ക്കായി ഒരു ദിനം കൊണ്ടാടുന്നു.
ഇന്ത്യയില്‍ പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും ഒക്കെയായാണ് സ്കൂളുകളും സ്ഥാപനങ്ങളും അദ്ധ്യാപക ദിനം ആചരിക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തിയിരുന്നു. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധി മുഖേന ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍.
വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ-സംസ്ഥാന അവാർഡുകളുടെ പ്രഖ്യാപനവും അദ്ധ്യാപക ദിനത്തിലാണ് നടക്കുന്നത്. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകം തന്നെയാണ്.