അബുദാബി: യുഎഇയ്ക്ക് പുറമെ ഒരു അറബ് രാജ്യം കൂടി മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജെറാഡ് കുഷ്നര്‍ പറഞ്ഞു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 അറബ് രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാലാമൊതൊരു അറബ് രാഷ്ട്രം ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് കാണാൻ വർഷങ്ങളോ മാസങ്ങളോ എടുക്കുമോ എന്ന ചോദ്യത്തിന്, മാസങ്ങള്‍ക്കുള്ളില്‍ അത് പ്രതീക്ഷിക്കാമെന്നായിരുന്നു കുഷ്നറുടെ മറുപടി. 1978ൽ ഈജിപ്തും 1994ൽ ജോർദാനും 2020ൽ യുഎഇയുമാണ് ഇതുവരെ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള അറബ് രാജ്യങ്ങള്‍.
പരസ്പരം സംസാരിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വ്യാപാര ബന്ധവും അനുവദിക്കുമ്പോള്‍ മാത്രമേ മിഡില്‍ ഈസ്റ്റ് കൂടുതല്‍ ശക്തവും സ്ഥിരതയുള്ളതുമാകൂ.- കുഷ്നര്‍ കൂട്ടിച്ചേര്‍ത്തു.